ഒരു കോൺസ്റ്റബിളിൻ്റെ തോക്ക് തട്ടിയെടുത്താണ് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തത്
മുംബൈ ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അക്ഷയ് ഷിൻഡെ വെടിയേറ്റ് മരിച്ചു. ഇന്ന് വൈകുന്നേരം പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥൻ്റെ തോക്ക് പിടിച്ചു വാങ്ങി പൊലീസുകാരനു നേരെ വെടിയുതിർക്കുകയും തിരിച്ചുണ്ടായ വെടിവെപ്പിൽ പരിക്കേൽക്കുകയുമായിരുന്നു. ഒരു കോൺസ്റ്റബിളിൻ്റെ തോക്ക് തട്ടിയെടുത്താണ് ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തത്.
ആദ്യ ഭാര്യ നൽകിയ ബലാത്സംഗ കേസിൽ ഷിൻഡെയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കാനാണ് ബദ്‌ലാപൂരിലെ ഉദ്യോഗസ്ഥർ തലോജ ജയിലിലേക്ക് പോയത്.
വൈകിട്ട് ആറരയോടെ പൊലീസ് സംഘം മുമ്പ്ര ബൈപ്പാസിന് സമീപം എത്തിയപ്പോൾ ഷിൻഡെ ഒരു കോൺസ്റ്റബിളിൻ്റെ തോക്ക് തട്ടിയെടുക്കുകയും നിരവധി റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. ഇതിന് പ്രതിരോധിക്കാൻ മറ്റൊരു ഉദ്യോഗസ്ഥൻ ഷിൻഡെയെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Also Read: അന്നയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ പരാമർശം, മറുപടിയുമായി നിർമല സീതാരാമൻ
ഓഗസ്‌റ്റ് ഒന്നിന് സ്‌കൂൾ ശുചിമുറികൾ വൃത്തിയാക്കാൻ കരാർ അടിസ്ഥാനത്തിലാണ് അക്ഷയ് ഷിൻഡെയെ പെൺകുട്ടികളുടെ സ്കൂളിൽ നിയമിച്ചത്. എന്നാൽ ദിവസങ്ങൾക്കകം സ്‌കൂളിലെ വാഷ്‌റൂമിൽ വച്ച് നാലുവയസു പ്രായമുള്ള പെൺകുട്ടികളെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കുട്ടികൾ പീഡന വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെ തുടർന്ന് താനെ നഗരത്തിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം റെയിൽവേ ലൈനുകൾ തടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്. പെൺകുട്ടികളുടെ ശുചിമുറികൾ വൃത്തിയാക്കുവാൻ പുരുഷന്മാരെ നിയമിച്ച സ്കൂളിൻ്റെ നടപടിയും കോടതി ചോദ്യം ചെയ്തിരുന്നു.