അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ രണ്ട് ഓവറുകളില്‍ കോഹ്‌ലി (1), സാള്‍ട്ട് (4) എന്നിവർ പുറത്തായതോടെ ആർസിബിയുടെ ബാറ്റിങ് നിര പതറി.
ഐപിഎല്ലിൽ ആർസിബിക്കെതിരെ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 11 ബോൾ ബാക്കി നിൽക്കെയാണ് ലക്ഷ്യം മറികടന്നത്. പഞ്ചാബിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. മഴമൂലം മത്സരം 14 ഓവറാക്കി ചുരുക്കിയിരുന്നു. നേഹൽ വധേര (33), പ്രിയാംശ് ആര്യ (16) എന്നിവരാണ് ടോപ് സ്കോറർമാർ. സ്കോർ, ആർസിബി 95/9 (14), പഞ്ചാബ് 98/5 (12.1). ആർസിബിക്കായി ഹേസിൽവുഡ് മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ചിന്നസ്വാമിയില്‍ മഴമൂലം വൈകിയാണ് ടോസിങ് നടന്നത്. 14 ഓവറായി ചുരുക്കിയ മത്സരത്തിൽ പഞ്ചാബ് ബൗളർമാർ സമ്പൂർണ ആധിപത്യം പുലർത്തുകയായിരുന്നു. 96 റൺസാണ് പഞ്ചാബിന് മുന്നിലുള്ള വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 95 റൺസെടുത്തു. റോയല്‍ ചലഞ്ചേഴ്സിന്‍റെ എട്ട് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ രണ്ട് ഓവറുകളില്‍ കോഹ്‌ലി (1), സാള്‍ട്ട് (4) എന്നിവർ പുറത്തായതോടെ ആർസിബിയുടെ ബാറ്റിങ് നിര പതറി. പിന്നീട് അങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ ആർസിബിയുടെ കരുത്തർ ഓരോരുത്തരായി മടങ്ങി. നാലാം ഓവറില്‍ സേവ്യര്‍ ബാര്‍ട്ട്ലെറ്റ് ലിയാം ലിവിങ്സ്റ്റണെ (4) വീഴ്ത്തി. ആറാം ഓവറിൽ ജിതേഷ് ശർമയും ഏഴാം ഓവറിൽ ക്രുണാൽ പാണ്ഡ്യയും പുറത്തായി. 18 പന്തിൽ 23 റൺസെടുത്ത ആർസിബി നായകൻ രജത് പാടിദാറിനും അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വാലറ്റത്ത് തകർത്ത് കളിച്ച ടിം ഡേവിഡിന്റെ പിൻബലത്തിലാണ് ബെംഗളൂരു സ്കോർ 95 ആയത്. 26 പന്തിൽ അർധ സെഞ്ചുറി നേടിയ ടിം ആണ് ആർസിബിയുടെ ടോപ് സ്കോറർ.
Also Read: "വിരമിക്കാൻ കാലമായി, ഇനി ആര് ഉപദേശിക്കാനാണ്"; രോഹിത് ശർമയെ കടന്നാക്രമിച്ച് സെവാഗ്
പഞ്ചാബ് കിംഗ്സിനു വേണ്ടി അർഷ്ദീപ് സിംഗ്, മാർക്കോ ജാൻസൻ, യുസ്‌വേന്ദ്ര ചാഹൽ, ഹർപ്രീത് ബ്രാർ, സേവ്യർ ബാർട്ട്ലെറ്റ് എന്നിർ രണ്ട് വിക്കറ്റ് വീതം നേടി. ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമിനുമുള്ളത്. പോയിന്റ് ടേബിളില്‍ ആർസിബി മൂന്നും പഞ്ചാബ് നാലും സ്ഥാനത്താണ്.