പുതിയ നിയമ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സലർക്കായിരിക്കും
സർവകലാശാല വൈസ് ചാന്‍സലർ നിയമനത്തില്‍ യുജിസി കരട് നിർദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ. ചാൻസലറായ ഗവർണർക്ക് വൈസ് ചാന്‍സലർമാരെ നേരിട്ട് നിയമിക്കാമെന്ന കരട് നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ്. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഈ നിർദേശത്തെ എതിർക്കണമെന്നും പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Also Read: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ശീഷ് മഹലിൽ കൊമ്പ്കോർത്ത് ആം ആദ്മിയും ബിജെപിയും
കഴിഞ്ഞ ദിവസമാണ് വിസി നിയമനത്തിൽ യുജിസി പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചത്. ചാൻസലർക്ക് കൂടുതൽ അധികാരം നല്‍കുന്നതാണ് യുജിസി പുറത്തിറക്കിയ പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം. പുതിയ നിയമ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സലർക്കായിരിക്കും. വിദഗ്‌ധർ അംഗങ്ങളായ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി നിയമിക്കണമെന്നുമാണ് 2018ലെ യുജിസി മാർഗനിർദേശം. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ നിയമം വരുന്നത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്ക് പുതിയ നിയമം ബാധകമാണ്. ഈ നിയമത്തെ മറികടന്നു നടക്കുന്ന വിസി നിയമനങ്ങൾ അസാധുവുമായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം പുറത്തുവരുന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിസി നിയമനം കോടതി കയറുന്നത് സ്ഥിരം കാഴ്ചയാണ്. കേരള മുന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍-എല്‍ഡിഎഫ് സർക്കാർ പോരിന്‍റെ തുടക്കവും വിസി നിയമനത്തിലെ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.