77,026 ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്
ശബരിമലയിൽ വൻ തീർഥാടക തിരക്ക്. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ ഇന്നലെയാണ് എത്തിയത്. 77,026 ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. ഏറ്റവും കൂടുതൽ സ്പോട്ട് ബുക്കിങ് നടന്നതും ഇന്നലെയാണ്. 9254 പേർ ഇന്നലെ സ്പോട്ട് ബുക്കിങിലൂടെ ദർശനം നടത്തി. ആദ്യ ഏഴ് ദിനം 4,51,097 തീർഥാടകരാണ് ദർശനം നടത്തിയത്.
ഏഴ് ദിവസത്തെ തീർഥാടകരുടെ കണക്ക് വിവരം:
15.11.24 - 30,657
16.11.24 - 72,656
17.11.24 - 67,272
18.11.24 - 75,959
19.11.24 - 64,484
20.11.24 - 63,043
21.11.24 - 77,026
സന്നിധാനത്തെ തിരക്ക് അധികം ആയാല്‍ അത് ക്രമീകരിക്കുന്നതിനും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനുമുള്ള സജ്ജീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പതിനെട്ടാം പടി വഴി ഒരു മിനുറ്റില്‍ കടത്തിവിടുന്ന ഭക്തജനങ്ങളുടെ എണ്ണം വർധിപ്പിച്ചു. നേരത്തെ ശരാശരി 65 തീർഥാടകരെയാണ് ഒരു മിനുറ്റില്‍ കടത്തിവിട്ടിരുന്നതെങ്കില്‍ ഇക്കുറി അത് 85 ആയി ഉയർത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പതിനെട്ടാംപടിയില്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 20 മിനുറ്റായിരുന്നു ഒരു ഷിഫ്റ്റിന്‍റെ ദൈർഘ്യം. അത് 15 മിനുറ്റായി കുറച്ചു.
സന്നിധാനവും മണ്ഡലകാലത്തെ തീർഥാടന പ്രവാഹത്തിനു സജ്ജമാണ്. പ്രസാദ വിതരണത്തിന് അരവണ ടിന്നുകള്‍ ആവശ്യത്തിലധികം ഉണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. നാല് കോടി അരവണ ടിന്നുകള്‍ കരുതലായി ദേവസ്വം ബോർഡിന്‍റെ പക്കലുണ്ട്. ഒന്നരലക്ഷത്തോളം കവറുകളില്‍ അപ്പവും അധികമായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
അതേസമയം, ശബരിമലയില്‍ പഴക്കം ചെന്ന ഉണ്ണിയപ്പം വിതരണം ചെയ്‌തത് ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിരീക്ഷണം. തിങ്കളാഴ്ച ഈ വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. മഴയും ഈർപ്പവും കാരണമായിരിക്കാം ഉണ്ണിയപ്പത്തിനു പൂപ്പല്‍ പിടിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു.
ALSO READ: മണ്ഡലകാല സർവീസിനായി കൂടുതൽ കെഎസ്ആർടിസി ബസുകൾ; രണ്ടുഘട്ടമായി 933 ബസുകൾ