ഡിഎംകെ എന്ന ചുരുക്കപ്പേര് വരും വിധം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന കൂട്ടായ്മ പ്രഖ്യാപിക്കും
പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പൊലീസ് തടയുന്നുവെന്ന് ആരോപിച്ച് പി.വി അന്‍വര്‍. സമ്മേളനം പൊളിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഡിഎംകെ ഇതുവരെ തന്‍റെ രാഷ്ട്രീയ കൂട്ടായ്മയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലെ ബന്ധം ചോദിച്ച് ഡിഎംകെ കേരള ഘടകം നേതാക്കളുടെ വീട്ടില്‍ പൊലീസെത്തി അവരെ ഭീഷണിപ്പെടുത്തുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. മഞ്ചേരി ജസീല മൈതാനിയിലെ സമ്മേളന വേദിയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും അന്‍വര്‍ സംസാരിച്ചത് കൗതുകമായി.
അയോഗ്യതാ ഭീഷണി ഉള്ളതിനാൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ല. ഡിഎംകെ എന്ന ചുരുക്കപ്പേര് വരും വിധം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന കൂട്ടായ്മ പ്രഖ്യാപിക്കും. സമ്മേളന വേദിയിലേക്ക് അണികള്‍ എത്തിക്കഴിഞ്ഞു.
ALSO READ : അന്‍വറിനായി കാതോര്‍ത്ത് രാഷ്ട്രീയ കേരളം; ഡിഎംകെ പതാകകളുമായി അണികള്‍ വേദിയിലേക്ക്
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേട്ര കഴകത്തിന്‍റെ കളര്‍ തീമിലാണ് അന്‍വറിന്‍റെ സമ്മേളന വേദി തയാറാക്കിയിരിക്കുന്നത്. ഡിഎംകെയുടെ കൊടിയുടെ നിറങ്ങളായ ചുവപ്പ്, കറുപ്പ് എന്നിവയുടെ ഷാളുകളുമായാണ് അണികള്‍ സമ്മേളന വേദിയിലെത്തുന്നത്. സദസില്‍ നിരത്തിയിട്ട കസേരകളില്‍ പോലുമുണ്ട് ഈ ഡിഎംകെ റഫറന്‍സ്. അന്‍വറിന്‍റെ മുഖം പതിച്ച കൊടികളും വേദിയില്‍ കാണാം.
എന്നാല്‍ പി.വി. അന്‍വറുമായുള്ള സഖ്യസാധ്യതകള്‍ ഡിഎംകെ തള്ളിയിരുന്നു. പാര്‍ട്ടിയുമായോ മുന്നണിയുമായോ അന്‍വറിനെ സഹകരിപ്പിക്കുന്നതിനോട് ഡിഎംകെ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് വിവരം. സഖ്യകക്ഷിയായ സിപിഎമ്മിനോട് തെറ്റുന്നവരെ മുന്നണിയിലെടുക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്ന ഡിഎംകെ അൻവറിനെ അംഗീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഇളങ്കോവൻ വ്യക്തമാക്കി.