രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്
രാജീവ് ചന്ദ്രശേഖര്
രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ ബിജെപി തലപ്പത്തേക്ക്. കെ. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറും. പകരം രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കേയാണ് അപ്രതീക്ഷിത തീരുമാനം. കെ. സുരേന്ദ്രന്‍ തന്നെ അധ്യക്ഷനായി തുടരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കോര്‍ കമ്മിറ്റിയില്‍ ദേശീയ നേതൃത്വമാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍.
കര്‍ണാടകയിലെ വ്യവസായ പ്രമുഖന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ 2006 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായി.
1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരളത്തിലെ തറവാട് വീട്. മണിപ്പാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗില്‍ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടി. ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ.
2006 ലാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരുന്നത്. 2006-ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2020 മുതല്‍ ബിജെപിയുടെ ദേശീയ വക്താവാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.