പാലക്കാട് നല്ലേപ്പുള്ളി ഗവൺമെന്റ് യു.പി സ്കൂളിലാണ് സംഘപരിവാർ പ്രവർത്തകർ ഭീഷണിയുമായെത്തിയത്
സംസ്ഥാനത്ത് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പുള്ളി ഗവൺമെന്റ് യു.പി സ്കൂളിലാണ് സംഘപരിവാർ പ്രവർത്തകർ ഭീഷണിയുമായെത്തിയത്. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ. വേലായുധൻ എന്നിവരെ ചിറ്റൂ൪ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കേരളത്തിൽ അപൂർവമായാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളത്. രാജ്യത്തിൻ്റെ മതേതര മുഖത്തിന് കളങ്കം ചാർത്തുന്ന വിഎച്ച്‌പി നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ALSO READ: "കൊച്ചിയിൽ ഒരു പപ്പാഞ്ഞി മതി"; വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞി നീക്കണമെന്ന് പൊലീസ്, വിവാദം എന്തിനെചൊല്ലി?
സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ, പ്രധാനാധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു.
നല്ലേപ്പുള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കെ. അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗ്‌ദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ. വേലായുധൻ.