പ്രതിപക്ഷനിരയിൽ ആര് നേതൃസ്ഥാനത്തേക്ക് എത്തും എന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ ഭിന്നത
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ, മഹാ വികാസ് അഘാഡിയിൽ തർക്കം മുറുകുന്നു. പ്രതിപക്ഷനിരയിൽ ആര് നേതൃസ്ഥാനത്തേക്ക് എത്തും എന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ ഭിന്നത. തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ് വിഭാഗം), കോൺഗ്രസ്, എൻസിപി (ശരദ് പവാർ) വിഭാഗം എന്നിവർ സംയുക്തമായാണ് 288ൽ 46 സീറ്റുകൾ നേടിയത്. എന്നാൽ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും തേടണമെന്ന് മഹാ വികാസ് അഘാഡി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരം സ്പീക്കർക്കാണ്. പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തിനായുള്ള ആവശ്യം കോൺഗ്രസ് ഉപേക്ഷിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: കർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു
288 സീറ്റുകളിൽ 10 ശതമാനം അല്ലെങ്കിൽ 29 സീറ്റുകൾ ഉള്ള ഒരു പാർട്ടിക്ക് സാധാരണ നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാം. എന്നാൽ, നവംബർ 20ന് നടന്ന തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ് വിഭാഗം) 20 സീറ്റുകളും കോൺഗ്രസ് 16ഉം, എൻസിപി (എസ്പി) 10ഉം സീറ്റുകളാണ് നേടാനായത്. എന്നാൽ, മഹായുതി സഖ്യം 230 സീറ്റുകളോടെ വൻ വിജയം നേടുകയായിരുന്നു.
ALSO READ: യുണൈറ്റഡ് ഹെല്‍ത്ത് സിഇഒ ബ്രയാന്‍ തോംസന്റെ കൊലപാതകം: പ്രതി പൊലീസ് പിടിയില്‍; തോക്കും കണ്ടെടുത്തു
പ്രതിപക്ഷ നേതാവ് ആരെന്നതിനെ കുറിച്ച് മഹാ വികാസ് അഘാഡിയിൽ സഖ്യകക്ഷികളുമായി പാർട്ടി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന പടോലെയെയും, കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറിനെയുമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തെത്തും എന്ന് കരുതുന്നവരിൽ മുൻനിരയിലുള്ളത്.