സിപിഐയിലെ പോലെ സിപിഎമ്മിലും മൂന്ന് തവണ നിബന്ധന മതിയെന്നാണ് ആലോചന.
കേരളത്തിൽ എംഎൽഎമാർക്ക് രണ്ട് ടേം നിബന്ധന മാറ്റാൻ സിപിഎമ്മിൽ ആലോചനയെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. എംഎൽഎമാർക്ക് മൂന്ന് ടേം പരിധി സിപിഎമ്മും നടപ്പാക്കിയേക്കുമെന്നാണ് സൂചന. സിപിഐയിലെ പോലെ സിപിഎമ്മിലും മൂന്ന് തവണ നിബന്ധന മതിയെന്നാണ് ആലോചന.
തുടർച്ചയായി രണ്ട് തവണ എംഎൽഎമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സിപിഎം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എംഎൽഎ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ.
ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന തോന്നൽ ചില എംഎൽഎമാരുടെ പ്രവർത്തന പോരായ്മയ്ക്ക് കാരണമാകുന്നതായും വിലയിരുത്തലുണ്ട്. ടേം ഇളവ് നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഒഴിവാകുക 25 സിറ്റിങ് എംഎൽഎമാരാണ്. പിണറായി വിജയൻ, കെ.കെ. ഷൈലജ, ടി.പി. രാമകൃഷ്ണൻ, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങി 25 പേർക്ക് വീണ്ടും അവസരം നൽകിയേക്കും.
ALSO READ: ക്ലാസിക്കൽ ഫാസിസം ഇന്ത്യയിലോ ലോകത്തോ ഇല്ല, സിപിഎം നിലപാടിൽ മാറ്റമില്ല: എം.വി. ഗോവിന്ദൻ
2021ൽ നടപ്പാക്കിയ രണ്ട് ടേം നിബന്ധനയിൽ ഒഴിവായത് 22 സിറ്റിങ് എംഎൽഎമാരാണ്. അതിൽ അഞ്ച് പേർ മന്ത്രിമാരായിരുന്നു. 22 പേരെ ഒഴിവാക്കിയിട്ടും 2021ൽ എട്ട് സീറ്റുകൾ എൽഡിഎഫിന് കൂടി. 2021ലെ അവസ്ഥയാകില്ല 2026ൽ എന്നാണ് പാർട്ടി വിലയിരുത്തൽ. സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ ടേം പരിധി ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. പുതിയ സംസ്ഥാന കമ്മിറ്റിയാണ് ഇളവിൽ തീരുമാനമെടുക്കുക.