ചമൽ അംബേദ്കർ കോളനിയിൽ താമസിക്കുന്ന അഭിനന്ദിനെ(23) സഹോദരൻ അർജുനാണ് വെട്ടിയത്
അർജുൻ ക്ഷേത്രത്തിലെ വാളുമായി പോകുന്ന ദൃശ്യങ്ങൾ
സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് ലഹരിയിൽ ആക്രമണം. കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ജ്യേഷ്ഠൻ അനുജൻ്റെ തലയ്ക്ക് വെട്ടി. താമരശേരിക്ക് സമീപം ചമലിലാണ് സംഭവം. ചമൽ അംബേദ്കർ കോളനിയിൽ താമസിക്കുന്ന അഭിനന്ദിനെ(23) സഹോദരൻ അർജുനാണ് വെട്ടിയത്. കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്തായിരുന്നു ആക്രമണം. ലഹരിക്കടിമയായ അർജുനെ, അഭിനന്ദ് ലഹരി മുക്ത കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ആക്രമണമെന്നാണ് സൂചന.
ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് അഭിനന്ദിനെ വെട്ടിയത്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത അർജുൻ, ആയുധവുമായി വീട്ടിലെത്തിയാണ് അഭിനന്ദിനെ വെട്ടിയത്. അഭിനന്ദിൻ്റെ തലയിൽ ആറ് സ്റ്റിച്ചുകളുണ്ട്. അഭിനന്ദിൻ്റെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം ക്ഷേത്രത്തിലെ വാളെടുത്ത് കൊണ്ടുപോയതിന് അമ്പലക്കമ്മിറ്റി പൊലീസിൽ പരാതി നൽകി. താമരശേരി പൊലീസിലാണ് കാരപ്പറ്റ ക്ഷേത്ര കമ്മറ്റി പരാതി നൽകിയത്. ആചാരത്തിൻ്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയിൽ വയ്ക്കാറുണ്ട്. സഹോദരനെ വെട്ടാനായി അക്രമി അമ്പലത്തിൽ നിന്ന് വാൾ മോഷ്ടിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്