പുസ്തകം ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം 'കണ്ടെത്താനാകാത്തതിനാൽ ഹാജരാക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു
സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവല്‍ 'ദി സാത്താനിക് വേഴ്‌സസ്' ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി ഡല്‍ഹി കോടതി. നോവലിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനെ തുടര്‍ന്നാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം വിലക്ക് നീക്കിയത്.
1988 ലാണ് സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ഇന്ത്യയില്‍ വിലക്കിയത്. നോവലില്‍ ഇസ്ലാംമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. വിലക്കിനെതിരെയുള്ള ഹര്‍ജി 2019 മുതല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നവംബര്‍ 5 നാണ് വിലക്ക് നീക്കിക്കൊണ്ടുള്ള കോടതി വിധി വന്നത്. പുസ്തകം ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം 'കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഹാജരാക്കാനായില്ല' എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കോടതി വ്യക്തമാക്കി. വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇല്ലാത്തതിനാല്‍ വിലക്ക് നീക്കം ചെയ്യുന്നതായും കോടതി അറിയിച്ചു.
Also Read: ട്രംപിൻ്റെ വിജയം അമേരിക്കയുടെ തന്നെ മസ്ക് വൽക്കരണത്തിൻ്റെ തുടക്കമോ?
സന്ദീപന്‍ ഖാന്‍ എന്നയാളാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നോവല്‍ വില്‍ക്കാനോ ഇറക്കുമതി ചെയ്യാനോ രാജ്യത്ത് അനുവാദമില്ലെന്ന് പുസ്തകശാലകളില്‍ നിന്നാണ് അറിഞ്ഞത്. തുടര്‍ന്ന് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അത്തരമൊരു വിജ്ഞാപനം കണ്ടെത്താനായില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. രേഖകള്‍ കണ്ടെത്താനായില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
1988 സെപ്റ്റംബറിലാണ് സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ പുറത്തിറങ്ങിയത്. വിപണിയിലെത്തിയ ഉടനെ തന്നെ നോവലിലെ ഉള്ളടക്കത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ ലോകത്താകമാനം ഉയര്‍ന്നു. പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നോവലില്‍ ഉണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പുസ്തകത്തിനെതിരേയും സല്‍മാന്‍ റുഷ്ദിക്കെതിരെയും വലിയ പ്രതിഷേധങ്ങളും വധശ്രമങ്ങളും ഉണ്ടായി. ഇന്ത്യയിലടക്കം പലയിടങ്ങളിലും പുസ്തകം കത്തിച്ച സംഭവങ്ങള്‍ വരെയുണ്ടായി.
റുഷ്ദിയുടെ നാലാമത്തെ നോവലായിരുന്നു സാത്താനിക് വേഴ്‌സസ്. ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചിരുന്നു. 1989 ല്‍ റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റൂഹോള ഖൊമേനി ഫത്വയും പുറത്തിറക്കി. പുസ്തകം എഴുതിയ ആളെ മാത്രമല്ല, പുറത്തിറക്കിയവരേയും വധിക്കണമെന്നായിരുന്നു ആഹ്വാനം.
1998 ല്‍ ഇറാന്‍ ഫത്വ ഔദ്യോഗികമായി പിന്‍വലിച്ചെങ്കിലും 2022 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് റുഷ്ദിക്കു നേരെ വധശ്രമമുണ്ടായി. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.