പാലക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 19 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്
പാലക്കാട് സ്വദേശിയായ യുവതിയിൽ നിന്നും വെർച്വൽ അറസ്റ്റ് എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി റിൻ്റു മെയ്തിയെയാണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പേരിൽ മുംബൈയിൽ നിന്നും തായ്‌വാനിലേക്ക് അയച്ച മയക്കുമരുന്ന്, ലാപ്ടോപ്, പാസ്പോർട് , തുണിത്തരങ്ങൾ എന്നിവ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു വെച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടന്നത്. മുംബൈ പൊലീസ്, സിബിഐ, ആര്‍ബിഐ തുടങ്ങിയ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വിളിച്ച പ്രതികൾ യുവതിയെ വെർച്വൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് . ആഗസ്റ്റ് 30 മുതൽ സെപ്തംബർ നാലു വരെ ഇവർ അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.
ALSO READ : പൊലീസ് ചമഞ്ഞ് വീഡിയോ കോൾ വഴി തട്ടിപ്പ്; ഫറോക്കിൽ ദമ്പതികൾക്ക് നഷ്ടമായത് 50,000 രൂപ
കേസിൽ നിന്നും ഒഴിവാക്കാൻ 19 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണം നൽകിയ യുവതി കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാലക്കാട് സൈബർ പൊലീസ് പ്രതികളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി റിൻ്റു മൊയ്തി അറസ്റ്റിലായത്. ഇയാൾ കോയമ്പത്തൂർ ചെട്ടിപ്പാളയത്ത് ചെരിപ്പു നിർമാണ കമ്പനി നടത്തുകയാണ്. പ്രതിയുടെ അക്കൗണ്ടാണ് തട്ടിപ്പിനുപയോഗിക്കുന്നത്. യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയവരെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതേയുള്ളു. വെർച്വൽ അറസ്റ്റ് എന്ന രീതി രാജ്യത്തില്ലായെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ആളുകൾ തട്ടിപ്പിനിരയാകുന്നത് തുടരുകയാണ്.