സുനിത വില്യംസിനും ബുച്ച് വിൽമോറിനും തൊട്ടടുത്തെത്തിയിരിക്കുകയാണ് ക്രൂ 10 ദൗത്യസംഘം
സ്പേസ് എക്സ് ക്രൂ 10 ഡോക്കിങ് വിജയകരമായി പൂർത്തിയായി. പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു. സുനിത വില്യംസിനും ബുച്ച് വിൽമോറിനും തൊട്ടടുത്തെത്തിയിരിക്കുകയാണ് ക്രൂ 10 ദൗത്യസംഘം. ഇന്ത്യന്‍ സമയം 10.30 ഓടെ ദൗത്യസംഘം ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കും.
പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റുകൾക്ക് മുൻപായി ഡോക്കിങ് പ്രക്രിയ പൂർത്തിയായി. ഇന്ത്യൻ സമയം രാവിലെ 9.34 നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചത്. ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്ന നാലംഗ ബഹിരാകാശ യാത്രികരെ സുനിതാ വില്യംസ് ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് പേടകത്തിലുള്ളത്. സുനിയ വില്യംസും ബുച്ച് വിൽമോറുമായി ബുധനാഴ്ചയോടെ ദൗത്യസംഘം തിരിച്ച് ഭൂമിയിലെത്തുമെന്നാണ് റിപ്പോർട്ട്.
എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രിക സുനിത വില്യംസിനേയും സഹയാത്രികൻ ബാരി വിൽമോറിനേയും ഉടൻ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടുവരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയും, ബോയിങ് സ്റ്റാർലൈൻ്റെ ആദ്യ യാത്രയുമായിരുന്നു അത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും ഒമ്പത് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ് സുനിതാ വില്യംസും ബുച്ച് മോറും. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്.