ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമത്തിൽ കൂടൽ സ്വദേശി തങ്കച്ചന് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ട കൂടലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിന് പിന്നാലെ നാട്ടുകാരനെയും ആക്രമിച്ചു. അക്രമത്തിനു പിന്നാലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമത്തിൽ കൂടൽ സ്വദേശി തങ്കച്ചന് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു പത്തനംതിട്ട കൂടൽ സ്വദേശിയായ തങ്കച്ചന് നേരെ ആക്രമണം ഉണ്ടായത്. ഒഡീഷാ സ്വദേശിയായ ജെയിൻ ആണ് ആക്രമിച്ചത്. ആക്രമണത്തിൽ തങ്കച്ചൻ്റെ തലയ്ക്കും കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ജെയിൻ തന്നെ ആക്രമിച്ചതെന്ന് തങ്കച്ചൻ പറയുന്നു.
തങ്കച്ചൻ്റെ വീടിനു സമീപമാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. ഇന്നലെ രാത്രി മുതൽ ഇവർ തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഇന്ന് പുലർച്ചെയും തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും സംഘർഷത്തിലേക്ക് എത്തുകയും ചെയ്തു. തങ്കച്ചനെ മർദിച്ച ഒഡീഷാ സ്വദേശി ജെയിന് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റു. ജെയിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ കൂടൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.