ആദ്യ ഘട്ടത്തില്‍ 242 പേരും രണ്ടാം ഘട്ടത്തില്‍ 81 പേരും ഉൾപ്പെട്ട ലിസ്റ്റ് പുറത്ത് വിട്ടിരുന്നു.
ചൂരല്‍മല-മുണ്ടക്കൈ മൂന്നാംഘട്ട കരട് പട്ടിക പുറത്തുവിട്ടു. ഫേസ് 2ബി ലിസ്റ്റാണ് പുറത്ത് വന്നത്. നോ ഗോ സോണ്‍ പരിധിയില്‍ നിന്നും 50 മീറ്ററില്‍ പൂര്‍ണമായി ഒറ്റപ്പെട്ട വീടുകളും കുടുംബാംഗങ്ങള്‍ക്ക് വാസയോഗ്യമായ വീടില്ലാത്തവരുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
പട്ടികയില്‍ ആകെ 70 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വാര്‍ഡ് പത്തില്‍ 18, വാര്‍ഡ് 11ല്‍ 37, വാര്‍ഡ് 12ല്‍ 15 കുടുംബങ്ങള്‍ എന്നിങ്ങനെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം 13 വരെ ആക്ഷേപങ്ങള്‍ നല്‍കാം. ആദ്യ ഘട്ടത്തില്‍ 242 പേരുടെയും രണ്ടാം ഘട്ടത്തില്‍ 81 പേരുടെയും ലിസ്റ്റ് പുറത്ത് വിട്ടിരുന്നു.
ALSO READ: പുതുതലമുറ അസ്വസ്ഥർ, കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാൻ പ്രത്യേക ഇടപെടൽ ഉണ്ടാകും: മുഖ്യമന്ത്രി
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ അഞ്ച് സെന്റിലും നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ 10 സെന്റിലുമായിരിക്കും വീട് നിര്‍മാണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് സജ്ജമാകുക.
ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 16 അംഗം കമ്മിറ്റിക്കാണ് ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമുള്ള ചുമതല.