അനുവദിച്ചതിലും അധികം കള്ള് കൊണ്ടുപോകുന്നുണ്ടോ എന്നറിയാനാണ് ആദ്യ പരിശോധന. ശേഷം കൊണ്ടു പോകുന്ന കള്ളിൽ മായം കലർത്തിയിട്ടുണ്ടോ എന്നറിയാൻ സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയും നടത്തും.
പാലക്കാട് ജില്ലയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിലെ കള്ള് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം അശാസ്ത്രീയം. ചെക്ക് പോസ്റ്റുകളിൽ നിന്നും ശേഖരിക്കുന്ന കള്ളിന്റെ സാമ്പിൾ പരിശോധനാ ഫലം ലഭിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ടി വരുന്നു. കള്ള് പരിശോധന സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സർക്കാരിന് മുൻപിലുണ്ടെങ്കിലും ഇവയൊന്നും നടപ്പിലാകുന്നില്ലെന്നതാണ് വാസ്തവം.
വടക്കഞ്ചേരിയിലെ അണക്കപ്പാറയിൽ മാത്രമല്ല, പാലക്കാട് പറളിയിലും കള്ള് പരിശോധനയ്ക്കായി ചെക്ക് പോസ്റ്റുണ്ട്. പാലക്കാട് നിന്നും മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിൻ്റെ പരിശോധന നടത്തുന്നത് ഇവിടെയാണ്. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. അനുവദിച്ചതിലും അധികം കള്ള് കൊണ്ടുപോകുന്നുണ്ടോ എന്നറിയാനാണ് ആദ്യ പരിശോധന. ശേഷം കൊണ്ടു പോകുന്ന കള്ളിൽ മായം കലർത്തിയിട്ടുണ്ടോ എന്നറിയാൻ സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയും നടത്തും.
Also Read; കാളയെ കാട്ടാന കുത്തിക്കൊന്നു; സംഭവം അട്ടപ്പാടി പാലൂർ ആനക്കട്ടി ഊരിൽ
ചെക്ക്പോസ്റ്റിൽ നിന്നും ശേഖരിക്കുന്ന കള്ളിന്റെ പരിശോധന ഫലം വരാൻ ആഴ്ചകൾ കാത്തിരിക്കണം. അപ്പോഴേക്കും കള്ള് വിൽപ്പന കഴിഞ്ഞിട്ടുണ്ടാകും. കള്ളിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെങ്കിൽ പോലും അതിന്റെ വിൽപ്പന മുൻകൂട്ടി തടയാനാകില്ലെന്ന് ചുരുക്കം. ഈ പ്രശ്നം പരിഹരിക്കാൻ ഇപ്പോഴും ഒരു നടപടിയും ഇല്ലായെന്നത് സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ല എന്നതിന്റെ തെളിവാണ്.
പ്രശ്ന പരിഹാരത്തിന് നിരവധി നിർദേശങ്ങൾ സർക്കാരിന്റെ മുൻപിലുണ്ട്. കള്ള് പരിശോധിക്കുന്ന ചെക്ക് പോസ്റ്റിന് സമീപം ലാബ് സ്ഥാപിക്കുക, അതിവേഗം പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനങ്ങൾ ലഭ്യമാക്കുക, ഏത് ജില്ലയിലേക്കാണോ കള്ള് കൊണ്ടുപോകുന്നത് ആ ജില്ലയിൽ പരിശോധന നടത്തിയ ശേഷം മാത്രം വിൽപ്പനയ്ക്ക് അനുമതി നൽകുക എന്നിങ്ങനെ. എന്നാൽ നിർദേശങ്ങളെല്ലാം കടലാസിൽ മാത്രം ഒതുങ്ങുകയാണ്. പേരിനുള്ള പരിശോധനകൾ തുടരുകയും ചെയ്യുന്നു.