റേഷൻ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ വേതന വർധനവ് ചർച്ച മാർച്ചിൽ തുടങ്ങാം എന്ന് ജി.ആർ. അനിൽ ഉറപ്പ് നൽകി
സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു. വേതന വർധനവ് ചർച്ച മാർച്ചിൽ തുടങ്ങാം എന്ന ഉറപ്പിലാണ് തീരുമാനം. മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ റേഷൻ വ്യാപാരികൾ തീരുമാനിച്ചത്. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകുമെന്നുമെന്നും മന്ത്രി ഉറപ്പ് നൽകി.
അഞ്ച് സംഘടനകളാണ് സമരത്തിൽ ഉണ്ടായിരുന്നതെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ട് വിഷയങ്ങളുടെ പേരിലാണ് അവർ സമരത്തിൽ നീങ്ങിയത്. കമ്മീഷൻ അടുത്ത മാസം 15 നൽകും. ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടത് കൊണ്ടായിരുന്നു നേരെത്തെ വൈകിയിരുന്നത്. കമ്മീഷൻ പരിഷ്കരണം ആയി ബന്ധപ്പെട്ട ചർച്ച മാർച്ചിൽ ആരംഭിക്കുമെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.
ALSO READ: സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും; റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിലേയ്ക്ക്
ഇന്ന് രാവിലെ ആരംഭിച്ച റേഷൻ വ്യാപാരികളുടെ സമരത്തിൽ സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം സ്തംഭിച്ചിരുന്നു. പതിനാലായിരത്തോളം വരുന്ന റേഷൻ കടകളിൽ ഇരുന്നൂറോളം കടകൾ മാത്രമായിരുന്നു തുറന്നു പ്രവർത്തിച്ചത്. ഈ സാഹചര്യത്തിൽ 40ലേറെ മൊബൈൽ റേഷൻ കടകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചിരുന്നു
വേതന വർധന നടപ്പാക്കുന്നതിൽ കൃത്യമായ ഉറപ്പ് ലഭിക്കും വരെ സമരം എന്നായിരുന്നു റേഷൻ വ്യാപാരികളുടെ തീരുമാനം. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു.