75,000 വിദ്യാർഥികളുടെ ഫോൺ നമ്പറുൾപ്പെടെയുള്ള വിവരങ്ങളാണ് റാക്കറ്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്
കേരളത്തിലെ പ്ലസ്‌ടു വിദ്യാർഥികളുടേയും, ബിരുദ വിദ്യാർഥികളുടേയും സ്വകാര്യ വിവരങ്ങൾ വിൽപ്പനയ്ക്ക്. 75,000 വിദ്യാർഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് റാക്കറ്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെയാണ് ഇത്തരം വിവരങ്ങൾ വിൽപ്പനയ്ക്ക് എന്ന അറിയിപ്പ് പങ്കുവെക്കുന്നത്.
"നിങ്ങളുടെ ബിസിനസ് ആവശ്യത്തിന് അനുസരിച്ച് ടാർഗറ്റ് ഓഡിയൻസിൻ്റെ ഡാറ്റാ ബേസ്, 2025ൽ പാസൗട്ടാകുന്ന പ്ലസ്‌ടു വിദ്യാർഥികളുടെ വിവരങ്ങൾ നൽകാം. കേരളത്തിലുടനീളമുള്ള ഡിഗ്രി വിദ്യാർഥികളുടേയും വിവരങ്ങളുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ വേണമെങ്കിൽ അങ്ങനെ നൽകാം" വിവര ശേഖരണത്തിന് പിന്നിലുള്ള ആൾ വെളിപ്പെടുത്തി.
ALSO READ: കേരളത്തിൽ ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഫോൺ നമ്പർ, പഠന വിഷയം എന്നിവയാണ് പ്രധാനമായും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ, എന്നീ ജില്ലകളിലെ സർക്കാർ എയ്‌ഡഡ് സ്കൂളിലെ 28,000ത്തോളം വിദ്യാർഥികളുടെ വിവരങ്ങളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇടുക്കി, കാസർഗോഡ് ജില്ലകളൊഴികെ, 12 ജില്ലകളിൽ നിന്നുള്ള 70,000 കുട്ടികളുടെ വ്യക്തിവിവരങ്ങൾ 4,999 രൂപ കൊടുത്താൽ കിട്ടും. ഇതൊക്കെ കേരളാ സിലബസ് വിവരങ്ങൾ മാത്രമാണ്. ആകെ 13,000ത്തിലധികം കുട്ടികളുടെ വിവരങ്ങൾ ലഭ്യമാണ്.
സ്കൂളുകൾ അനുസരിച്ചാണ് വിവരങ്ങൾ ഉണ്ടാകുക എന്നും, വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങളെടുക്കുന്നതെന്നും ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നയാൾ പറഞ്ഞു. ആവശ്യം അംഗീകരിച്ചാൽ ഉടൻ തന്നെ ക്യൂ ആർ കോഡ് അയക്കും. പണം അയച്ചതിന് പിന്നാലെ 30 മിനിറ്റിനകം വിവരങ്ങൾ അയക്കാമെന്ന മറുപടിയാണ് വന്നത്. പെൺകുട്ടികളുടെ വിവരങ്ങൾ തേടുന്നവരും, എഡ്യുക്കേഷൻ കൺസൽട്ടൻസി കമ്പനികളുമാണ് ഇത്തരം വിവര ദാതാക്കളുടെ ഗുണഭോക്താക്കളാകുന്നത്.