fbwpx
"തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സിപിഎം-ബിജെപി ഡീലിൻ്റെ ഭാഗം"; വിവാദം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 05:34 PM

പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന

KERALA


തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളികൊണ്ട് എഫ്ഐആർ പുറത്തെത്തിയിരിക്കുകയാണ്. തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ വിഷയം ഭരണകക്ഷിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. സിപിഎം-ബിജെപി ഡീലിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നായിരുന്നു യുഡിഎഫ് കൺവീന‍‍ർ എം.എം. ഹസ്സൻ്റെ ആരോപണം. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണം ഭയക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനും ചോദിച്ചു.

പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന. ഇത് അപകടം പിടിച്ച കളിയാണ്. എഫ്ഐആറിൽ പൂരം കലക്കിയതെന്ന് വ്യക്തമായെന്നും, നിയമസഭയിൽ പൂരം കലങ്ങിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് എങ്ങനെ മാറ്റിപ്പറയുമെന്നും കെ. മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണം ഭയക്കുന്നതെന്ന് ചോദിച്ച കെ. മുരളീധരൻ, ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സിപിഎം-ബിജെപി ഡീലിൻ്റെ ഭാഗമെന്നും ആരോപിച്ചു.

ALSO READ: തൃശൂർ പൂരം കലക്കലിൽ ഗൂഢാലോചന; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്


സിപിഎം-ബിജെപി ഡീലിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് എം.എം. ഹസനും ആരോപിച്ചു. പൂരം വൈകിയത് മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാനാണ്. പാലക്കാട് സീറ്റിൽ ബിജെപിയെ സിപിഎം സഹായിക്കും, ചേലക്കരയിൽ ബിജെപി സിപിഎമ്മിനെ സഹായിക്കും. ഈ ഡീലിൻ്റെ ഭാഗമായാണ് കോഴിക്കോട് മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്ന പ്രസ്താവന നടത്തിയത്. ജയരാജന്റെ പരിപാടി സംഘടിപ്പിച്ചതു പോലും മുഖ്യമന്ത്രിക്ക് ഇത്തരം ഒരു പ്രസ്താവന നടത്താൻ വേണ്ടിയാണെന്നും ഹസൻ ആരോപിച്ചു.

പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. പൂരം കലക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായും അന്വേഷണത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.

ആർഎസ്എസുകാരെ സന്തോഷിപ്പിക്കാനാണ് പൂരം കലക്കിയത്. കലങ്ങിയില്ലെങ്കിൽ ത്രിതല അന്വേഷണം എന്തിനാണ്? പാലക്കാട് ബിജെപി-സിപിഎം ഡീൽ ഉണ്ടെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി തൃശൂർ പൂരം കണ്ടിട്ടില്ലെന്നും കണ്ടിട്ടുണ്ടെങ്കിൽ പൂരം കലങ്ങിയിട്ടില്ലെന്ന് പറയില്ലായിരുന്നുവെന്നും കെ. മുരളീധരൻ നേരത്തെ വിമർശിച്ചിരുന്നു.

ALSO READ: പൂരം കലക്കൽ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാൻ, ലക്ഷ്യം അന്വേഷണം അട്ടിമറിക്കൽ: രമേശ്‌ ചെന്നിത്തല

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടന്നതായാണ് എസ്ഐടി സംഘത്തിൻ്റെ നിർദേശ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്നത്. പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മത പരമായ ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുക, രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകിയതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. തൃശൂർ പൂരം കലക്കിയെന്ന് ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണെന്നും, ഇതിൻ്റെ പേരാണോ പൂരം കലക്കലെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്.




WORLD
ആരോഗ്യപരിപാലനത്തിന് വ്യായാമം നിർബന്ധം; പ്രഭാത സവാരിക്കിറങ്ങി മസ്കിൻ്റെ റോബോട്ട്
Also Read
user
Share This

Popular

CHESS
NATIONAL
CHESS
ലോക ചാംപ്യനായി ഗുകേഷ്; നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരം