സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ചെന്താമര.
അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ആഘാതം വിട്ടൊഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് അതേ പ്രതി വീണ്ടും എത്തി കുടുംബത്തിലെ രണ്ട് പേരെ കൂടി വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയില്‍ അമ്മയേയും മകനേയും ജാമ്യത്തിലിറങ്ങിയ പ്രതി വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് കുടുബം.
നെന്മാറ പോത്തുണ്ടി തിരുത്തന്‍പാടം സ്വദേശി ചെന്താമരയാണ് ഇന്ന് രാവിലെ അയല്‍വാസികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ചെന്താമര. പകയാണ് വര്‍ഷങ്ങളായി തുടരുന്ന വേട്ടയാടലിന് കാരണമെന്ന് കുടുംബം പറയുന്നു.
ചെന്താമരയുടെ ഭീഷണിയെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. ഡിസംബര്‍ 29 നാണ് കുടുംബം പരാതി നല്‍കിയത്. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ രണ്ട് കൊലപാതകങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കുടുംബം പറയുന്നു.
Also Read: പാലക്കാട് ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും അയൽവാസി വെട്ടിക്കൊന്നു
കൊന്നിട്ടും തീരാത്ത പക
അഞ്ച് വര്‍ഷം മുമ്പാണ് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്നത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യയും താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന ധാരണയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയും ചെന്താമരയുടെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.
2019 ലാണ് ചെന്താമര സജിതയെ വെട്ടിക്കൊന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പുറകുവശത്തു കൂടി വീടിനുള്ളില്‍ കയറി അരുംകൊല നടത്തുകയായിരുന്നു. കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞഇരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് പരോളില്‍ പുറത്തിറങ്ങിയത്. സജിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. പുറത്തിറങ്ങിയ പ്രതി വീണ്ടും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാര്‍ക്കും സുധാകരന്റെ കുടുംബത്തിനും ഉണ്ടായിരുന്നു.
തുടര്‍ന്നാണ് ഡിസംബര്‍ 29 ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാരും കുടുംബവും പറയുന്നു.
വീണ്ടും അരുംകൊല
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാരകനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരണപ്പെട്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.