യുവ നേതാക്കളുടെ പാർട്ടി വിടലാണ് ഇടതു-വലതു മുന്നണികളെ വലയ്ക്കുന്നതെങ്കില്‍ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് ബിജെപിയുടെ തലവേദന
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂട് കൂടുംതോറും മുന്നണികളില്‍ അസ്വാരസ്യങ്ങളും പൊട്ടിത്തെറിയും. അപ്രതീക്ഷിതമായ പുതിയ പ്രശ്നങ്ങളെയാണ് ദിവസവും മുന്നണികള്‍ക്ക് നേരിടേണ്ടി വരുന്നത്. യുവ നേതാക്കളുടെ പാർട്ടി വിടലാണ് ഇടതു-വലതു മുന്നണികളെ വലയ്ക്കുന്നതെങ്കില്‍ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് ബിജെപിയുടെ തലവേദന.
പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയിലൂടെയാണ് ഇന്ന് പ്രചരണംരംഗം ഉണർന്നത്. സിപിഎം ഏരിയ കമ്മറ്റി അംഗം ഷുക്കൂർ കോൺഗ്രസിലേക്ക് കൂടുമാറാന്‍ തീരുമാനിച്ചു. ഏരിയ സെക്രട്ടറിയുമായുള്ള ഭിന്നതയാണ് പാർട്ടി വിടാനുള്ള കാരണമായി ഷുക്കൂർ പറഞ്ഞത്. കോൺഗ്രസ് പ്രാദേശിക നേതാവ് ഷുക്കൂറിൻ്റെ വീട്ടിൽ എത്തി ചർച്ച നടത്തി. കോൺഗ്രസ് പ്രാദേശിക നേതാവ് സദ്ദാം ഹുസൈനൊപ്പമുള്ള ഷുക്കൂറിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. തന്‍റെ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിലൂടെയും പരോക്ഷമായി പാർട്ടിക്കെതിരെ പോരിനിറങ്ങിയിരിക്കുകയാണ് ഷുക്കൂർ.
അതേസമയം, സിപിഎം വിട്ട അബ്ദുൾ ഷുക്കൂർ കോൺഗ്രസിനെ സമീപിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ പ്രതികരിച്ചു. ഷുക്കൂർ സമീപിച്ചാൽ കോൺഗ്രസ് പ്രവേശം ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വം ചർച്ചയ്ക്ക് നിർദ്ദേശം നൽകിയിട്ടില്ല. ഷാനിബ് മത്സരിക്കുന്നത് കോൺഗ്രസിന് തലവേദനയുണ്ടാക്കില്ല. ഷാനിബ് പാർട്ടിയിൽ നിന്ന് വേണമായിരുന്നു അഭിപ്രായ വ്യത്യാസങ്ങൾ പറയാനെന്നും, പാർട്ടി വിട്ടയാൾക്ക് എന്തും പറയാമെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു.
"തോല്‍വിക്ക് കാരണം പലതുമാകാം, പക്ഷേ ഇവരുടെ മുന്നില്‍ ന്യൂനപക്ഷങ്ങളാണ് കുറ്റക്കാർ. എന്നും അടിച്ചമർത്തപ്പെടുന്നവരാണ് ന്യൂനപക്ഷങ്ങള്‍. ഞാന്‍ വെറുമൊരു ന്യൂനപക്ഷം", എന്നായിരുന്നു ഷുക്കൂറിന്‍റെ ഇന്നത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്.
പാലക്കാട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വൈകിട്ട് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. സിപിഎം , സിപിഐ സംസ്ഥാന സെക്രട്ടറിമാർ, എല്‍ഡിഎഫ് കൺവീനർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ ഇന്ന് ഇടതു സ്ഥാനാർഥി പി.സരിന് വേണ്ടി പ്രചരണത്തിനെത്തും. പാലക്കാട് പാർട്ടിക്കുളളിലെ പ്രശ്നങ്ങള്‍ നേതാക്കള്‍ ഏതുവിധത്തിലാണ് അഭിസംബോധന ചെയ്യുക എന്നതിന് അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ പ്രചരണം വികസിക്കുക. എന്നാല്‍, പാർട്ടിക്കുള്ളിലെ ഭിന്നതകള്‍ മുറുകുന്നതിനിടയില്‍ മത സാമുദായിക നേതാക്കളുമായി ചർച്ചയിലാണ് ഇടതു സ്ഥാനാർഥി പി. സരിന്‍. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സരിന്‍ സന്ദർശിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുമായി ചർച്ച നടത്തി പിന്തുണ ഉറപ്പിക്കും.
അതിനിടെ കോൺഗ്രസിന് തലവേദനയായി പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ഇന്ന് പത്രിക സമർപ്പിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്ന് ഷാനിബ് അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാൻ തന്നെയാണ് ഇപ്പോഴുള്ള തീരുമാനം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമായി ചർച്ചകൾക്ക് തയ്യാറാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും ഷാനിബ് പറഞ്ഞു.
Also Read: എഡിഎമ്മിൻ്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിയുടെ മുന്നിൽ, ടി.വി. പ്രശാന്തന് കുരുക്കുമുറുക്കി ആരോഗ്യ വകുപ്പ്
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് പി. സരിൻ പുറത്തുപോയതിനു പിന്നാലെയാണ് ഷാനിബും കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. പാർട്ടിക്കുള്ളിലെ ചെറു പ്രാണികൾ പുറത്തുപോയാൽ വോട്ട് വിഹിതത്തെ ബാധിക്കില്ലെന്നായിരുന്നു ഇതില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ്റെ പ്രതികരണം. അമർഷം കടിച്ചമർത്തി നിരവധിപേരാണ് കോൺഗ്രസിനുള്ളിലുള്ളതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തിയേക്കാമെന്നും സരിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഷാനിബിന്‍റെ പുറത്തുപോക്ക്. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് ഷാനിബും സൂചിപ്പിച്ചു. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്ക് വോട്ട് വിഹിതത്തെ ബാധിക്കില്ലെന്ന് സുധാകരന്‍ പറയമ്പോഴും തെരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള ഈ പ്രവണത മുന്നണിയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്നതല്ല.
അതേസമയം, പാലക്കാട് ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തില്‍ ശോഭാ സുരേന്ദ്രന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളെ സി.കൃഷ്ണകുമാർ നിഷേധിച്ചു. ശോഭ സുരേന്ദ്രൻ പാലക്കാട്ട് പ്രചാരണത്തിനെത്തുമെന്നും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാംപ് ചെയ്യുമെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇടതു വലതു മുന്നണികളിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷമുണ്ടായ ആശയക്കുഴപ്പങ്ങളില്‍ ബിജെപി സ്ഥാനാർഥി പ്രതികരണം അറിയിച്ചു. മണ്ഡലത്തില്‍ ഇൻഡി സഖ്യത്തിന് ഒരു സ്ഥാനാർഥിയെ നിർത്തുന്നതാണ് നല്ലത്. ഷാനിബിൻ്റെ കാല് പിടിക്കാതെ ഒറ്റ സ്ഥാനാർഥി മത്സരിക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു. അത് ആര് എന്ന കാര്യം അവർ തീരുമാനിക്കട്ടെയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Also Read: "100 കോടി വാഗ്ദാനം നൽകി, എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു"; തോമസ് കെ. തോമസിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി
പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനെ തുടർന്നുണ്ടായ ഭിന്നത രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിന് ആർഎസ്എസ് നേതൃത്വം രംഗത്തിറങ്ങിയിരുന്നു. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ കൗൺസിലർമാർ ഉൾപ്പടെയുള്ള ശോഭാ സുരേന്ദ്രൻ പക്ഷം വിട്ടുനിന്നത് നേതൃത്വം ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. ഭിന്നിച്ചു നിൽക്കുന്നവരെ ആർഎസ്എസ് നേതാക്കൾ വിളിച്ചു വരുത്തി സമവായത്തിന് ശ്രമിച്ചിരുന്നു. ശോഭ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചെങ്കില്‍ മാത്രമേ ഈ സമവായ ശ്രമങ്ങള്‍ ഫലം കണ്ടോ എന്ന് പറയാന്‍ സാധിക്കൂ.