രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയവത്കരിക്കുന്നത് എന്തിന് എന്നാണ് സിപിഐഎമ്മിന്റെ ചോദ്യം.
പാലക്കാട്ടെ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ ആളിക്കത്തി മുഖ്യമന്ത്രിയുടെ പാണക്കാട് വിമര്‍ശനം. സാദിഖലി തങ്ങളെ പിണറായി അളക്കേണ്ട എന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. പിണറായിക്കും കെ.സുരേന്ദ്രനും ഒരേ സ്വരമെന്ന് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയവത്കരിക്കുന്നത് എന്തിന് എന്നാണ് സിപിഐഎമ്മിന്റെ ചോദ്യം.
ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ഒപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേതോതില്‍ എതിര്‍ക്കുക എന്ന സിപിഐഎമ്മിന്റെ പുതിയ അടവ് നയത്തിന്റെ ഭാഗമായിരുന്നു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പേരെടുത്ത് വിമര്‍ശിച്ചുള്ള മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗം. സാദിഖലി തങ്ങളെ വിമര്‍ശിച്ചത് ലീഗ് കേന്ദ്രങ്ങളെ പ്രകോപിതമാക്കി. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട എന്ന് ലീഗ് മുഖപത്രമായ ചന്ദ്രിക വിമര്‍ശിച്ചു. പാണക്കാട് തങ്ങളെ വിമര്‍ശിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ലീഗ് നേതാവ് കെ.എം.ഷാജി പറഞ്ഞു.
പിണറായിയുടെ പ്രസംഗം ആയുധമാക്കി കോണ്‍ഗ്രസും രംഗത്തെത്തി. സാദിഖലി തങ്ങളെ വിമര്‍ശിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച കെ.സുരേന്ദ്രനും പിണറായി വിജയനും ഒരേ സ്വരമാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
ലീഗ് സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിന് മതച്ഛായ നല്‍കുന്നത് എന്തിനെന്ന ചോദ്യമാണ് സിപിഐഎം ഉയര്‍ത്തുന്നത്. രാഷ്ട്രീയ വിമര്‍ശനത്തെ ലീഗ് വര്‍ഗീയവത്കരിക്കുന്നു എന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
പിണറായി സാദിഖലി തങ്ങളെ അധിക്ഷേപിച്ചിട്ടില്ല എന്ന് എ.കെ. ബാലന്‍ പറഞ്ഞു. രണ്ട് വോട്ടിന് വേണ്ടി മതത്തെ രാഷ്ട്രീയത്തില്‍ ഇടകലര്‍ത്തുന്ന കെ.എം.ഷാജിയുടെ വെല്ലുവിളി തള്ളിക്കളയുന്നു എന്നും ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന തന്ത്രപരമായ പ്രതികരണമാണ് കാന്തപുരം എപി വിഭാഗം നേതാവ് അബ്ദുള്‍ ഹക്കീം അസ്ഹരി നടത്തിയത്. പാലക്കാട്ടെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിണറായി നടത്തിയ പരാമര്‍ശം കേവലം യാദൃച്ഛികമല്ല. ഉള്ളലകള്‍ ഉണ്ടാക്കുന്ന ആ പരാമര്‍ശം തിരഞ്ഞെടുപ്പ് ഗോദയില്‍ ഉപയോഗിക്കുകയാണ് യുഡിഎഫും.