ചേലക്കര കൊണ്ടാഴി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷനില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്
പാലക്കാടും ആലപ്പുഴയിലും വർഗീയ കലാപം ലക്ഷ്യമിട്ട് നീക്കങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഭ്യന്തര വകുപ്പ് അതിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ വർഗീയ ശക്തികൾ ഇല്ലെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി. ചേലക്കര കൊണ്ടാഴി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് കൺവൻഷനില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
കേരളത്തില്‍ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ രണ്ടു തരം വർഗീയതയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും വ്യക്തമാക്കി. "മറ്റു സംസ്ഥാനങ്ങളിൽ ചെയ്തത് ഇവിടെ ചെയ്യാൻ പറ്റില്ല. വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണ്. ഇന്ത്യാ രാജ്യത്ത് ക്രമസമാധാന പാലനം ഏറ്റവും നല്ല നിലയിലുള്ള സംസ്ഥാനം കേരളമാണ്. ഒരു കുറ്റവാളിക്കും ഒരു സംരക്ഷണവും ലഭിക്കില്ല. ആരെന്ന് നോക്കാതെ കർക്കശമായ സമീപനം സ്വീകരിക്കും", മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് ന്യൂനപക്ഷവിരുദ്ധ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ സംസാരിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. എല്ലാ കാലത്തും അവർ സ്വീകരിക്കുന്ന നിലപാടാണിത്. ന്യൂനപക്ഷത്തെ പ്രത്യേകമായി സംരക്ഷിക്കുക എന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. പക്ഷെ കേന്ദ്ര ഭരണാധികാരികൾ ഏതെല്ലാം നിലയിൽ ന്യൂനപക്ഷത്തിനെതിരെ വികാരം പ്രകടപ്പിക്കാൻ കഴിയുമോ അത് ആ നിലയിൽ ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് പരിഷ്കൃതമല്ല എന്ന് വിവിധ ലോക രാജ്യങ്ങൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവ വിഭാഗം പലവട്ടം സംഘപരിവാർ ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വന്നുവെന്നും ഇരയായവരെ കൂടുതൽ പീഡിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
"അക്രമത്തിൻ്റെ ഭാഗമായി ശിക്ഷിക്കപ്പെട്ടത് അപൂർവം ചിലർ മാത്രമാണ്. ശിക്ഷിക്കപ്പെട്ടവരെ മഹത്വവത്കരിക്കുന്ന കാഴ്ചയാണ് സംഘപരിവാർ കാട്ടിതന്നത്. ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ഒന്നും ചെയ്യാനില്ലെന്ന് തന്നെയാണ് കേന്ദ്ര സർക്കാർ പറഞ്ഞുവയ്ക്കുന്നത്. വെറുപ്പിൻ്റെ അന്തരീക്ഷം നിലനിർത്താനാണ് എല്ലാ കാലത്തും കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. പച്ചയായ വർഗീയത പറയുക, ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ പോലും വർഗീയ നിലപാടുകൾ സ്വീകരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ, ആക്രമണങ്ങൾ എന്നിവ നടക്കുന്നു", മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആരോപണം ഇന്നും മുഖ്യമന്ത്രി തുടർന്നു. 2021 ൽ പലഘട്ടങ്ങളിലും ബിജെപി-കോൺഗ്രസ് ഡീൽ നടന്നു. ഒരു ഘട്ടത്തിൽ ആർഎസ്എസ് നേതാവ് കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചു. 40 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചത് തങ്ങളുടെ സഹായത്തോടെയെന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. നേമത്തും ഇതേ ഡീൽ നടന്നു. ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ പലഘട്ടങ്ങളിലും നടന്നു. ലോക്സഭയിൽ ബിജെപി ജയിച്ച് വരുന്ന സാഹചര്യം കണ്ടും, മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിമർശനം. 2019 ലെ 87000 പരം കോൺഗ്രസ് വോട്ടുകൾ 2024 ൽ കാണാനായില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പെന്ഷന് പദ്ധതിയെപ്പറ്റിയും പിണറായി വിജയന് വാചാലനായി. നിലവിൽ 1600 രൂപ 60 ലക്ഷം ആളുകൾക്ക് പെൻഷനായി നൽകുന്നു. കേന്ദ്ര ഗവൺമെൻ്റ് മുൻ വർഷങ്ങളിൽ കാര്യമായി ശ്വാസം മുട്ടിച്ചിരുന്നില്ല. എന്നാല്‍, നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ പ്രതിസന്ധിയിലായി. പക്ഷെ പെൻഷൻ കൊടുക്കേണ്ട മുഴുവൻ ആളുകൾക്കും കൊടുത്ത് തീർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
"പെൻഷൻ വിതരണത്തിൽ കോൺഗ്രസിന് കുശുമ്പാണ്. തങ്ങൾ ചെയ്യാത്തത് മറ്റാരും ചെയ്യേണ്ടന്ന നിലപാട് പെൻഷൻ മുടക്കുന്ന കേന്ദ്രത്തിനൊപ്പമാണ് കോൺഗ്രസ്. ഇനി പെൻഷൻ മുടങ്ങില്ല. കുടിശിക അടുത്ത മാസം കൊടുത്ത് തീർക്കും. പക്ഷേ, കോൺഗ്രസ് പ്രഖ്യാപിച്ചത് അധികാരത്തിൽ വന്നാൽ പദ്ധതി തന്നെ നിർത്തും എന്നാണ് പറയുന്നത്. വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിക്കെതിരെ കോടതിയിൽ പോയത് യുഡിഎഫ് എംഎൽഎ ആയിരുന്നു. ഇപ്പോൾ ആ പദ്ധതി മുടങ്ങി കിടക്കുന്നു. പാവപ്പെട്ടവർക്കെതിരായ നീക്കമല്ലേ ഇത്," മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു.
Also Read: എന്‍. പ്രശാന്ത് വഞ്ചനയുടെ പര്യായം; യുഡിഎഫിനു വേണ്ടി രാഷ്ട്രീയ ഗൂഢാലോചന നടത്തി: ജെ. മെഴ്സിക്കുട്ടിയമ്മ
ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണെങ്കിലും ചേലക്കരയ്ക്ക് ആദ്യം മുതൽ ഒരേ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും ചില അതിമോഹം മറ്റ് കക്ഷികൾക്കും മുന്നണിക്കൾക്കുമുണ്ട്. പക്ഷെ ചേലക്കരക്കാർ ഒന്നാകെ എല്‍ഡിഎഫിനെ പിന്താങ്ങുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബർ 13നാണ് ചേലക്കരയില്‍ തെരഞ്ഞെടുപ്പ്.