കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവച്ചു
ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ 250-ലധികം യാത്രക്കാർ തുർക്കിയിൽ കുടുങ്ങി. 40മണിക്കൂറോളമായി ഇവർ തുർക്കിയിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. അടിയന്തര മെഡിക്കൽ സഹായത്തിൻ്റെ ഭാഗമായി വിമാനം ദിയാർബക്കിർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതിനെ തുടർന്നാണ് യാത്രക്കാർക്ക് ഈ അവസ്ഥ നേരിടേണ്ടിവന്നത്.
അടിയന്തര ലാൻഡിങ്ങിന് ശേഷം വിമാനത്തിൻ്റെ സാങ്കേതിക തകരാറുകൾ പരിശോധിച്ചുവരികയാണ്. "ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന, ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു", എന്ന് വിർജിൻ അറ്റ്ലാന്റിക് വക്താവ് പറഞ്ഞു. "യാത്രക്കുള്ള അനുമതി ലഭിച്ചില്ലെങ്കിൽ, നാളെ ട്രാൻസ്ഫർ സൗകര്യം ഒരുക്കി കൊണ്ട് മുംബൈയിലേക്കുള്ള യാത്ര പൂർത്തിയാക്കാനാണ് ഞങ്ങളുടെ പദ്ധതി",എയർലൈൻ അധികൃതർ അറിയിച്ചു.
ALSO READ: ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു; അന്ത്യം മുംബൈയിൽ
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവച്ചു. വിമാനത്താവളത്തിൽ കാത്തുനിന്ന 300-ഓളം യാത്രക്കാർക്ക് ഒറ്റ ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്ന് പലരും പരാതിപ്പെട്ടു. ഒറ്റ അക്ക താപനിലയെ നേരിടാൻ യാത്രക്കാർക്ക് പുതപ്പുകൾ നൽകിയിട്ടില്ലെന്ന് ഒരു യാത്രക്കാരൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. "യാത്രക്കാർക്ക് തുർക്കിയിൽ ഹോട്ടൽ താമസവും ലഘുഭക്ഷണവും നൽകുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളെയും അറിയിക്കും, എയർലൈൻ അധികൃതർ കൂട്ടിച്ചേർത്തു.
"ഞങ്ങൾ ഏകദേശം 20 മണിക്കൂറോളം പട്ടിണി കിടക്കുകയായിരുന്നു. ഒടുവിൽ ഭക്ഷണം എത്തിയപ്പോൾ, അത് ഒരു നോൺ-വെജിറ്റേറിയൻ ഭക്ഷണമായിരുന്നു.അവിടെ ചിക്കൻ നേരിട്ട് ഒരു റൊട്ടിക്ക് മുകളിൽ വിളമ്പി. സസ്യാഹാരികളായ ഞങ്ങൾക്ക് ഒരുപിടി സാലഡ് ഒഴികെ മറ്റൊന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല,"മറ്റൊരു യാത്രക്കാരൻ പറഞ്ഞു."ജീവനക്കാർക്ക് വിശ്രമിക്കാൻ ഒരു സ്ഥലം നൽകിയതായി ഞങ്ങൾ കേട്ടു. പക്ഷേ ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല.ഞങ്ങളെ തടവുകാരെപ്പോലെയാണ് പരിഗണിച്ചത്,യാത്രക്കാർ അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവച്ചു.