കഴിഞ്ഞ ദിവസം ഹസീനക്കെതിരെ യൂനസ് നടത്തിയ ആരോപണങ്ങൾക്ക് പ്രത്യാക്രമണമായാണ് ഹസീനയുടെ വിമർശനങ്ങൾ
ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനസ് വംശഹത്യ നടത്തിയെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നുമാണ് ഹസീനയുടെ ആരോപണം. കഴിഞ്ഞ ദിവസം ഹസീനക്കെതിരെ യൂനസ് നടത്തിയ ആരോപണങ്ങൾക്ക് പ്രത്യാക്രമണമായാണ് ഹസീനയുടെ വിമർശനങ്ങൾ.
ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഷെയ്ഖ് ഹസീനയുടെ രൂക്ഷ വിമർശനം. പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് ശേഷമുള്ള ഹസീനയുടെ ആദ്യ പൊതുപ്രസംഗമായിരുന്നു ഇത്. തൻ്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ വധിച്ചതിന് സമാനമായി, തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ യൂനസ് പദ്ധതിയിട്ടിരുന്നതായി ഹസീന ആരോപിച്ചു.
ALSO READ: ബംഗ്ലാദേശ്- ഇസ്കോൺ സംഘർഷം മുറുകുന്നു; ഇന്ത്യയുമായുള്ള ബന്ധം വഷളാകുമോ?
"സായുധരായ പ്രതിഷേധക്കാരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നയിച്ചത് യൂനസാണ്. സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. അതിനാൽ ഞാൻ രാജ്യം വിടാൻ നിർബന്ധിതയായി. എന്ത് സംഭവിച്ചാലും വെടിവെക്കരുതെന്ന് ഞാൻ ഗാർഡുകളോട് ആവശ്യപ്പെട്ടു,” പ്രസംഗത്തിൽ ഓഗസ്റ്റ് അഞ്ചിന് ധാക്കയിൽ നടന്ന സംഭവങ്ങൾ ഹസീന ഓർത്തെടുത്തു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനക്കെതിരെ വംശഹത്യ കുറ്റം ആരോപിക്കപ്പെടുകയാണ്. എന്നാൽ യഥാർഥത്തിൽ യൂനസാണ് വംശഹത്യ നടത്തുന്നതെന്നായിരുന്നു ഹസീനയുടെ പക്ഷം. വളരെ ആസൂത്രിതമായി രൂപകൽപ്പന ചെയ്തായിരുന്നു വംശഹത്യ. ഇതിന് പിന്നിൽ വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരും യൂനസുമാണെന്ന് ഹസീന ആരോപിക്കുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ധാക്കയിലെ നിലവിലെ ഭരണം പരാജയപ്പെട്ടെന്നും ഹസീന പറഞ്ഞു.
ഷെയ്ഖ് ഹസീനക്കെതിരെ മുഹമ്മദ് യൂനസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ ഭരണകാലം എല്ലാം നശിപ്പിച്ചെന്ന് ആരോപിച്ച യൂനസ്, രാജ്യത്ത് ഭരണഘടന, ജുഡീഷ്യൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നതിന് ശേഷമേ പൊതുതെരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്നും പറഞ്ഞിരുന്നു. ജാപ്പനീസ് പത്രം നിക്കി ഏഷ്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യൂനസിൻ്റെ പ്രതികരണം.
ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണലിൽ, വിചാരണ പൂർത്തിയായാൽ ഇന്ത്യ ഹസീനയെ കൈമാറണമെന്നും യൂനസ് ആവർത്തിച്ചു. "വിചാരണ പൂർത്തിയായി വിധി വന്നാൽ, ഇരു രാജ്യങ്ങളും ഒപ്പിട്ട അന്താരാഷ്ട്ര നിയമപ്രകാരം അവരെ കൈമാറാൻ ഞങ്ങൾ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർഥിക്കും. ഇന്ത്യ അത് അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും" യൂനുസ് പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിൻ്റെ ആശങ്കകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കേവലം പ്രൊപ്പഗാണ്ടയാണെന്നും മുഖ്യ ഉപദേഷ്ടാവ് ആരോപിച്ചിരുന്നു.