2022 ല്‍ ഷഹ്‌സാദി ജോലിക്ക് നിന്നിരുന്നിടത്തെ ഉടമ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ പരിചരിച്ചിരുന്നത് ഷഹ്‌സാദിയായിരുന്നു.
നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച കേസില്‍ യുഎഇയില്‍ മരണശിക്ഷ അനുഭവിക്കുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ ശിക്ഷ നടപ്പാക്കി. ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ തിങ്കളാഴ്ച അറിയിച്ചു.
2025 ഫെബ്രുവരി 15നാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയത്. ഫെബ്രുവരി 28ന് യുഎഇ സര്‍ക്കാരില്‍ നിന്നും യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. സംസ്‌കാരം ഫെബ്രുവരി 28ന് തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ ജോലിക്ക് നിന്ന വീട്ടിലെ കുഞ്ഞ് മരിച്ചതോടെയാണ് കേസില്‍ ഷഹ്‌സാദി ഖാന്‍ അബുദബിയിലെ അല്‍ വത്ബ ജയിലിലാവുന്നത്. 2021 ഡിസംബറിലാണ് ഷഹ്‌സാദി ഖാന്‍ അബുദബിയിലെത്തിയതെന്ന് പിതാവ് ഷബീര്‍ ഖാന്‍ പറയുന്നു. 2022 ല്‍ ഷഹ്‌സാദി ജോലിക്ക് നിന്നിരുന്ന സ്ഥലത്തെ ഉടമ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ പരിചരിച്ചിരുന്നത് ഷഹ്‌സാദിയായിരുന്നു.
ALSO READ: 'മാന്യത പാലിക്കണം'; രണ്‍വീര്‍ അലഹബാദിയയ്ക്ക് ഷോ തുടരാന്‍ സുപ്രീം കോടതി അനുമതി
വാക്‌സിന്‍ നല്‍കിയതിന് പിന്നാലെ 2022 ഡിസംബര്‍ ഏഴിന് കുഞ്ഞ് മരിച്ചു. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ ഷഹ്‌സാദി ഖാന്‍ കുറ്റസമ്മതം നടത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. 2023 ഡിസംബറില്‍ പുറത്തുവന്ന ഈ വീഡിയോ കുഞ്ഞിന്റെ കുടുംബം യുവതിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിച്ചതാണെന്നും ആരോപണമുണ്ട്. മാത്രമല്ല, കുഞ്ഞിന്റെ കുടുംബം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും കേസില്‍ മുന്നോട്ടുള്ള അന്വേഷണം നടത്തുന്നതിനായുള്ള എഗ്രമെന്റില്‍ ഒപ്പുവെച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2024 മെയില്‍ പിതാവ് ഷബീര്‍ ഖാന്‍ ദയാ ഹര്‍ജി ഫയല്‍ ചെയ്തു. 2025 ഫെബ്രുവരി 14ന് വധശിക്ഷയാണെന്ന് അറിയിച്ചുകൊണ്ട് മകളുടെ ഫോണ്‍കോള്‍ പിതാവിന് ലഭിച്ചു. മകളുടെ കേസില്‍ നിയമപരമായി നിലവിലുള്ള സ്ഥിതി അറിയുന്നതിന് ഫെബ്രുവരി 20ന് പിതാവ് വിദേശ മന്ത്രാലയത്തിന് ഔദ്യോഗിമായി ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. പക്ഷെ അതിന് മറുപടിയൊന്നും ഇതുവരെ ലഭിച്ചില്ല.