ആയിരം മിസൈലുകള്‍കൊണ്ട് സാധിക്കാത്തത്ര വലിയ ആഘാതമാണ് ഇപ്പോള്‍ ഡീപ് സീക് ഉണ്ടാക്കിയിരിക്കുന്നത്. ഇതു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് നിരോധനം കൊണ്ടാണെങ്കില്‍ സങ്കടകരം എന്നേ പറയേണ്ടു
കണ്ണുതുറക്കുന്ന വേഗത്തില്‍ ലോകം മാറുകയാണ്. ഇതുവരെ കരുതിയിരുന്നത് ചാറ്റ് ജിപിറ്റിയും അതിനുള്ള ചിപ്പ് നിര്‍മിക്കുന്ന എന്‍വിഡിയയുമാണ് ലോകത്തെ അടുത്ത പതിറ്റാണ്ടിലേക്കു നയിക്കുക എന്നായിരുന്നു. എന്നാല്‍ ചൈനയുടെ ഡീപ് സീക് ഇപ്പോള്‍ നടത്തിയ അട്ടിമറിയില്‍ ആദ്യം ഉലഞ്ഞത് എന്‍വിഡിയയാണ്. ആപ്പിളും മൈക്രോസോഫ്റ്റും മുതല്‍ ഫേസ്ബുക്കും എക്‌സും വരെയുള്ള വഴികളെല്ലാം പാശ്ചാത്യലോകത്തിന്റെ കൈകളിലായിരുന്നു. ചൈനയില്‍ നിന്നു വന്ന ടിക് ടോക് തരംഗമായപ്പോള്‍ നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ട് തടയിടുന്നതില്‍ വിജയിച്ചു. ചൈനയ്ക്കുമേല്‍ നികുതിഭാരം പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഡോണള്‍ഡ് ട്രംപിനെ മുള്‍കസേരയിലേക്കു മാറ്റി ഇരുത്തുകയാണ് ഡീപ് സീക്. കുറഞ്ഞ ചെലവിലുള്ള ചിപ്പുകളുമായി ചാറ്റ് ജിപിടിയെ വെല്ലുന്ന പ്രകടനമാണ് ഡീപ് സീക് നടത്തുന്നത്. ഇവിടെ ഇന്ത്യക്കുള്ള പാഠം എന്താണ്? ചാറ്റ് ജിപിടിപോലുള്ള ഭാഷാ മോഡലുകള്‍ വികസിപ്പിക്കുന്നതു പാഴാണെന്നും അമേരിക്കയെ പിന്തള്ളനാകില്ലെന്നുമുള്ള മുന്‍വിധിയാണ് തകരുന്നത്. പാശ്ചാത്യലോകത്തെ വരച്ചവരയില്‍ നിര്‍ത്താന്‍ ഇതുപോലുള്ള കണ്ടിപിടിത്തങ്ങള്‍ അനിവാര്യമാണെന്ന് ഇന്ത്യയെ ഓര്‍മിപ്പിക്കുകയാണ് ചൈനയിലെ ഈ സ്റ്റാര്‍ട്ട്അപ്.
ഉറങ്ങിയുണര്‍ന്നപ്പോഴേക്കും മാറിയ AI ലോകത്ത് ഇന്ത്യ എവിടെ?
എന്‍വിഡിയയുടെ ഓഹരിയിലെ കൂട്ടത്തകര്‍ച്ച തന്നെ ലോകത്തിന് ചാറ്റ് ജിപിടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി എന്ന പ്രഖ്യാപനമാണ്. ചാറ്റ് ജിപിടിക്ക് കഴിഞ്ഞയാഴ്ചയുണ്ടായ സാങ്കേതിക തകരാര്‍ ആണ് ഡീപ്‌സീക്കിനുണ്ടായ സ്വീകാര്യതയ്ക്കു പിന്നില്‍. ഭാഷാപരമായും സാങ്കേതികമായും അമേരിക്കയെ ഞെട്ടിക്കുന്ന ചൈനീസ് കണ്ടുപിടിത്തം ഒരു സാങ്കേതിക യുദ്ധത്തിന്റെ ആരംഭമാണ്. ചൈനയില്‍ നിന്നു വിലകുറഞ്ഞു വരുന്നതെല്ലാം മേന്മകുറഞ്ഞവയാണെന്നു പറഞ്ഞു പരിഹസിച്ചു തള്ളുകയായിരുന്നു പാശ്ചാത്യലോകം. അവിടെയാണ് സപ്രമഞ്ച സിംഹാസനത്തില്‍ ഡീപ്‌സീക് കയറി ഇരിക്കുന്നത്. ചൈനയില്‍ നിന്നുള്ളതെന്നും ഗുണം കുറഞ്ഞവയാണെന്നു പറഞ്ഞ അമേരിക്കന്‍ കമ്പനികള്‍ ചിപ്പുകളും ബാറ്ററികളുമൊക്കെ ചൈനയില്‍ നിന്നു വാങ്ങിയിരുന്നു. അസംബ്‌ളിയൂണിറ്റുകള്‍ ആപ്പിള്‍പോലും തുറന്നത് ചൈനയില്‍ ആയിരുന്നു. അപ്പോഴൊക്കെ ചൈന അമേരിക്കയുടെ ഉല്‍പന്നത്തിന്റെ അനുബന്ധ യൂണിറ്റ് മാത്രമായിരുന്നു. ഇപ്പോള്‍ ചിപ്പിന് ഗുണമില്ല എന്ന വാദം ഏല്‍ക്കില്ല. കാരണം ചാറ്റ് ജിപിടിയേക്കാള്‍ വേഗത്തില്‍ തൃപ്തികരമായ ഉത്തരം നല്‍കിക്കൊണ്ടിരിക്കുകയാണ് ഡീപ് സീക്.
ALSO READ: സിഎജി കൂട്ടിച്ചേര്‍ക്കുന്നത് രാഷ്ട്രീയ പൂജ്യമോ?
ചാറ്റ് ജിപിടിക്കുമേല്‍ ഡീപ് സീക്
അമേരിക്കയെയും എന്‍വിഡിയയേയും മാത്രമല്ല ഡീപ് സീക് ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരില്‍ കാര്യക്ഷമതാ വിഭാഗത്തിന്റെ തലവനായി നിയമിതനായ സഹസ്രകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെക്കൂടിയാണ്. എക്‌സ് എഐക്കുവേണ്ടി അഞ്ചുവര്‍ഷമായി അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ബഹിരാകാശത്ത് നാസയെ വെല്ലുന്ന സാങ്കേതിക മേന്മ നേടിക്കഴിഞ്ഞ മസ്‌കിന് ഇവിടെ ചൈന വലിയൊരു തടയാണ് ഇട്ടിരിക്കുന്നത്. അമേരിക്കയിലെ ടെക് ലോകത്തോട് ഉണരാനുള്ള അലാം ആണ് എന്നാണ് ട്രംപ് ഉപദേശിച്ചത്. പക്ഷേ, ഉണരാനുള്ള അലാം എന്നതിനപ്പുറം ഇനിയങ്ങോട്ട് ഉറക്കംകെടുത്തുന്ന അപായമണി എന്നുതന്നെയാണ് സാങ്കേതിക ലോകം ഇതിനെ കാണുന്നത്. അമേരിക്ക നേടിയ സാങ്കേതിക വിദ്യയുടെ ചെറു പകര്‍പ്പുകളാണ് ചൈനയില്‍ നിന്നു ഇതുവരെ വന്നിരുന്നത്. ആപ്പിളിന്റേയും സാംസങ്ങിന്റേയും ഒക്കെ മുന്തിയ ഫോണുകളുടെ സൗകര്യങ്ങള്‍ അനുകരിച്ചു നാലിലൊന്നു വിലയ്ക്കുള്ള ഫോണുകള്‍. അവ വിശ്വാസ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ എഐ വളര്‍ച്ച തീര്‍ത്തും സങ്കീര്‍ണമാണ്.
ഭാഷയ്ക്കും അറിവിനും മേല്‍ ചൈന
പൊടുന്നനെ ചര്‍ച്ചാവിഷയമായതാണെങ്കിലും ചൈനയുടെ നിരന്തരമായ പരിശ്രമമുണ്ട് ഡീപ് സീകിന് പിന്നില്‍. അതുകൊണ്ടാണ് ചാറ്റ് ജിപിടിയേക്കാള്‍ വേഗത്തില്‍ കൂടുതല്‍ തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിയുന്നത്. ഇവിടെയാണ് ഇന്ത്യക്ക് നയപരമായ പാളിച്ച പറ്റിയോ എന്ന അന്വേഷണം വേണ്ടത്. ചാറ്റ് ജിപിടിപോലുള്ള വലിയ മാതൃകകള്‍ ഇന്ത്യ നിര്‍മിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയെപ്പോലുള്ളവര്‍ പറഞ്ഞിരുന്നത്. അന്നുതന്നെ അതിനു ശക്തമായ വിയോജിപ്പുകളും ഉയര്‍ന്നു. പാശ്ചാത്യലോകങ്ങള്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യക്കു കാത്തിരുന്നാല്‍ ബഹിരാകാശ വിജ്ഞാനത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കും എന്നായിരുന്നു മുന്നറിയിപ്പ്. റഷ്യയും അമേരിക്കയും അരനൂറ്റാണ്ടു മുന്‍പ് നടത്തി ബഹിരാകാശ യാത്രകള്‍ക്കാണ് ഇന്ത്യ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. സോവിയറ്റ് യൂണിയന്‍ കാലത്തെ ശീതയുദ്ധമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. അമേരിക്ക ഒരാളെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ചാല്‍ അതിനു മുന്‍പു മൂന്നേപേരെ എത്തിക്കുന്ന സോവിയറ്റ് മത്സരമാണ് ഇപ്പോള്‍ ചൈന ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ ഇന്ത്യ പിന്നാക്കം പോയാല്‍ അതിന് ഒരു കാരണമേയുള്ളു. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം അതിന്റെ മാനവശേഷി ഉപയോഗിക്കുന്നില്ല.
ALSO READ: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലോ?
ആയിരം മിസൈലുകള്‍ക്കു മേല്‍ ഒരു എഐ
ആയിരം മിസൈലുകള്‍കൊണ്ട് സാധിക്കാത്തത്ര വലിയ ആഘാതമാണ് ഇപ്പോള്‍ ഡീപ് സീക് ഉണ്ടാക്കിയിരിക്കുന്നത്. ഇതു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് നിരോധനം കൊണ്ടാണെങ്കില്‍ സങ്കടകരം എന്നേ പറയേണ്ടു. ചൈനയിലും മികച്ച എഐ മാതൃക ഉണ്ടാക്കുക എന്നതുമാത്രമാണ് ഇവിടെ അപ്രമാദിത്തം നേടാനുള്ള വഴി. ടിക് ടോക് നിരോധിച്ചതുപോലെ ലളിതമല്ല ഡീപ് സീക് നിരോധനം. അതിനു കാരണം വളരെ ചെലവുകുറഞ്ഞ, ഏറെക്കുറെ സൗജന്യമായ, ഡീപ് സീകിനെ നിരോധിച്ചാല്‍ എന്താണ് സംഭവിക്കുക? ഗുണമേന്മയുള്ള ഉല്‍പ്പന്നം ചെലവുകുറഞ്ഞു ജനതയ്ക്കു കിട്ടാനുള്ള സാഹചര്യം ഇല്ലാതാകും. നിരോധനം ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം അതു പന്തലിക്കുകയും ചെയ്യും. ഇന്ത്യയില്‍ തരംഗമായിരുന്നു ടിക് ടോക്. അതു നിരോധിച്ചു. പക്ഷേ, അമേരിക്കയില്‍ പോലും കോടിക്കണക്കിന് ആളുകള്‍ ആ ആപ്പ് ഉപയോഗിക്കുകയായിരുന്നു. അത് തടയാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും ട്രംപ് ഇപ്പോള്‍ തുടരാന്‍ അനുവാദം നല്‍കി. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചാല്‍ നഷ്ടമാകുന്നത് ചൈന എന്ന 140 കോടി ജനങ്ങളുള്ള വിപണിയാണ്. അതാണ് ട്രംപ് പിന്‍വലിയാനുള്ള കാരണം. ഡീപ് സീക് ഒരു ഓര്‍മപ്പെടുത്തലാണ്. ട്രംപ് പറഞ്ഞതുപോലെ വെറും വേക്ക് അപ് കോള്‍ അല്ല. മനുഷ്യന് ആലോചിക്കാന്‍ പോലും കഴിയാത്ത വേഗത്തില്‍ ഉത്തരങ്ങള്‍ തരുന്ന യന്ത്രങ്ങള്‍ ഒന്നല്ല, ഒരുപാടു വരികയാണ്. നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് ഓരോ രാജ്യത്തിനും ചോദിക്കാനുള്ള സമയം ആണിത്. ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ ആ പരിശോധന ആദ്യം നടത്തേണ്ടത് ഇന്ത്യയാണ്.