തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മഹായുതി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പ്രതിപക്ഷ ചുമതലയെന്നും ശരദ് പവാർ വ്യക്തമാക്കി
മഹാരാഷട്രയിൽ മഹായുതി സഖ്യത്തിൻ്റെ വിജയം കൊണ്ട് പ്രതിപക്ഷ ഹൃദയം തകർന്നിട്ടില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. മഹായുതിയുടെ വിജയത്തിൽ ജനങ്ങൾ ആവേശഭരിതരല്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മഹായുതി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പ്രതിപക്ഷ ചുമതലയെന്നും ശരദ് പവാർ വ്യക്തമാക്കി.
മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടുവെന്നത് ശരിയാണ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്കിടയിൽ ഒരു ആവേശവും ഉണ്ടാക്കിയില്ല. അതുകൊണ്ട് തന്നെ അതിനെകുറിച്ച് വിഷമിക്കേണ്ടതില്ല. പോൾ ചെയ്ത വോട്ടുകളും ലഭിക്കുമെന്ന് കരുതിയ സീറ്റുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടായെന്നും ശരദ് പവാർ പറഞ്ഞു.
ALSO READ: 'ഡൽഹി ചലോ' മാർച്ചിൽ വീണ്ടും സംഘർഷം; കണ്ണീർ വാതക പ്രയോഗത്തിൽ 15 കർഷകർക്ക് പരുക്ക്
ലഢ്കി ബഹിൻ യോജന പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കുള്ള ധനസഹായം ഉയർത്തും എന്നതടക്കം നിരവധി വാഗ്ദാനങ്ങളാണ് മഹായുതി പ്രഖ്യാപിച്ചത്. 1500 രൂപയിൽ നിന്ന് 2100 രൂപയാക്കി തുക വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. ഇത് നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയായിരിക്കും തങ്ങളുടെ പ്രാഥമിക കർത്തവ്യമെന്നും ശരദ് പവാർ പറഞ്ഞു.
എന്നാൽ പവാറിനെ വിമർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. മുതിർന്ന നേതാവെന്ന നിലയിൽ ശരദ് പവാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. തോൽവി സമ്മതിച്ചാൽ ഇതിൽ നിന്ന് പുറത്തു കടക്കാം. ആത്മപരിശോധനയെക്കുറിച്ച് സഹപ്രവർത്തകർക്ക് നിങ്ങൾ ഉപദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.