14 ദിവസത്തേക്കാണ് പി.സി. ജോർജിനെ റിമാൻഡ് ചെയ്തത്
മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് പി.സി. ജോർജിനെ റിമാൻഡ് ചെയ്തത്. പി.സി. ജോർജിൻ്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട കോടതി തള്ളുകയായിരുന്നു. രാവിലെ ജോർജിനെ വൈകീട്ട് വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പോലീസ് കസ്റ്റഡി പൂർത്തിയായ ശേഷം ജയിലിലേക്ക് മാറ്റും. ഈരാറ്റുപേട്ട കോടതി മജിസ്ട്രേറ്റിൻ്റേതായിരുന്നു നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം പി.സി. ജോർജിനെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പി.സി. ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
രാവിലെ 11 മണിയോടെ അഭിഭാഷകനൊപ്പം ഈരാറ്റുപേട്ട കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. പി.സി. ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാവ് കീഴടങ്ങിയത്. പി.സി ജോർജ് ഇന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകും എന്നാണ് മകൻ ഷോൺ ജോർജ് നേരത്തെ അറിയിച്ചിരുന്നത്.
ALSO READ: "ന്യായമായ സമരം"; ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷൻ
ഈരാറ്റുപേട്ട പൊലീസാണ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മുസ്ലീം മതവിഭാഗത്തെ ആക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നായിരുന്നു പി.സി. ജോർജിനെതിരായ പരാതി. തൊടുപുഴ മുസ്ലീം ലീഗ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ ഹൈക്കോടതി പി.സി. ജോർജിൻ്റെ ജാമ്യം നിഷേധിച്ചിരുന്നു. കോട്ടയം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. 33 വർഷം എംഎൽഎ ആയിരുന്ന ആളിൽ നിന്നുണ്ടായത് മോശം സമീപനമാണെന്ന് നിരീക്ഷിച്ചായിരുന്നു സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്.
2024 ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിൽ, ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്താനിലേക്ക് പോകണം എന്നും പറഞ്ഞിരുന്നു. മുസ്ലീങ്ങൾ ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നു. ഈരാറ്റുപേട്ടയിൽ മുസ്ലീം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത് എന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. പ്രസ്താവന വലിയ വിവാദമായതോടെ യൂത്ത് ലീഗ് പരാതി നൽകുകയായിരുന്നു.