പാലക്കാടിന് വെള്ളിയും പത്തനംതിട്ട വെങ്കലവും നേടി
സംസ്ഥാന സ്കൂൾ കായികമേളയിൽ 653 പോയിൻ്റുമായി തിരുവനന്തപുരം ബഹുദൂരം മുന്നിൽ. നീന്തൽ മത്സരങ്ങളിൽ മാത്രം ഇന്ന് മൂന്ന് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. ജൂനിയർ വിഭാഗം മിക്സഡ് സ്റ്റാൻഡിങ് ബ്രോഡ് ജമ്പിലൂടെയാണ് ഇന്ന് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ആവേശകരമായ മത്സരത്തിൽ തിരുവനന്തപുരം സ്വർണം നേടി. പാലക്കാടിന് വെള്ളിയും പത്തനംതിട്ട വെങ്കലവും നേടി. ഇൻക്ലൂസീവ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഇന്ന് അവസാനിക്കും.
സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന ആൺകുട്ടികളുടെ ഫുട്‌ബോൾ മത്സരങ്ങളും കാണികൾക്ക് ആവേശമായി. ഒരുമയോടെ പോരാട്ടം നയിച്ച കാഴ്ച്ചപരിമിതരുടെ 100മീറ്റർ ഓട്ടമായിരുന്നു ഇന്നത്തെ മറ്റൊരു പ്രധാന മത്സരം. കാഴ്ച്ച പരിമിതിയുള്ള സുഹൃത്തുക്കൾക്ക് സഹപാഠികൾ കൈത്താങ്ങായപ്പോൾ മത്സരങ്ങളും ആവേശമായി.
ALSO READ: കായികതാരങ്ങൾക്കായി ഫിഫ നിലവാരത്തിൽ അന്താരാഷ്ട്ര ഫുട്‌ബോൾ ടർഫ് ഒരുക്കി എം.ജി സർവകലാശാല
കടുത്ത പോരാട്ടത്തിനൊടുവിൽ സബ് ജൂനിയർ ആൺകുട്ടികളിൽ പാലക്കാടിന്റെ മുഹമ്മദ് ഉനൈസും സബ് ജൂനിയർ പെൺകുട്ടികളിൽ കോട്ടയത്തിന്റെ അനീഷ കെ.യും സ്വർണം നേടിയപ്പോൾ ജൂനിയർ ആൺകുട്ടികളിൽ വയനാടിന്റെ അഖിൽ രാജും പെൺകുട്ടികളിൽ എറണാകുളത്തിന്റെ ഗ്രീറ്റിയയും സ്വർണം സ്വന്തമാക്കി.
നീന്തൽ കുളത്തിൽ ഇന്ന് മൂന്ന് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. സബ് ജൂനിയർ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ തിരുവനന്തപുരത്തിന്റെ മോങ്കം തീർധു സാംദേവും, 100 മീറ്റർ ബാക്ക് സ്ട്രോക്ക് ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോടിന്റെ ദേവികയും 100 മീറ്റർ ബാക്ക് സ്ട്രോക്ക് സീനിയർ ആൺകുട്ടികളിൽ തിരുവനന്തപുരത്തിന്റെ അഭിനവും മീറ്റ് റെക്കോർഡ് കുറിച്ചു. മേളയിൽ ഇരുന്നൂറിലധികം പോയിൻ്റിൻ്റെ കൂറ്റൻ ലീഡുമായാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നത്. തൃശ്ശൂരാണ് രണ്ടാമത്. സ്കൂളുകളിൽ തിരുവനന്തപുരം സെയ്ൻ്റ് ജോസഫ് എച്ച്എസ്എസ് ആണ് മുന്നിൽ.