അധ്യാപകരുടെ ഇടയിലുള്ള വഴക്ക് കുട്ടികൾക്ക് മാനസികാഘാതം സൃഷ്ടിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.
പ്രതീകാത്മക ചിത്രം
കോട്ടയം പാലാ അന്തിനാട് ഗവൺമെൻ്റ് യുപി സ്കൂളിലെ അധ്യാപകർ തമ്മിലുള്ള ഭിന്നതയിൽ നടപടി. പ്രധാനാധ്യാപിക ഒഴികെ ഏഴ് അധ്യാപകരെ സ്ഥലം മാറ്റാൻ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. അധ്യാപകരുടെ ഇടയിലുള്ള വഴക്ക് കുട്ടികൾക്ക് മാനസികാഘാതം സൃഷ്ടിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സ്ഥലം മാറ്റം. അധ്യാപകർ വിദ്യാർഥികളുടെ മുന്നിൽവെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും പരസ്പര സഹകരണമില്ലാതെ, മത്സരബുദ്ധിയോടെ പ്രവർത്തിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അധ്യാപകരുടെ പെരുമാറ്റം സ്കൂളിൻ്റെ അക്കാദമിക് അന്തരീഷത്തെ തകർക്കുന്നതായും റിപ്പോർട്ടുണ്ട്. നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.
പ്രധാനാധ്യാപിക ഉൾപ്പെടെ ആകെ 8 അധ്യാപികമാരായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രധാനാധ്യാപികയുടെ നിർദേശങ്ങൾ മാനിക്കാതെ അധ്യാപകർ തമ്മിൽ സംഘർഷം തുടരുകയായിരുന്നു. ഇതോടെ പ്രധാനാധ്യാപിക രണ്ട് മാസം മുൻപ് അവധിയിൽ പോയി. പിന്നീട് സ്കൂളിൽ അവശേഷിച്ച ഏഴ് അധ്യാപകരെയാണ് ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്.