താളൂരിലെ ഹെലിപ്പാടില്‍ നിന്നും മീനങ്ങാടിയിലെ പൊതുയോഗ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കാത്തുനിന്നവരെ നേരില്‍ കണ്ട് സ്‌നേഹമറിയിച്ചായിരുന്നു പ്രിയങ്കയുടെ യാത്ര.
വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്വാതന്ത്ര്യ സമരം കാലം മുതലുള്ള വയനാട്ടുകാരുടെ ധൈര്യത്തെ പ്രിയങ്ക ഓര്‍മിച്ചു. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രിയങ്ക ഗാന്ധി വയനാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഉറപ്പുനല്‍കി. രണ്ടു ദിവസങ്ങളിലായുള്ള മണ്ഡല പര്യടനം നാളെയും തുടരും.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് പ്രിയങ്ക ഗാന്ധിക്കായി കാത്തുനിന്നത്. താളൂരിലെ ഹെലിപ്പാടില്‍ നിന്നും മീനങ്ങാടിയിലെ പൊതുയോഗ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കാത്തുനിന്നവരെ നേരില്‍ കണ്ട് സ്‌നേഹമറിയിച്ചായിരുന്നു പ്രിയങ്കയുടെ യാത്ര.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വയനാടിന്റെ ചരിത്രം എടുത്തുപ്പറഞ്ഞും വയനാട്ടുകാരുടെ ധൈര്യത്തെ പ്രശംസിച്ചു പ്രിയങ്ക ഗാന്ധി.. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാതെ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ചായിരുന്നു പ്രസംഗം.. ജനാധിപത്യം, സത്യം, ഭരണഘടന എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വയനാടും കൂടെ നില്‍ക്കണമെന്നും പ്രിയങ്ക പറഞ്ഞു.
പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും കര്‍ഷക പ്രശ്‌നവും തൊഴിലില്ലായ്മയും പ്രിയങ്ക അഭിസംബോധന ചെയ്തു. വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രിയങ്ക ആവര്‍ത്തിച്ചു. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി അതിനായി ഒരുപാട് പ്രവര്‍ത്തനം നടത്തിയെന്നും താനും അതിനായി ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
രാത്രിയാത്ര നിരോധനം, മനുഷ്യ വന്യജീവി സംഘര്‍ഷം, കാര്‍ഷിക ആദിവാസി മേഖലയിലെ വിഷയങ്ങള്‍ തുടങ്ങി വയനാട് ജില്ലയിലെ പ്രാദേശിക വിഷയങ്ങള്‍ അടക്കം ഉയര്‍ത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗം. രാഹുലിന്റെ വയനാട് നിന്നുള്ള പിന്മാറ്റം വൈകാരികമായിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും ഭരണഘടനക്കും വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ആ പോരാട്ടം നയിക്കുന്നത് രാഹുല്‍ ആണ്. തന്നോടൊപ്പം നിങ്ങള്‍ക്കും അതില്‍ ചുമതല ഉണ്ടെന്ന് പ്രിയങ്ക പറഞ്ഞുവെച്ചു.
മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചതെന്നും പ്രിയങ്ക ചോദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പ്രിയങ്ക സംസ്ഥാന സര്‍ക്കാരിനെതിരെ മൗനം പാലിച്ചു.
അതേസമയം, സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി പ്രിയങ്ക ഗാന്ധി. പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്നും തന്റെ പത്രിക സ്വീകരിച്ചതാണെന്നും പ്രിയങ്ക വ്യക്തമാക്കി. മുട്ടിലിലെ WMO കോളജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.