ഇതോടെ കലോത്സവത്തിൽ പട്ടാമ്പി എടപ്പലം സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെൻറ് ജനത ഹയർസെക്കണ്ടറി സ്കൂളിന് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു
പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫലപ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. നടുവട്ടം ഗവൺമെൻ്റ് ജനത ഹയർസെക്കണ്ടറി സ്കൂളിലെ മത്സരാർഥിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി തെളിഞ്ഞത്. ഇതോടെ കലോത്സവത്തിൽ പട്ടാമ്പി എടപ്പലം സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെൻറ് ജനത ഹയർസെക്കണ്ടറി സ്കൂളിന് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
പട്ടാമ്പി സബ്‌ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഫല പ്രഖ്യാപനത്തിലാണ് അട്ടിമറി നടന്നതായി കണ്ടെത്തിയത്. ഹയർ സെക്കണ്ടറി വിഭാഗം മത്സര ഫലത്തിലാണ് അട്ടിമറി. കലോത്സവത്തിൽ എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂളായിരുന്നു ഓവറോൾ കപ്പ് നേടിയത്. ഓഫ് സ്റ്റേജ് മത്സരഫലങ്ങളിൽ സംശയം തോന്നിയ രക്ഷിതാവ് വിവരാവകാശ പ്രകാരം വിധി പകർപ്പും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഗ്രേഡുകളും പരിശോധിച്ചപ്പോൾ അട്ടിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു.
ഓഫ് സ്റ്റേജ് മത്സരങ്ങളിൽ വിദ്യാർഥികൾക്ക് വിധികർത്താക്കൾ നൽകിയ ഗ്രേഡുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയുന്ന സമയത്ത് തിരുത്തി. ഇത്തരത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ എത്തുമ്പോൾ ബോധപൂർവമായി ബി ഗ്രേഡിലേക്ക് തിരുത്തിയെന്നായിരുന്നു കണ്ടെത്തൽ. ഇതേതുടർന്ന് രക്ഷിതാവ് രേഖകൾ സഹിതം പട്ടാമ്പി എഇഒയ്ക്ക് പരാതി നൽകുകയായിരുന്നു.
ഇതോടെ എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കിയ ഹയർസെക്കണ്ടറി വിഭാഗം ഓവറോൾ കപ്പ് നടുവട്ടം ജനത സ്കൂളിന് കൈമാറാൻ തീരുമാനമായി. പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് കപ്പ് നടുവട്ടം സ്കൂളിന് നൽകാൻ തീരുമാനിച്ചത്.