ട്രാൻസിഷണൽ അഡ്മിനിസ്ട്രേഷനെ നയിക്കുന്ന മുഹമ്മദ് അൽ ബഷീറുമായുള്ള നിർണായക നയതന്ത്ര കൂടിക്കാഴ്ച ഉടനെന്നും സൂചനയുണ്ട്
സിറിയയില്‍ ബഷാർ അല്‍ അസദ് ഭരണത്തെ അട്ടിമറിച്ച വിമത നേതൃത്വവുമായി ഖത്തർ ആശയവിനിമയം നടത്തി. ഇതോടെ ഹയാത് തഹ്രീർ അല്‍ ഷാമുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ സ്ഥിരീകരിക്കുന്ന ആദ്യ അറബ് രാജ്യമാവുകയാണ് ഖത്തർ. ട്രാൻസിഷണൽ അഡ്മിനിസ്ട്രേഷനെ നയിക്കുന്ന മുഹമ്മദ് അൽ ബഷീറുമായുള്ള നിർണായക നയതന്ത്ര കൂടിക്കാഴ്ച ഉടനെന്നും സൂചനയുണ്ട്.
സിറിയയില്‍ അധികാരകെെമാറ്റം സംബന്ധിച്ച നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ വിമത നേതൃത്വത്തിലുള്ള ഹയാത് തഹ്രീർ അല്‍ ഷാമുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇതിലാദ്യത്തെ പരസ്യ സ്ഥിരീകരണമാണ് ഖത്തർ പുറത്തുവിട്ടിരിക്കുന്നത്. എച്ച്ടിഎസുമായി ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. സമാധാനപരമായ രാഷ്ട്രീയ മാറ്റത്തിനാണ് നിലവില്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് ഖത്തർ വ്യക്തമാക്കി. അടുത്ത ഘട്ടമെന്ന നിലയ്ക്ക് ട്രാൻസിഷണൽ അഡ്മിനിസ്ട്രേഷനെ നയിക്കുന്ന എച്ച്ടിഎസ് നേതാവ് മുഹമ്മദ് അൽ ബഷീറുമായുള്ള നയതന്ത്ര കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും സൂചനകളുണ്ട്.
ALSO READ: കർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു
ഈജിപ്ത്, തുർക്കി, ജോർദാൻ, ഇറാഖ്, ഇറാൻ, റഷ്യ, സൗദി അറേബ്യ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഉന്നത നയതന്ത്രജ്ഞരും ഉള്‍പ്പെടുന്ന ദോഹാ ഫോറത്തിന് ശനിയാഴ്ച ഖത്തർ പ്രധാനമന്ത്രി ആഥിതേയത്വം വഹിച്ചിരുന്നു. സിറിയയിലെ രാഷ്ട്രീയ സാഹചര്യവും വിഷയമായ യോഗത്തെ തുടർന്നുള്ള പ്രതികരണങ്ങളില്‍ സിറിയയിലെ വിവിധ കക്ഷികളുമായി ഗൾഫ്- അറബ് രാഷ്ട്രങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫി അറിയിച്ചിരുന്നു.