പതിനൊന്ന് മാസം മുതല്‍ പതിമൂന്ന് വയസ്സുവരെ പ്രായമുള്ള നാല് കുട്ടികള്‍... ആമസോണ്‍ കാട്ടിലെ ഏതോ ഒരു ഭാഗത്ത് അകപ്പെട്ടു പോകുന്നു. അവരെ കണ്ടെത്താന്‍ ആഴ്ചകള്‍ നീളുന്ന രക്ഷാദൗത്യം
സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്... ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ പ്രാധാനപ്പെട്ട പോയിന്റ് ഇതാണ്. ഈ ഭൂമി ദുര്‍ബലര്‍ക്കുള്ളതല്ല, ഇവിടെ അതിജീവനം സാധ്യമാകണമെങ്കില്‍ നിങ്ങള്‍ ഏറ്റവും കരുത്തുള്ളവരായിരിക്കണം, ഏത് സാഹചര്യങ്ങളോടും പൊരുതി ജീവിക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂവെന്ന് ചുരുക്കം.. അത് മനുഷ്യന്‍ ഉള്‍പ്പെടെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ബാധകമായ നിയമമാണ്....
ഇന്ത്യയുടെ ഇരട്ടി വലിപ്പമുള്ള ഭൂമിയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍. തെക്കേ അമേരിക്കയിലെ 8 രാജ്യങ്ങളിലും ഫ്രാന്‍സിന്റെ അധീനതയിലുള്ള ഫ്രഞ്ച് ഗയാനയിലുമായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ക്ക് 67 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ആമസോണ്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളാണ് ഈ നിബിഡവനങ്ങള്‍. 60 ശതമാനം വനമേഖലയും ബ്രസീലിലാണ്. 13 ശതമാനം പ്രദേശം പെറുവിലും 10 ശതമാനം കൊളംബിയയിലുമായി വ്യാപിച്ചു കിടക്കുന്നു. ബൊളീവിയ, ഇക്വഡോര്‍, ഗയാന, സുരിനാം, വെനസ്വേല എന്നിവയാണു മറ്റു രാജ്യങ്ങള്‍.
ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ് ഈ കാടുകള്‍. 30 ലക്ഷത്തോളം ജീവജാലങ്ങള്‍. 16,000 സ്പീഷിസിലായി 39,000 കോടി മരങ്ങള്‍. 350 ഗോത്രവിഭാഗങ്ങളിലായി മൂന്നു കോടി ജനങ്ങളും ഇവിടെ പാര്‍ക്കുന്നു.
Also Read: തുത്മോസ് രണ്ടാമന്റെ കല്ലറയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും
ഇങ്ങനെയൊരു സ്ഥലത്ത് അകപ്പെട്ടുപോയാല്‍ നിങ്ങള്‍ എന്തു ചെയ്യും? എത്ര നാള്‍ നിങ്ങള്‍ക്കവിടെ പിടിച്ചു നില്‍ക്കാനാകും? കാലുറപ്പിച്ച് നടക്കാന്‍ പോലുമാകാത്ത ഒരു കുഞ്ഞ് ഈ കൊടും കാട്ടില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു വന്നാലോ? അതേ, മനുഷ്യന്‍ ഒരു അത്ഭുതമാണ്. ഏത് സാഹചര്യത്തോടും പൊരുതി ജയിക്കാനുള്ള നമ്മുടെ ഈ കഴിവാണ് ലോകത്തെ സ്വന്തം കാല്‍ചുവട്ടില്‍ നിര്‍ത്താന്‍ നമ്മെ പ്രാപ്തരാക്കിയതും.
പതിനൊന്ന് മാസം മുതല്‍ പതിമൂന്ന് വയസ്സുവരെ പ്രായമുള്ള നാല് കുട്ടികള്‍... ആമസോണ്‍ കാട്ടിലെ ഏതോ ഒരു ഭാഗത്ത് അകപ്പെട്ടു പോകുന്നു... അവരെ കണ്ടെത്താന്‍ ആഴ്ചകള്‍ നീളുന്ന രക്ഷാദൗത്യം. കുട്ടികളുടെ മൃതദേഹമെങ്കിലും കണ്ടെത്താനാകുമോ എന്ന് പോലും അറിയാതെ ദൗത്യ സംഘം... അവര്‍ക്ക് മുന്നിലേക്ക് 40 ദിവസങ്ങള്‍ക്കു ശേഷം ഒരു പോറല്‍ പോലും ഏല്‍ക്കാതെ ആ കുട്ടികള്‍ പുഞ്ചിരിയോടെ എത്തുന്നു.... സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ സിനിമ പോലെ ഒരു കഥ...
Also Read: ഔറംഗസേബ് - ചരിത്രം, മതം, രാഷ്ട്രീയം
2023 മെയ് ഒന്നിനാണ് കൊളംബിയന്‍ ആമസോണ്‍ മേഖലയില്‍പ്പെടുന്ന ഹ്യുട്ടോട്ടോയ് ഗോത്ര വിഭാഗത്തില്‍ നിന്ന് 33 കാരിയായ മഗ്ദെലന മുകൂട്ടോയിയും നാലുമക്കളും അരാരക്കുരയില്‍ നിന്ന് സാന്‍ ജോസിലേക്ക് യാത്ര തിരിക്കുന്നത്. 11 മാസം പ്രായമുള്ള ക്രിസ്റ്റിന്‍, നാലുവയസുകാരന്‍ ടിന്‍ നൊറില്‍, സോളേമി എന്ന ഒന്‍പതുകാരന്‍, ലെസ്ലി എന്ന പതിമൂന്നുകാരി എന്നിവരായിരുന്നു മഗ്‌ദെലനയ്‌ക്കൊപ്പമുണ്ടായിരുന്നത്. അരാരക്കുരയില്‍ നിന്ന് പുറപ്പെട്ട സെസ്ന 206 വിമാനത്തില്‍ ഇവര്‍ അഞ്ചുപേരും പൈലറ്റും കോപൈലറ്റുമടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്. യാത്ര 350 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും എന്‍ജിന്‍ തകരാര്‍ എന്ന പൈലറ്റിന്റെ മുന്നറിയിപ്പ് വന്നു. തൊട്ടുപിന്നാലെ വിമാനം റഡാറില്‍ നിന്നു അപ്രത്യക്ഷമായി. വിമാനത്തില്‍ നിന്നുള്ള വിവരങ്ങളും നിലച്ചു.
പിന്നീട് വിമാനത്തില്‍ നിന്നുള്ളവരെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ ആമസോണ്‍ വനത്തിനുള്ളില്‍ വിമാനം തകര്‍ന്നുവീണു എന്ന വിവരമാണ് ലഭിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ തന്നെ ഏറെ പണിപ്പെട്ടു. ഒരു വിമാനം തകര്‍ന്നാല്‍, അതും ആമസോണ്‍ വനത്തിനുള്ളില്‍ തകര്‍ന്നുവീണാല്‍ അതില്‍ ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുമെന്ന പ്രത്യാശ പോലും വെറുതേയാണ്. ഇത് തന്നെയാകും രക്ഷാദൗത്യത്തിന് പോയ സംഘത്തിന്റേയും മനസ്സിലുണ്ടായിരുന്നിരിക്കുക.
എന്നാല്‍, അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു ചാരക്കൂമ്പാരമായി മാറിയ വിമാനത്തില്‍ നിന്നും അവര്‍ അറിഞ്ഞത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ മഗ്‌ദെലനയുടേയും പൈലറ്റിന്റേയും കോ പൈലറ്റിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. പക്ഷെ, മഗ്‌ദെലനയുടെ നാല് മക്കളുടെ മൃതദേഹങ്ങള്‍ അവിടെയില്ല, ദൗത്യ സംഘം ചുറ്റുപാടെല്ലാം അരിച്ചുപെറുക്കിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
പിന്നീട് നടന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായിരുന്നു, ഒപ്പം ലോകം സാക്ഷിയായ ഏറ്റവും മനോഹരമായ അതിജീവന കഥയും. തിരച്ചിലിനൊടുവില്‍ കുട്ടികള്‍ അപകടത്തില്‍ മരിച്ചിട്ടില്ലെന്ന് ദൗത്യസംഘത്തിന് ഉറപ്പായി. പിന്നീട് അവരെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു... നാല്‍പ്പത് നാള്‍ നീണ്ടു നിന്ന മഹായജ്ഞം.
തിരച്ചിലില്‍ കുട്ടികള്‍ ജീവനോടെയുണ്ടെന്നതിന്റെ സൂചനകള്‍ കൊളംബിയന്‍ സംഘത്തിന് ലഭിച്ചുകൊണ്ടിരുന്നു, നിബിഡവനത്തിലെവിടെയോ തങ്ങളെ കാത്ത് അവര്‍ ഉണ്ടെന്ന പ്രതീക്ഷ ദൗത്യ സംഘത്തിന് ഊര്‍ജം പകര്‍ന്നിരിക്കണം. മേയ് 16-ന് രക്ഷാ ദൗത്യത്തിന് ഇറങ്ങിയ സൈന്യത്തിന്റെ നായയാണ് പതിനൊന്ന് മാസം പ്രായമുള്ള ക്രിസ്റ്റിന്റെ ഫീഡിങ് ബോട്ടില്‍ അപകടസ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തുന്നത്. ഇവിടെനിന്ന് രണ്ടര കിലോമീറ്റര്‍ അകലെ മരങ്ങള്‍ക്കിടയില്‍നിന്ന് ഒരു ജോഡി ഷൂസും ടവ്വലും സൈന്യം കണ്ടെത്തി.
തുടര്‍ന്നാണ് സൈനിക ജനറല്‍ പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തില്‍ 160 സൈനികര്‍ ചേര്‍ന്ന് ഓപ്പറേഷന്‍ ഹോപ്പ് തുടങ്ങുന്നത്. അതേ, പ്രതീക്ഷയുടെ തിരച്ചില്‍ തന്നെയായിരുന്നു അത്. ആദ്യഘട്ടത്തില്‍ ഗോത്രവിഭാഗക്കാരായ തദ്ദേശവാസികളും സൈന്യത്തിനൊപ്പം തിരച്ചിലിന് ഉണ്ടായിരുന്നു.
തിരിച്ചിലിനിടയില്‍ പലതരത്തിലുള്ള വെല്ലുവിളികളാണ് കൊളംബിയന്‍ സൈന്യം നേരിട്ടത്. അറിയുന്നതും അറിയാത്തതുമായ പലതരം ജീവികളില്‍ നിന്നുണ്ടായേക്കാവുന്ന വെല്ലുവിളി. നിര്‍ത്താതെ പെയ്യുന്ന മഴ, ഇതിനെല്ലാം പുറമേ, സായുധരായ മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യം. ഇതെല്ലാം നിറഞ്ഞതായിരുന്നു കുട്ടികള്‍ അകപ്പെട്ടിരിക്കാമെന്ന് കരുതുന്ന പ്രദേശം. ചിലയിടങ്ങളില്‍ മയക്കുമരുന്ന് മാഫിയകളുടെയും ഗറില്ലകളുടെയും ഒളിസങ്കേതങ്ങള്‍ സൈനികര്‍ തിരച്ചിലിനിടയില്‍ കണ്ടെത്തിയിരുന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ആ നാല് കുട്ടികളില്‍ ഒരാളെങ്കിലും ബാക്കിയുണ്ടാകുമോ എന്ന ആശങ്ക ഒരു വശത്ത്, ഇതേ വെല്ലുവിളികള്‍ തരണം ചെയ്ത് സംഘത്തിന് കുട്ടികളെ കണ്ടെത്താനാകുമോ എന്ന അനിശ്ചിതാവസ്ഥ മറ്റൊരു വശത്ത്...
പുറംലോകവുമായി ബന്ധമില്ലാതെ, ആവശ്യത്തിന് ഭക്ഷണവും അതിജീവനത്തിനായുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത നാല്‍പ്പത് ദിവസങ്ങള്‍.... ഈ നാല്‍പ്പത് ദിവസം ഈ നാല് കുട്ടികള്‍ എങ്ങനെ കഴിഞ്ഞു? പറയുമ്പോഴും കേള്‍ക്കുമ്പോഴും രക്തം ചൂടുപിടിക്കുന്ന ആ വിജയഗാഥ എങ്ങനെയായിരുന്നിരിക്കും?
കാടിനെ അറിഞ്ഞ് വളര്‍ന്ന മാതാപിതാക്കളില്‍ നിന്നും ലഭിച്ച അറിവായിരുന്നു ആ കുട്ടികളെ സംരക്ഷിച്ചത്. കാടിനെ അറിഞ്ഞും മനസ്സിലാക്കിയും വളര്‍ന്ന കുട്ടികളെ പ്രകൃതി തന്നെ സംരക്ഷിച്ചുവെന്ന് പറയാം. കൂട്ടത്തിലെ കുട്ടി ലെസ്ലിക്ക് വെറും പതിമൂന്ന് വയസ്സു മാത്രമാണ് പ്രായം. വിത്തുകളും വേരുകളും കായ്ക്കനികളും ഇലകളും കഴിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത് എന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡിജീനസ് പീപ്പിള്‍സ് ഓഫ് കൊളംബിയ പറയുന്നു.
കാട്ടിലെ കായ്ക്കനികളിലും വേരുകളിലും ഇലകളിലും ഭക്ഷ്യയോഗ്യമായവ ഏതെന്ന ഇവരുടെ അറിവാണ് അതിജീവനം സാധ്യമാക്കിയത്. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ മുതല്‍ മാതാപിതാക്കളില്‍ നിന്ന് പ്രകൃതിയെ അറിഞ്ഞ കുട്ടികളെ പ്രകൃതി ഗര്‍ഭപാത്രത്തിലെന്ന പോലെ സംരക്ഷിച്ചു. അതായിരുന്നു അവരുടെ അതിജീവനത്തിന്റെ രഹസ്യം. തകര്‍ന്ന വിമാനത്തില്‍ നിന്ന് ലഭിച്ച മരച്ചീനി പൊടിയും തിരച്ചിലിനായി നിയോഗിക്കപ്പെട്ട ഹെലികോപ്റ്ററുകളില്‍ നിന്ന്് താഴേക്ക് എറിഞ്ഞ് കൊടുത്ത ഭക്ഷണപൊതികളും കുട്ടികളുടെ അതിജീവനത്തിന് സഹായകമായി.
Also Read: ജുവാനിറ്റയുടെ കഥ അഥവാ സൂര്യന്റെ കന്യക
ആവശ്യത്തിനുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ച്, ഒരു സ്ഥലത്തു തന്നെ നിലയുറപ്പിക്കാതെ, ആ കുട്ടികള്‍ നാല്‍പ്പതു ദിവസം സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൗത്യസംഘം കുട്ടികളെ കണ്ടെത്തുമ്പോള്‍ ലെസ്ലി ഒരു വയസ്സ് തികയാത്ത സഹോദരനെ കയ്യില്‍ ചേര്‍ത്തുപിടിച്ചിരിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ നിലത്തു കിടക്കുന്നു. രക്ഷാ പ്രവര്‍ത്തകരെ കണ്ടതോടെ അവരുടെ അടുത്തേക്ക് ഓടിയെത്തിയ കുട്ടികള്‍ ആദ്യം പറഞ്ഞത് 'ഞങ്ങള്‍ക്ക് വിശക്കുന്നു', ഞങ്ങളുടെ അമ്മ മരിച്ചുപോയി എന്നായിരുന്നു.
രക്ഷാദൗത്യത്തിനിടയില്‍, കൊടും കാട്ടില്‍ കുട്ടികള്‍ ജീവനോടെയിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ് പലരും പാതി വഴിയില്‍ മടങ്ങി. എന്നാല്‍, സൈനിക ജനറലിന്റെ ഉറച്ച തീരുമാനവും പ്രതീക്ഷയുമാണ് ഓപ്പറേഷന്‍ ഹോപ്പ് വീണ്ടും മുന്നോട്ടുകൊണ്ടുപോയത്. കുട്ടികളെ കണ്ടെത്താനായി ദിവസങ്ങളോളം അവര്‍ കാട്ടിലൂടെ അലഞ്ഞു. ഒന്നോര്‍ത്തു നോക്കൂ, ആ കുട്ടികളോ, അവരെ തിരഞ്ഞിറങ്ങിയ ദൗത്യ സംഘമോ ആരെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ തങ്ങളുടെ പ്രതീക്ഷകളും നിശ്ചയദാര്‍ഢ്യവും കൈവിട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നിരിക്കും... ആമസോണ്‍ കാട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറംഗ സംഘം മരിച്ചു, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി എന്ന ചെറിയൊരു തലക്കെട്ടില്‍ ആ സംഭവം അവസാനിക്കുമായിരുന്നു, ആരും ആ കുട്ടികളെ കുറിച്ച് അറിയുമായിരുന്നില്ല.
മൂന്ന് കാര്യങ്ങളാണ് ആ കുട്ടികളുടെ ജീവന്‍ നിലനിര്‍ത്തിയതെന്നാണ് സൈനിക ജനറല്‍ പെഡ്രോ സാഞ്ചെസ് പറയുന്നത്, ഒന്നാമത്, ജീവന്‍ നിലനിര്‍ത്താനുള്ള ആ കുട്ടികളുടെ നിശ്ചയദാര്‍ഢ്യം. രണ്ടാമതായി ആ കുട്ടികള്‍ പ്രകൃതിയെ മനസ്സിലാക്കിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരാണെന്നത്. മൂന്നാമത്, അവര്‍ക്ക് കാടിനെ അറിയാം.
അതേ, സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്... പ്രകൃതിയും മനുഷ്യനും ഉണ്ടായ കാലം മുതലുള്ള പൊക്കിള്‍ക്കൊടി ബന്ധം ആ കുട്ടികളുടെ കുടുംബം അറുത്തുമാറ്റിയിരുന്നെങ്കില്‍ ഇങ്ങനെയൊരു തിരിച്ചുവരവ് ഒരിക്കലും സംഭവിക്കുമായിരുന്നില്ല. പ്രതീക്ഷയുടെ തിരച്ചില്‍ എന്നാണ് ദൗത്യസംഘം ഈ ഓപ്പറേഷന് പേരിട്ടത്, അതില്‍ പോലും പ്രകൃതിയുടെ അദൃശ്യ സാന്നിധ്യം അനുഭവിച്ചറിയാന്‍ സാധിക്കും. പ്രതീക്ഷയും നിശ്ചയദാര്‍ഢ്യവുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്ന പരമമായ സത്യമാണ് ആ കൊടും കാട്ടില്‍ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ നാല് കുട്ടികള്‍ ലോകത്തോട് പറഞ്ഞത്.