കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനറും കോൺഗ്രസ് നേതാവുമായിരുന്ന പി. സരിൻ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടി വിട്ടതും എൽഡിഎഫ് സ്വതന്ത്രനായി പാലക്കാട് സ്ഥാനാർഥിയായതുമൊക്കെയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം
ആദ്യം തന്നെ, ഒരു കഥ സൊല്ലട്ടുമാ...
ഒരിടത്തൊരിടത്ത് ഒരു പാർട്ടി. ആ പാർട്ടിക്ക് ഒരു സോഷ്യൽ മീഡിയ ഹാൻഡിൽ ഉണ്ടായിരുന്നു. ആ ഹാൻഡിലിനെ ഹാൻഡിൽ ചെയ്യാൻ ഒരു ചീഫ് കമാൻഡിങ് ഓഫീസറും ഉണ്ടായിരുന്നു. വിദ്യാസമ്പന്നനും യുവരക്തവുമായ ആ കമാൻഡർ പാർട്ടിയുടെ പേജ് കാക്കുന്ന പോലെ തന്റെ പേജും പൊന്നു പോലെ കാത്തു പോന്നിരുന്നു. അപ്പോഴായിരുന്നു പെട്ടന്ന് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഒരു തവണ ചാൻസ് കൊടുത്ത് പൊട്ടിപ്പോയ ആ കമാൻഡർ ഒരു വിളിക്കായി കാത്തിരുന്നു. ദിവസങ്ങൾ കടന്നു പോയി. ആരും വിളിച്ചില്ല. അപ്പോഴായിരുന്നു, അയാളുടെ ഹൃദയം തകർത്തുകൊണ്ട് ആ വാർത്ത അന്തരീക്ഷത്തിൽ നിന്നും പൊട്ടി പുറപ്പെട്ടത്. യെസ്, ഉപതെരഞ്ഞെടുപ്പിൽ അയാൾക്ക് പകരം മറ്റൊരാളെ നിർത്തി പാർട്ടി കരുത്ത് കാട്ടിയിരിക്കുന്നു.
നമ്മുടെ കമാൻഡർ വെറുതെയിരുന്നില്ല. പാർട്ടിയിൽ ശുദ്ധി കലശം നടത്താനാണ് എന്നൊക്കെ പറഞ്ഞ് ആദ്യം വന്നു. പിന്നെ കഥയുടെ മട്ട് അങ്ങ് മാറി. ഒരു ബോംബ്, രണ്ട് ബോംബ്, മൂന്ന് ബോംബ്.. ചറപറാ ബോംബ്... അവസാനം എതിർ ചേരിയിലേക്ക് ചേക്കേറാൻ നിർബന്ധിതനുമായി. പക്ഷെ, അവിടെയാണ് ദി റിയൽ ട്വിസ്റ്റ് സംഭവിച്ചത്. ആ കമാൻഡർ ചെന്നു കയറിയത്, ഇത്രയും കാലം തന്റേയും തന്റെ പാർട്ടിയുടേയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കുറ്റം പറഞ്ഞു കൊണ്ടേയിരുന്ന സ്ഥലത്തേക്കായിരുന്നു. എല്ലാം എല്ലാവരും പെട്ടന്ന് മറന്നു. പക്ഷെ, സോഷ്യൽ മീഡിയ ഒന്നും മറന്നില്ല. 'ഒന്നും മറക്കില്ല രാമാ.. ഈ സോഷ്യൽ മീഡിയ..'
കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനറും കോൺഗ്രസ് നേതാവുമായിരുന്ന പി. സരിൻ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടി വിട്ടതും എൽഡിഎഫ് സ്വതന്ത്രനായി പാലക്കാട് സ്ഥാനാർഥിയായതുമൊക്കെയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. എന്നാൽ, സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്ത രാഷ്ട്രീയ നിലപാടുകളെക്കുറിച്ചാണ്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെക്കുറിച്ചും തന്നേക്കൊണ്ട് ആകുംവിധമെല്ലാം ഇന്റലക്ച്വലി ട്രോളിയ ശേഷമാണ് സരിന്റെ ഇടത് കൂടുമാറ്റം. അപ്പോൾ ഏവരും കരുതുക, മാസങ്ങൾക്ക് മുമ്പ് നടത്തിയതാവും എന്നാണെങ്കിൽ, അവിടെയും ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് 20 ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവച്ച ഒരു പോസ്റ്റാണ്.
പി.വി. അൻവറുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചതിന് ശേഷം പി.വി. അൻവർ സിപിഎം വിട്ടു, പിണറായി വിജയൻ ആർഎസ്എസിൽ തുടരും എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. പോകുന്നതോ പോയി, എങ്കിൽ ആ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിന് ശേഷം പൊയ്ക്കൂടേ എന്നാണ് ഉയർന്നുവരുന്ന പ്രധാന കമന്റ്. സത്യങ്ങൾ മറച്ചുവെക്കാനുള്ളതല്ല, വെട്ടിത്തുറന്ന് പറയാനുള്ളതാണ്. ശേഷം അതേ സത്യങ്ങളെ നുണയാക്കി മാറ്റാനുള്ള കഴിവുണ്ടാകണം എന്ന് മാത്രം. യെസ്, ഒരു ടൈം ട്രാവൽ അത്യന്താപേക്ഷിതമാണ്.
മറ്റൊരു പോസ്റ്റ്, കേരള സർക്കാർ കൊള്ളയടിക്കുകയാണ് എന്ന ധ്വനി വരുന്ന ഒരു ട്രോളിന്റെ രൂപത്തിലാണ്. കേരള സർക്കാരിന്റെ ലോഗോ ഹൈലൈറ്റ് ചെയ്തുകൊണ്ടായിരുന്നു ആ പോസ്റ്റ്. ഇറങ്ങി പോകുമ്പോൾ ആ ആനയെയെങ്കിലും ബാക്കി വെക്കണം എന്നായിരുന്നു പി. സരിൻ അതിൽ കാവ്യാത്മകമായി തങ്ക ലിപികളിൽ കുറിച്ചിട്ടത്. ദീർഘ വീക്ഷണമാണല്ലോ അദ്ദേഹത്തിന്‍റെ മെയിന്‍. ഇനിയിപ്പൊ ആ ആനയില്‍ കയറി ഊര് ചുറ്റാം, വോട്ട് ചോദിക്കാം, അതിന് ചുവപ്പ് നെറ്റിപ്പട്ടം ചുറ്റാം. എന്തൊക്കെ ദീര്‍ഘ വീക്ഷണങ്ങളാണെന്നേ..
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായതിന് പിന്നാലെയാണ് സരിന്‍ പരസ്യ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ആദ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, വി.ഡി. സതീശന്‍ കോണ്‍ഗ്രസില്‍ നടപ്പിലാക്കുന്ന ഏകാധിപത്യ സ്വഭാവത്തെക്കുറിച്ചും മൃതു ഹിന്ദുത്വ നിലപാടുകളെക്കുറിച്ചുമാണ്. ഇപ്പോള്‍ ഷാഫി പറമ്പിലിന് പകരക്കാരനായി പാലക്കാട് മത്സരിക്കാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലോ, കുട്ടി സതീശനും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്ത് ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതൊക്കെ പറയാനും ആരോപണങ്ങള്‍ ഉന്നയിക്കാനുമെല്ലാം അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷെ, ഈ കുട്ടി സതീശനെ ഒരു ആഴ്ച മുമ്പ് വരെ സരിന്‍ അഭിസംബോധന ചെയ്തിരുന്നത് കണ്ടാലാണ് കോമഡി. 'സമരനായകന്‍'.
പി. സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സോഷ്യൽ മീഡിയക്ക് പക്ഷെ മാറ്റങ്ങളെക്കുറിച്ച് മാത്രമല്ല, മാറ്റമില്ലാത്ത പോസ്റ്റുകളെക്കുറിച്ചും ചർച്ച ചെയ്യാനുണ്ട്. ഇത്രയും കുറ്റം പറഞ്ഞ സിപിഎമ്മിനൊപ്പം തോളോട് തോള്‍ ചേർന്ന് പ്രവർത്തിക്കാനും വെടിയുണ്ടകൾക്ക് മുന്നിൽ വിരിമാറ് കാണിച്ച് കൊടുക്കാനുമെല്ലാം സരിന് എങ്ങനെ സാധിക്കും? ഇത്രയും കാലം സരിന്റെ പുച്ഛവും തെറിവിളികളും കേട്ടുകൊണ്ട് തിരിച്ച് കൗണ്ടർ അടിച്ചവർ അദ്ദേഹത്തിന് വേണ്ടി തന്നെ എങ്ങനെ വര്‍ക്ക് ചെയ്യും..? ഇനി ഈ പോസ്റ്റുകളും ട്രോളുകളുമെല്ലാം പാവം ഐഎഎസുകാരനായ ഡോക്ടർ എവിടെ കൊണ്ടുവെക്കും.? സിപിഎം പാർട്ടി ഓഫീസിൽ അതിനും മാത്രം സ്ഥലമുണ്ടാകുമായിരിക്കും.
അതെ, കാലം മാറുമ്പോൾ കോലം മാറാം. പക്ഷെ, സോഷ്യല്‍ മീഡിയ മാറില്ല.. അതിലെ പോസ്റ്റുകളും (ഡിലീറ്റ് ചെയ്യുന്നത് വരെ).