വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്നും വീഴ്ച വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു
കൊച്ചി കാക്കനാട് പത്താം ക്ലാസുകാരിക്ക് നേരെ നായ്ക്കുരണ പൊടി പ്രയോഗിച്ച സംഭവത്തിൽ തെങ്ങോട് ഗവ. സ്കൂളിലെ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. അധ്യാപകരായ ശ്രീകാന്ത്, ജിഷ, ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജെ. അലക്‌സാണ്ടർ സസ്‌പെന്റ് ചെയ്‍തത്. മറ്റൊരു അധ്യാപികയായ രാജിയെ സ്ഥലം മാറ്റി. തിരുമാറാടി സ്കൂളിലേക്കാണ് അധ്യാപികയെ സ്ഥലം മാറ്റിയത്.
വിദ്യാർത്ഥിനിക്ക് നേരെ നായ്കുരണപ്പൊടി പ്രയോഗം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്നും വീഴ്ച വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. തെങ്ങോട് ഗവ. സ്കൂൾ വിദ്യാർഥിനിക്ക് നേരെ നായ്കുരണ പൊടി പ്രയോഗം നടത്തിയ സംഭവത്തിൽ സ്‌കൂളിലെ അധ്യാപകർ ഉൾപ്പടെ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് നടപടി.
ഫെബ്രുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ക്ലാസ് മുറിയിലെ പിൻ ബെഞ്ചിലിരിക്കുന്ന വിദ്യാർഥിനിയായ അനന്യയാണ് പോളിത്തീൻ കവർ നിറയെ നായ്ക്കുരണ പൊടി കൊണ്ടുവന്നത്. സുഹൃത്തുക്കൾ വഴി കൈമാറുന്നതിനിടയിൽ തൻ്റെ ദേഹത്തേക്ക് അത് വീഴുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് ചൊറിച്ചിൽ സഹിക്കാൻ പറ്റാതെയായെന്നും പെൺകുട്ടി പറഞ്ഞു.
വാഷ് റൂമിലെത്തി തുണി കഴുകി കുളിച്ചപ്പോഴെക്കും കൈയിലെ തൊലിയൊക്കെ അടർന്നുപോയിരുന്നു. ഡ്രസ് പോലുമില്ലാതെയാണ് താൻ വാഷ് റൂമിൽ നിന്നതെന്നും,കാര്യം അറിഞ്ഞിട്ട് പോലും അധ്യാപകർ ഇടപെട്ടില്ലെന്നും ശരീരം മറയ്ക്കാൻ ഒരു തുണി പോലും തന്നില്ലെന്നും പെൺകുട്ടി പറഞ്ഞു.രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷ കഴിഞ്ഞതിന് ശേഷം ആരോപണ വിധേയരായ കുട്ടികളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.