അവസാന ദിവസത്തിലും പ്രതീക്ഷ കൈവിടാതെ സമരം തുടരുകയാണ് ഉദ്യോഗാർഥികൾ
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന വനിതാ സിപിഒ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. 967 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നിന്ന് സമരത്തിൽ പങ്കെടുക്കുന്ന മൂന്ന് പേർക്ക് ഉൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചിട്ടുണ്ട്. അവസാന ദിവസത്തിലും പ്രതീക്ഷ കൈവിടാതെ സമരം തുടരുകയാണ് ഉദ്യോഗാർഥികൾ.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന് ആശ്വാസമായി അഡ്വൈസ് മെമ്മോ എത്തുന്നത്. വെള്ള പുതച്ച് കിടന്നും, ദേഹത്ത് റീത്ത് വെച്ചുമായിരുന്നു ഉദ്യോഗാർഥികൾ പ്രതിഷേധം നടത്തിയത്. വിഷുദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചും രക്തത്തിൽ എഴുതിയ പ്ലക്കാർഡും കൈയ്യിലേന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും, കല്ലുപ്പിൽ മുട്ടുകുത്തി നിന്നും, ഒറ്റക്കാലിൽ മുട്ടുകുത്തി നിന്നുമെല്ലാം റാങ്ക് ഹോൾഡർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
967 പേർ ഉൾപ്പെട്ടിരിക്കുന്ന സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 30 ശതമാനത്തിൽ താഴെ മാത്രം ഉദ്യോഗാർഥികൾക്കായിരുന്നു നിയമനം ലഭിച്ചിട്ടുള്ളത്. അതായത് 967 പേരിൽ നിയമന ശുപാർശ ലഭിച്ചത് 259 പേർക്ക് മാത്രം. ഇതില്‍ അറുപതും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആരോപണം. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.