2024 ലെ ഇടക്കാല ബജറ്റിലും ബിഹാറിന് കേന്ദ്രം പ്രത്യേക പരിഗണന നൽകിയിരുന്നു
"'വികസിത് ഭാരത്' എന്ന നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാനായി രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ് ഈ ബജറ്റ് സമർപ്പിച്ചിരിക്കുന്നത്"
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്. എഐ മുതൽ കൃഷി വരെയുള്ള മേഖലകളിൽ നിരവധി പ്രഖ്യാപനങ്ങൾ മലവെള്ളപ്പാച്ചിലുപോലെ വരുമ്പോൾ ധനമന്ത്രി ശ്രദ്ധാപൂർവം ഒരു സംസ്ഥാനത്തിന്റെ പേര് മാത്രം ഇടയ്ക്കിടയ്ക്ക് എടുത്ത് പറഞ്ഞു - ബിഹാർ. അതും പ്രസംഗം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ. സംസ്ഥാനത്തിന്റെ പേര് എടുത്തു പറഞ്ഞാണ് ധനമന്ത്രി പദ്ധതികൾ പ്രഖ്യാപിച്ചത്. എന്നാൽ മറ്റു പദ്ധതികൾ ഏതെല്ലാം സംസ്ഥാനങ്ങളിൽ നടപ്പാക്കും എന്ന് പ്രത്യേകമായി എടുത്തു പറയുന്നുമില്ല.
നവംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിൽ ബിഹാറിന് ഇത്തരത്തിൽ പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ബിഹാറിലെ വിവിധ മേഖലകളെ പ്രത്യേകമായി പരിഗണിക്കുന്നത് ബജറ്റിൽ കാണാം. അതിൽ ആദ്യത്തെ പ്രഖ്യാപനം ബിഹാറിൽ ആരംഭിക്കുന്ന മഖാന (താമരവിത്ത്) ബോർഡിനെപ്പറ്റിയായിരുന്നു. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതൊരു പ്രത്യേക അവസരമാണെന്നാണ് ധനമന്ത്രി പറഞ്ഞത്. മഖാനയുടെ ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നിവ വർദ്ധിപ്പിക്കുക. ഈ പരമ്പരാഗത വിളയ്ക്ക് ഗണ്യമായ വളർച്ചാ സാധ്യതകൾ വാഗ്ദാനം ചെയ്യുകയും ബീഹാറിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ഈ ബോർഡ് കൊണ്ട് ലക്ഷ്യമിടുന്നത്.
ദരിദ്ര ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സംസ്കരണത്തെ പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ധനമന്ത്രി എടുത്തുപറഞ്ഞു. ബിഹാറിനെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. കിഴക്കൻ മേഖലയിലുടനീളം ഭക്ഷ്യ സംസ്കരണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബിഹാറിൽ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഈ സംരംഭം കൊണ്ട് രണ്ട് പ്രധാന ഗുണങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒന്നാമതായി, ഇത് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മൂല്യം വർദ്ധിപ്പിച്ചുകൊണ്ട് അവരുടെ വരുമാനം വർദ്ധിപ്പിക്കും. രണ്ടാമതായി, മേഖലയിലെ യുവാക്കൾക്ക് വൈദഗ്ദ്ധ്യം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിക്കും.
ഇതു കൂടാതെ ആഭ്യന്തര വ്യോമയാന മേഖലയെ ശാക്തീകരിക്കാനായി പട്നയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. മിഥിലാഞ്ചൽ മേഖലയിലെ കനാൽ പദ്ധതി, പാട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വികസനം എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.
ബിഹാറിന് നൽകുന്ന ഈ സവിശേഷ ശ്രദ്ധ ബജറ്റിൽ അക്ഷരാർഥത്തിൽ അടിമുടി നിറഞ്ഞിരിക്കുന്നു. നിർമല സീതാരാമന്റെ സാരിയിൽ പോലും ബിഹാറിന്റെ സ്പർശമുണ്ടായിരുന്നു. മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി ചിത്രകലാരൂപമായ മധുബനി ചിത്രകലയോടുള്ള ആദരസൂചകമായാണ് ഇത്തവണ ധനമന്ത്രി തന്റെ ബജറ്റ് ദിനത്തിലെ സാരി തിരഞ്ഞെടുത്തത്.
സംസ്ഥാനത്തെ തൃപ്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ഈ ശ്രമം എന്നാൽ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രീതിപ്പെടുത്തണമെന്നില്ല. നിലവിൽ ജെഡിയുവിന്റെ കൂടെ ഭരണപക്ഷത്താണ് ബിജെപി. മുഖ്യമന്ത്രി കസേര എന്ന വാഗ്ദാനത്തിലാണ് ഇൻഡ്യ സഖ്യത്തിലെ പ്രമുഖ നേതാവായിരുന്ന നിതീഷ് ബിജെപിക്കൊപ്പം ചേർന്നത്. പ്രാദേശിക പാർട്ടികളെ അപ്രസക്തരാക്കി ബിജെപിക്ക് ഒറ്റ പാർട്ടിയായി വികസിക്കാനുള്ള മാസ്റ്റർ പ്ലാന്‍ ഈ പദ്ധതി പ്രവാഹങ്ങളില്‍ ഒളിഞ്ഞിരുക്കുന്നുണ്ടോ എന്നത് വ്യക്തത വരണമെങ്കില്‍ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നിടം വരെ കാത്തിരിക്കണം.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയു നേടിയത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിൽ ജെഡിയുവിന്റെയും എൻ. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് ഉപരിയായി ഒറ്റയ്ക്ക് വിജയം ഉറപ്പാക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ നിതീഷ് കുമാർ എങ്ങനെ ബജറ്റിലെ പ്രഖ്യാപനങ്ങൾ തന്റെ വ്യക്തിപരമായ നേട്ടമാക്കി മാറ്റുമെന്ന് വരും ദിനങ്ങളിൽ മാത്രമേ വ്യക്തമാകുകയുള്ളൂ.
Also Read: "ഇതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്"; ബജറ്റവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം
ബിഹാറിനുള്ള പ്രത്യേക പരിലാളനയ്ക്ക് പ്രതിപക്ഷത്തിൽ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ബിഹാറിനുള്ള കേന്ദ്രത്തിന്റെ പ്രോത്സാഹനം സ്വാഭാവികമാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ആന്ധ്രാപ്രദേശിനെ "ക്രൂരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Also Read: മധുബനി കലയോട് ആദരസൂചകമായി ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് ദിന സാരി
2024 ലെ ഇടക്കാല ബജറ്റിലും ബിഹാറിന് കേന്ദ്രം പ്രത്യേക പരിഗണന നൽകിയിരുന്നു. ആന്ധ്രാ പ്രദേശിന് 15,000 കോടി വകയിരുത്തിയപ്പോൾ ബിഹാറിന് ഹൈവേ വികസനത്തിന് 26,000 കോടിയും 11,500 കോടിയുടെ പ്രത്യേക പ്രളയ നിര്‍മാര്‍ജന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പ്രളയ നിര്‍മാര്‍ജന പദ്ധതിയില്‍ അസമവും ഹിമാചല്‍പ്രദേശും ഉള്‍പ്പെട്ടപ്പോള്‍ കേരളത്തെ അവഗണിച്ചു. ഇത്തവണയും സ്ഥിതി മറിച്ചല്ല. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെപ്പറ്റി അറിഞ്ഞ മട്ടില്ലാതെയാണ് ധനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്.