ഹിസ്ബുള്ളയുടെ ഉപനേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നൈം ഖസീം
ഹിസ്ബുള്ളയുടെ പുതിയ തലവനായി മുതിര്‍ന്ന നേതാവ് നൈം ഖസീമിനെ തെരഞ്ഞെടുത്തു. ഹസന്‍ നസ്‌റല്ലയും പിന്‍ഗാമിയായി പരിഗണിച്ച ഹാഷിം സെഫീദ്ദീനും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ സംഘടനയില്‍ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയാണ് നൈം ഖസീം.
ഇതുവരെ ഹിസ്ബുള്ളയുടെ ഉപനേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നൈം ഖസീം. സെപ്റ്റംബറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് 30 വര്‍ഷം ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ച നൈം ഖസീം നേതൃസ്ഥാനത്തെത്തുന്നത്. ഇതിനിടെ ഹിസ്ബുള്ളയുടെ പിന്‍ഗാമിയായി പരിഗണിച്ചിരുന്ന ഹാഷിം സൈഫീദ്ദിനും ഇസ്രയേല്‍ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. ഹിസ്ബുള്ളയിലെ രണ്ടാം നിരയിലെ നേതാവാണ് നേതാവാണ് 71കാരനായ നൈം ഖസീം.
ഹിസ്ബുള്ളയുടെ തത്വങ്ങളും ലക്ഷ്യങ്ങളും ഖസീം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രസ്താവനയില്‍ സംഘടന വ്യക്തമാക്കുന്നു. 1953ല്‍ ബെയ്‌റൂട്ടിലാണ് ഖസീമിന്റെ ജനനം. 1991ലാണ് സംഘടനയുടെ ഡെപ്യൂട്ടി ചീഫായി ഖസീമിനെ നിയമിക്കുന്നത്. 1992ല്‍ ഹെസ്ബുള്ളയുടെ ആദ്യ തിരഞ്ഞെടുപ്പ് കാലം മുതല്‍ ജനറല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയായിരുന്നു.