പി. ജയചന്ദ്രനെ രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരിച്ചു
മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രന് അന്ത്യാഞ്ജലികൾ അർപ്പിച്ച് സംഗീത ലോകം. പി. ജയചന്ദ്രൻ്റെ ഭൗതിക ശരീരം പൂങ്കുന്നം ചക്കാമുക്ക് തൊട്ടേക്കാട് ലൈൻ തറവാട്ട് വീട്ടിലെത്തിച്ചു. മകൻ ദിനനാഥും സംഗീത നാടക അക്കാദമി അംഗങ്ങളും ആശുപത്രിയിൽ എത്തിയായിരുന്നു ശരീരം സ്വീകരിച്ചത്. സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ, സിനിമാ താരം ജയരാജ് വാര്യർ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
ഉച്ചക്ക് 12 മുതൽ മൃതദേഹം സംഗീത അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെക്കും.റീജിയണൽ തിയേറ്റർ ഹാളിലാണ് മൃതദേഹം പൊതുദർശനത്തിന് വയ്ക്കുക. മന്ത്രിമാരും ജില്ല കലക്ടറും അന്തിമോപചാരം അർപ്പിക്കാൻ സംഗീത നാടക അക്കാദമിയിൽ എത്തും.
പൊതുദർശനത്തിന് ശേഷം ശരീരം പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകും. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ 12 വരെ നോർത്ത് പറവൂർ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പാലിയത്ത് തറവാട്ട് വീട്ടിൽ സംസ്‌കരിക്കും.
പി. ജയചന്ദ്രനെ അനുസ്മരിച്ച് രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തി. മരിച്ച ജയചന്ദ്രനെ ഓര്‍ക്കുന്നതിനേക്കാള്‍ അനശ്വരനായ ജയചന്ദ്രനെ ഓര്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് കൈതപ്രം പ്രതികരിച്ചു. സൗന്ദര്യം തികഞ്ഞ മുഖവും സൗന്ദര്യം തികഞ്ഞ ഗാനങ്ങളും മലയാളിക്ക് എന്നെന്നും ഓര്‍ക്കാനുള്ളതാണെന്നും കൈതപ്രം പറഞ്ഞു. പാട്ടിന്റെ പാലാഴി തീർത്ത ഭാവഗായകനെയാണ് നഷ്ടമായതെന്ന് ജയരാജ് വാര്യർ അനുസ്മരിച്ചു.
ജയചന്ദ്രന് പകരം മറ്റൊരു ജയചന്ദ്രനില്ലെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പ്രസ്താവന. അദ്ദേഹത്തിന്റെ വിയോഗം നികത്താവാനാത്ത നഷ്ടമാണെന്നും മന്ത്രി അനുസ്മരിച്ചു. മലയാള ഗാനശാഖയെ സമ്പന്നമാക്കിയ ജയചന്ദ്രന്‍റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പ്രതികരിച്ചു.
വ്യക്തിപരമായ നഷ്ടമെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി പറഞ്ഞു. സഹോദരതുല്യമായ ബന്ധമായിരുന്നു. ജയചന്ദ്രൻ എന്നും സംഗീതത്തെയാണ് സ്നേഹിച്ചതെന്നും ശ്രീകുമാരൻ തമ്പി ഓർമിച്ചു. ഗായകൻ്റെ വിയോഗം വലിയ നഷ്ടമെന്ന് പറഞ്ഞ എം.കെ. സാനു, സംഗീത ലോകത്തെ ഏകാന്തപഥികനെന്നാണ് ജയചന്ദ്രനെ വിശേഷിപ്പിച്ചത്. വ്യക്തി വൈശിഷ്ട്യമുള്ള പാട്ടുകാരൻ. സൈഗാളിനെ പോലെ ജയചന്ദ്രന്റെ ഗാനങ്ങളും തന്റെ മനസ്സിൽ പ്രതിഫലിക്കുമെന്നും സാനു മാഷ് അനുസ്മരിച്ചു.