സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് കൂടി അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബിൽ ഇന്നലെയാണ് നിയമസഭ പാസാക്കി. ഇടതു സർക്കാരിന്റെ പുതു കാൽവയ്പ്പാണിതെന്നും സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞത്.
സ്വകാര്യ സർവകലാശാല ബില്ലിനു പിന്നാലെ സിപിഐഎമ്മിനെ പരിഹസിച്ച് ശശി തരൂർ എംപി. വൈകിയെങ്കിലും സ്വകാര്യ സർവകലാശാല ബില്‍ പാസാക്കാനുള്ള സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. എക്സിലൂടെയായിരുന്നു ശശി തരൂരിന്റെ പരിഹാസം.
അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ് തുടങ്ങുന്നത്. പതിവുപോലെ, തീരുമാനം 15 - 20 വർഷം വൈകിയാണ് വരുന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ, കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.
ഇന്ത്യയിൽ മൊബൈൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു കക്ഷിയും കമ്യൂണിസ്റ്റുകാരായിരുന്നു. ഈ മാറ്റങ്ങളുടെ യഥാർഥ ഗുണഭോക്താവ് സാധാരണക്കാരാണെന്ന് മനസ്സിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തുവെന്നും ശശി തരൂർ എക്സിൽ കുറിച്ചു. ഇവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പുണ്ടെന്നും പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കാമെന്നും പോസ്റ്റിലെ പരിഹാസം നീളുന്നു.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് കൂടി അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബിൽ ഇന്നലെയാണ് നിയമസഭ പാസാക്കിയത്. ഇടതു സർക്കാരിന്റെ പുതു കാൽവയ്പ്പാണിതെന്നും സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് ഇടയാക്കുമെന്ന് ആരോപിച്ചെങ്കിലും ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷവും അറിയിച്ചു. എന്നാല്‍ സ്വകാര്യ സർവകലാശാല ബില്ലിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
സ്വകാര്യ സർവകലാശാലകൾ പൊതുമേഖലയിലെ സർവകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കും എന്ന് പഠിക്കണം. പൊതു മേഖലയിലെ സർവകലാശാലകൾക്ക് മുൻഗണന നൽകണം. ഏതു കോർപ്പറേറ്റുകൾക്കും സർവകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസികൾക്ക് ഇത്തരം സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ അവസരം നൽകണം. ഇത്തരം ഏജൻസികൾ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണം. പ്രതിപക്ഷത്തിന്റെ വിമർശനമായി കാണരുതെന്നും നിർദേശമായി എടുക്കണമെന്നും വി.ഡി. സതീശൻ സഭയില്‍ പറഞ്ഞിരുന്നു.