പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മൂന്ന് മുന്നണികളും അതീവ ആവേശത്തിൽ തന്നെയായിരുന്നു
പാലക്കാടൻ തെരഞ്ഞെടുപ്പിൻ്റെ ആവേശം ഇരട്ടിയാക്കി കൊട്ടിക്കലാശം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മൂന്ന് മുന്നണികളും അതീവ ആവേശത്തിൽ തന്നെയായിരുന്നു. മൂന്ന് മുന്നണികളുടെയും പ്രവർത്തകരും നേതാക്കൻമാരും നടത്തിയ റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും ശേഷം തെരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറിയപ്പോൾ ജനക്കൂട്ടം അത്യാവേശത്തിലായിരുന്നു.
ഒരു മാസത്തിലേറെ നീണ്ട ആവേശ പ്രചാരണത്തിനാണ് പാലക്കാട് ഇന്ന് കൊടിയിറങ്ങിയത്. നിയമസഭ മണ്ഡലം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ശക്തി പ്രകടനമായിരുന്നു ഇത്തവണ മൂന്ന് മുന്നണികളും പാലക്കാട് നടത്തിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇനി ബുധനാഴ്ചത്തെ വോട്ടെടുപ്പ് വരെ നിശബ്ദ പ്രചാരണമായിരിക്കും നടക്കുക.
യുഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ ഇത്തവണ പോരാട്ടം കടുപ്പമാണെന്നതിൽ സംശയമില്ല. കൈ മെയ് മറന്നുള്ള പ്രചാരണത്തിനൊടുവിൽ ഒലവക്കോട് നിന്നായിരുന്നു കോൺഗ്രസ് കൊട്ടിക്കലാശ ജാഥ ആരംഭിച്ചത്. തുടക്കം മുതൽ രാഹുലിൻ്റെ പ്രചാരണം മുന്നിൽ നിന്ന് നയിച്ച ഷാഫി പറമ്പിൽ പ്രവർത്തകരുടെ ആവേശത്തിനൊപ്പം ചേർന്നു. പ്രചരണ വാഹനത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനെത്തിയത് ആവേശം ഇരട്ടിയാക്കി.
ALSO READ: കൊടുമുടി കയറി ആവേശം; പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം
യൂത്ത് ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങളും, പി.കെ. ഫിറോസും ഉൾപ്പടെ യുവ നേതാക്കൾ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. പി.സി. വിഷ്ണുനാഥ് ഉൾപ്പടെ യുവനേതാക്കളും ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരും, നടൻ രമേശ് പിഷാരടിയും കൂടി എത്തിയതോടെ കോൺഗ്രസിൻ്റെ ആവേശം അത്യുന്നതിയിലെത്തി. ഇക്കുറിയും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ് ക്യാമ്പുകൾ.
എസ്‌എഫ്ഐ പിടിച്ചെടുത്ത വിക്ടോറിയ കോളേജ് പരിസരത്തു നിന്നും മന്ത്രി എം.ബി. രാജേഷ് ഉൾപ്പടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു എൽഡിഎഫിന്റെ കൊട്ടിക്കലാശം. സരിന്റെ ചിത്രങ്ങളും, ബലൂണുകളും, കലാരൂപങ്ങളും അണിയിച്ചൊരുക്കി ഒരിഞ്ച് വിട്ടുകൊടുക്കാതെ തന്നെയായിരുന്നു ഇടതുമുന്നണിയുടെ പ്രകടനം. പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയെഴുതുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി കൊട്ടിക്കലാശത്തിലേക്ക് ഇറങ്ങിയത്.
ബിജെപിയാവട്ടെ സി. കൃഷ്ണകുമാറിനൊപ്പം ശോഭ സുരന്ദ്രനെ റോഡ് ഷോയിൽ മുന്നിൽ അണിനിരത്തിയാണ് കൊട്ടിക്കലാശത്തിൽ കൊട്ടിക്കയറിയത്. പച്ചയും ഓറഞ്ചും കലർന്ന ബലൂണുകൾക്കിടയിലൂടെ പാട്ടും നൃത്തവുമായി പ്രവർത്തകർ തെരുവിലിറങ്ങി. പ്രവർത്തകരുടെ ആവേശപ്രകടനങ്ങളിൽ കെ. സുരേന്ദ്രനും പങ്കാളിയായി. ഏറ്റവുമൊടുവിൽ സി. കൃഷ്ണകുമാറും പി. സരിനും ക്രെയിനിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്തതോടെയാണ് ആവേശപ്പൂരത്തിന് കൊടിയിറങ്ങിയത്.
ALSO READ: രഥോത്സവത്തിൻ്റെ നാട്ടിലെ രാഷ്ട്രീയത്തേരിലേക്ക് ആര്?
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിരന്തര വിവാദങ്ങൾ നിറഞ്ഞായിരുന്നു ഇത്തവണത്തെ പാലക്കാടൻ തെരഞ്ഞെടുപ്പ് പ്രചരണം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായതോടെ, കോൺഗ്രസ് മീഡിയ സെൽ തലവനായിരുന്ന ഡോ. പി.സരിൻ പാർട്ടി വിട്ട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ രാഷ്ട്രീയ നാടകങ്ങൾക്ക് വരെ പാലക്കാട് സാക്ഷിയായി. സ്ഥാനാർഥിത്വത്തിൻ്റെ പേരിലുടലെടുത്ത ചേരിപ്പോര് ഇരുമുന്നണികളിലും പല തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ബിജെപിയുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവുമെന്ന വാർത്തകളെ അസാധുവാക്കിക്കൊണ്ടായിരുന്നു സി. കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത എൻട്രി. പിന്നാലെ പാർട്ടിയിലുണ്ടായ പിണക്കങ്ങൾ, സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചു.
നീല ട്രോളി ബാഗ് വിവാദം, കൊടകര കുഴല്‍പ്പണക്കേസ് ഇങ്ങനെ നീളുന്നു പാലക്കാട്ടെ വിവാദങ്ങളുടെ നിര. ആവേശകരമായ കൊട്ടിക്കലാശത്തോടെ പൂർണ ആത്മവിശ്വാസത്തോടെ സ്ഥാനാർഥികളെല്ലാം പരസ്യപ്രചരണം അവസാനിപ്പിച്ചിരിക്കുകയാണ്. പാലക്കാട്ടെ ജനങ്ങൾ നവംബർ 20ന് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ജനമനസ്സിൽ എന്താണെന്നറിയാൻ ഇനി നവംബര്‍ 23 വരെ കാത്തിരിക്കാം.