തുച്ഛമായ ശമ്പളം നൽകികൊണ്ട്, തൊഴിലാഴികളെ 12 മണിക്കൂര്‍ വരെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന് തൊഴിലാളികൾ വെളിപ്പെടുത്തി
കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളായ ജിപിഎൽ,എച്ച്പിഎൽ എന്നിവിടങ്ങളിലെ തൊഴിൽ പീഡനത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാർക്കറ്റിങ് മേഖലയിൽ തൊഴിൽ ചെയ്യുന്ന യുവാക്കളെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ പിന്നാലെയാണ് യുവജന കമ്മീഷൻ്റെ നടപടി. തുച്ഛമായ ശമ്പളം നൽകികൊണ്ട്, തൊഴിലാഴികളെ 12 മണിക്കൂര്‍ വരെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന് തൊഴിലാളികൾ വെളിപ്പെടുത്തിയിരുന്നു.
ജിപിഎൽ,എച്ച്പിഎൽ എന്നീ ചുരുക്കപ്പേരുകളിലുള്ള സ്ഥാപനം ജർമൻ ഫിസിക്കൽ ലബോറട്ടറി, ഹിന്ദുസ്ഥാൻ പവർ ലിങ്ക്, എന്നീ പേരുകളിലാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്.സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ പദവി വാഗ്ദാനം ചെയ്താണ് ഈ കമ്പനി വർഷങ്ങളായി ക്രൂരമായ തൊഴിൽ പീഡനം നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്നത്. തൊഴിൽപീഡനത്തെ കുറിച്ച് ന്യൂസ് മലയാളം വാർത്തയിൽ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. ജില്ലാ ഓഫീസർ കമ്പനിയിൽ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: പ്രതിഷേധം ശക്തം, സ്ഥാപനം അടച്ചുപൂട്ടി
"കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക,ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവർ പറയുന്നു. അർധനഗ്നരാക്കി നിർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണ്", ഇരകളായ യുവാക്കൾ വെളിപ്പെടുത്തി.
എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി നമ്മുടെ വീട്ടുവാതിലിൽ വന്ന് മുട്ടുന്ന, പഠനത്തിൻ്റെ ഭാഗമായ പ്രൊജക്ടാണ്, ഒരു പ്രൊഡക്ട് വാങ്ങുമോ എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഈ കുട്ടികളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാധനം വിറ്റാൽ മാത്രം അന്നത്തെ ദിവസം ഭക്ഷണം കഴിക്കാം, ഇല്ലെങ്കിൽ പട്ടിണികിടക്കേണ്ടി വരും. വൈകീട്ട് 7.45 ആകുമ്പോഴേക്കും താമസസ്ഥലം കൂടിയായ ഓഫീസിൽ എത്തണം. സൗജന്യ ഭക്ഷണം ആയ ചോറും മുളകും ഉപ്പും കൂട്ടി കഴിക്കാം. കൃത്യം 10 മണിക്ക് തന്നെ ഉറങ്ങണം ഇല്ലെങ്കിൽ തല്ലി ഉറക്കും. ഇങ്ങനെയാണ് കമ്പനിയിലെ അവസ്ഥയുണ്ടായിരുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഉയന്നിരുന്നത്. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ആരോപണവിധേയരായ കമ്പനികൾ അടച്ചുപൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.