ഏതെങ്കിലും ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് 15 ലക്ഷം പിടിച്ചാല്‍ ജയിലിലേക്കു വിടും. ഹൈക്കോടതി ജസ്റ്റിസിന്റെ കൈകളില്‍ നിന്ന് 15 കോടി പിടിച്ചാല്‍ മാതൃ കോടതിയിലേക്കു സ്ഥലംമാറ്റം കൊടുക്കും
ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിന്റെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയോ? കണ്ടെത്തി. അതെത്ര പണം ആണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയോ? പണംകണ്ടെത്തിയ ഫയര്‍ഫോഴ്‌സോ ഒപ്പമുണ്ടായിരുന്ന പൊലീസോ ജോലി ചെയ്യുന്ന ഡല്‍ഹി ഹൈക്കോടതിയോ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതിയോ അതു പറഞ്ഞില്ല. എത്ര പണം ഉണ്ടായിരുന്നെന്ന് ആരെങ്കിലും പറഞ്ഞോ? 15 കോടി രൂപയുണ്ടായിരുന്നെന്ന് പറഞ്ഞത് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷനാണ്. എന്താണ് ബാര്‍ അസോസിയേഷന്‍ പറഞ്ഞത്? ഏതെങ്കിലും ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് 15 ലക്ഷം പിടിച്ചാല്‍ ജയിലിലേക്കു വിടും. ഹൈക്കോടതി ജസ്റ്റിസിന്റെ കൈകളില്‍ നിന്ന് 15 കോടി പിടിച്ചാല്‍ മാതൃ കോടതിയിലേക്കു സ്ഥലംമാറ്റം കൊടുക്കും. ഇങ്ങനെയാണ് അലഹാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരി പ്രതികരിച്ചത്.
ജസ്റ്റിസിന്റെ കയ്യില്‍ വെറും 15 കോടിയോ?
സമീപകാലത്ത് നിരവധി വിവാദ വിധികള്‍ ഉയര്‍ന്നിട്ടുള്ള ഹൈക്കോടതിയാണ് അലഹാബാദിലേത്. പക്ഷേ, അവിടുത്തെ ഹൈക്കോടതി ബാര്‍ അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളും ഒറ്റക്കെട്ടായാണ് ഈ പ്രമേയം പാസാക്കിയത്. പണം കണ്ടെത്തിയപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് സ്വന്തം സ്ഥലമായ അലഹാബാദിലെ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണം എന്നായിരുന്നു പ്രമേയം. നേരത്തെ ഏഴുവര്‍ഷം അലഹാബാദ് ഹൈക്കോടതിയില്‍ ആയിരുന്ന ജസ്റ്റിസ് വര്‍മ 2021ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയത്. ഹോളിയുടെ തലേന്ന് ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ തീപിടിത്തം ഉണ്ടായപ്പോഴാണ് സംഭവങ്ങള്‍ പുറത്തുവന്നത്. ജസ്റ്റിസ് വര്‍മ വസതിയില്‍ ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് തീ കെടുത്തുന്നതിനിടെയാണ് കെട്ടുകെട്ടുകളായി പണം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് അത് എണ്ണിനോക്കിയപ്പോള്‍ എത്രയുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയില്ല. ഫയര്‍ഫോഴ്‌സും മിണ്ടിയില്ല. 15 കോടി രൂപയാണെന്ന് പുറത്തുവന്നത് അലഹാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രതിനിധിയുടെ പ്രസ്താവനയില്‍ നിന്നാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ഉടനടി ജസ്റ്റിസ് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ നീക്കം നടന്നു. സുപ്രീംകോടതി മൂന്നംഗ അന്വേഷണ കമ്മിഷനെ വച്ചു. കമ്മീഷന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളോടു വിശദീകരണം തേടി. ജസ്റ്റിസ് വര്‍മയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഒരു ജസ്റ്റിസിന്റെ വസതിയില്‍ നിന്ന് 15 കോടി രൂപ കണ്ടെടുത്തു എന്നാല്‍ ജുഡീഷ്യറി അത്രമേല്‍ കളങ്കപ്പെട്ടു എന്നാണര്‍ത്ഥം.
ALSO READ: ഗാസയില്‍ സയണിസത്തിന്റെ ക്രൂരമുഖം
ജസ്റ്റിസ് ഉപാധ്യായ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്?
പണം കണ്ടെത്തി എന്ന് വ്യക്തമായി പറയുന്നതാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ട്. 25 പേജുള്ള ആ റിപ്പോര്‍ട്ട് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലാണ് തീ പിടിച്ചതെന്നാണ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാതി കത്തിയ കറന്‍സികളുടെ വീഡിയോ ദൃശ്യം സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ ഹൈക്കോടതിക്ക് കൈമാറി. പണം കണ്ടെടുത്തത് ഒരു ഇരുട്ടുമുറിയില്‍ നിന്നാണ്. ഭിത്തികളില്‍ വിള്ളല്‍ ഉണ്ടായിരുന്നു. പകുതി കത്തിയ നോട്ടുകളും കത്തിക്കൊണ്ടിരുന്നവയും മുറിയില്‍ കൂമ്പാരമായി ഇട്ടിരിക്കുകയായിരുന്നു. മുറി ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നാണ് ജസ്റ്റിസ് വര്‍മയുടെ പ്രൈവറ്റ് സെക്രട്ടറി ചീഫ് ജസ്റ്റിസിന് മൊഴികൊടുത്തത്. പാഴ് വസ്തുക്കളാണ് കത്തിയത് എന്നാണ് ജസ്റ്റിസ് വര്‍മ ആദ്യം മൊഴി നല്‍കിയത്. കത്തിയ നോട്ടുകളുടെ ദൃശ്യം കാണിച്ചപ്പോള്‍ എന്തോ ഗൂഢാലോചനയുണ്ടെന്നായി മൊഴി. താനോ കുടുംബാംഗങ്ങളോ ഔട്ട്ഹൗസില്‍ പണം സൂക്ഷിച്ചിട്ടില്ലെന്നും തനിക്കെതിരേ ഗുഢാലോചന ഉണ്ടെന്നും ജസ്റ്റിസ് വര്‍മ മൊഴി നല്‍കിയെന്നും ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: സിനിമയും ഔറംഗസേബും കലാപവും?
സംഭവദിവസം പണം മാറ്റി എന്ന് മൊഴി
സ്റ്റോറിലുണ്ടായിരുന്ന കുറെ വസ്തുക്കള്‍ തീപിടിത്തത്തിനു ശേഷം പുറത്തുകൊണ്ടുപോയി എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. പൊലീസ് വന്ന് പണം കണ്ടെത്തിയ ശേഷം മുറിയില്‍ നിന്ന് വലിയ തോതില്‍ കത്തിയ കറന്‍സികള്‍ നീക്കിയതെന്നു സംശയിക്കുന്നതായും ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ തന്നെ അന്വേഷണം സംശയത്തിലാവുകയാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ മുറി സീല്‍ ചെയ്യുകയാണ് ലോകത്തെല്ലായിടത്തും പൊലീസ് ചെയ്യുന്നത്. ഇവിടെ മുറി അതുപോലെ തുറന്നിട്ട് പൊലീസ് മടങ്ങി. ഇന്ത്യയില്‍ ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്നത് രണ്ടു ലക്ഷം രൂപയാണ്. അതില്‍ ഒരു രൂപ പോലും കൂടുതല്‍ കണ്ടെത്തിയാല്‍ കേസ് എടുക്കാം. ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ നിയമനടപടികള്‍ നടക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് മൂന്നംഗ അന്വേഷണ സമിതിയും മൊഴിയെടുപ്പുമൊക്കെ. പക്ഷേ, സംശയത്തിന്റെ നിഴലിലായ ഒരു ന്യായാധിപനെ സ്വന്തം തട്ടകത്തിലേക്ക് സ്ഥലംമാറ്റുന്നത് എന്തിനാണ്? ശിക്ഷാനടപടിയുടെ ഭാഗമായോ അന്വേഷണം നടക്കുമ്പോഴോ സാധാരണ വിദൂര സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റേണ്ടത്. ഒരു ഹൈക്കോടതി ജസ്റ്റിസിന്റെ വസതിയില്‍ നിന്ന് ഇത്രയും പണം കറന്‍സിയായി പിടിച്ചെടുത്തു എങ്കില്‍ അതിന് ഒരുപാടു മാനങ്ങളുണ്ട്. നികുതി സംബന്ധമായ കേസുകളാണ് ജസ്റ്റിസ് വര്‍മ കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്തത്. അതില്‍ ചില വിധികളെങ്കിലും രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നതാണ്. കോണ്‍ഗ്രസിന് കോടിക്കണക്കിനു രൂപയുടെ നികുതി ചുമത്തിയതിനെതിരായ ഹര്‍ജിയൊക്കെ എടുത്തവഴി തള്ളി വിവാദത്തിലായയാളാണ് ജസ്റ്റിസ് വര്‍മ.
മുന്‍പും വിവാദത്തിലായ ജസ്റ്റിസ് വര്‍മ
സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നയാളാണ്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെ വായ്പയെടുത്തു വഞ്ചിച്ചെന്ന കേസിലാണ് ജസ്റ്റിസ് വര്‍മയും ഉള്‍പ്പെട്ടത്. സിംഭോലി ഷുഗര്‍ മില്‍സ് എന്ന പഞ്ചസാര കമ്പനി 97 കോടി രൂപ കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ എടുത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നണ് കേസ്. വായ്പയെടുക്കുമ്പോള്‍ ജസ്റ്റിസ് വര്‍മ ആ കമ്പനിയുടെ ഡയറക്ടറാണ്. 2015ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഒരടി മുന്നോട്ടുപോയില്ല. എഫ്‌ഐആറില്‍ ജസ്റ്റിസ് വര്‍മയുടെ പേരും ഉണ്ടായിരുന്നു. മരവിച്ച അന്വേഷണം പുനരാരംഭിക്കാന്‍ 2024 ഫെബ്രുവരിയില്‍ വിചാരണ കോടതി ഉത്തരവിട്ടു. ഇതില്‍ അന്വേഷണം തുടങ്ങുംമുന്‍പ് സുപ്രീംകോടതി കേസില്‍ ഇടപെടുകയും എല്ലാത്തരത്തിലുമുള്ള അന്വേഷണം ഉപേക്ഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെ സിബിഐയുടെ പ്രാഥമിക അന്വേഷണം പോലും തടസ്സപ്പെട്ടു. പണം കണ്ടെത്തിയ കേസില്‍ അലഹാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ ചോദ്യം തന്നെയാണ് ശേഷിക്കുന്നത്. സാധാരണക്കാരുടെ വീട്ടില്‍ നിന്ന് രണ്ടുലക്ഷത്തി ഒരു രൂപ പിടിച്ചാല്‍ പോലും ജയിലില്‍ പോകണം. ജസ്റ്റിസിന്റെ വീട്ടില്‍ നിന്ന് 15 കോടി പിടിച്ചപ്പോള്‍ സ്വന്തം കോടതിയിലേക്കാണോ സ്ഥലംമാറ്റം? ഇപ്പോള്‍ സംശയനിഴലിലായിരിക്കുന്നത് സീസറോ സീസറുടെ ഭാര്യയോ അല്ല. അതിനും മേലെ വിധി പറയേണ്ടവര്‍ തന്നെയാണ്.