fbwpx
ഒടുവിൽ നിളയോട് ചേർന്ന് എംടി; ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Dec, 2024 12:07 PM

മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ വെച്ച് നടന്നു. മകൾ അശ്വതി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്

KERALA


മലയാള സാഹിത്യത്തിൻ്റെ കുലപതി എം.ടി. വാസുദേവൻ നായരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തു. മരണം നടന്ന് അഞ്ചാം ദിവസമാണ് ഇന്ന്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രം പടിഞ്ഞാറെക്കടവിൽ നടന്ന നിമജ്ജന ചടങ്ങിൽ മകൾ അശ്വതി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാവാമുകുന്ദ ക്ഷേത്ര ദേവസ്വം കർമി സി.പി. ഉണ്ണികൃഷ്ണൻ എളയതിൻ്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 16ാം ദിനമായ ജനുവരി 9ന് ക്ഷേത്രക്കടവിൽ തന്നെ അന്ത്യകർമങ്ങളും നടക്കും.


ക്രിസ്മസ് ദിനമായ ഡിസംബർ 25ന് രാത്രി 10 മണിയോടെയായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മലയാളത്തിന്റെ പ്രിയ കഥാകാരന്റ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസത്തോളം എം.ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

26ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് മലയാള സാഹിത്യത്തിലെ അതികായന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട എം.ടിയെ അവസാനമായി ഒരു നോക്കു കാണാന്‍ അന്ത്യയാത്രാ വഴിയില്‍ കാത്തു നിന്നിരുന്നത്. മലയാളികൾക്കും കേരളക്കരയ്ക്കും അത്രമേൽ പ്രിയപ്പെട്ട സാഹിത്യകാരനും സിനിമാ പ്രവർത്തകനുമായിരുന്നു അദ്ദേഹം.


ALSO READ: മലയാളികളുടെ സുകൃതം... എംടിയും മമ്മൂട്ടിയും ചേര്‍ന്നുണ്ടാക്കിയ രസതന്ത്രം


"അറിയാത്ത ആഴങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം" എന്ന എം.ടിയുടെ വാക്കുകള്‍ എത്രയോ തവണ എഴുത്തിടങ്ങളില്‍ ആവര്‍ത്തിച്ച് എഴുതപ്പെട്ടിരുന്നു. എം.ടിയുടെ അവസാന യാത്രയിലും നിള അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് പ്രിയപ്പെട്ട എം.ടിയെ നിളാ നദി ഇരു കയ്യും നീട്ടി ആവാഹിച്ചിരിക്കുകയാണ്. ഒരിക്കലുമൊടുങ്ങാത്ത ആത്മബന്ധമെന്ന പോലെ വള്ളുവനാടന്‍ കഥാകാരനും നിളയും ഇനി ഒന്നിച്ചൊഴുകും. മഹാസമുദ്രത്തിൽ ലയിക്കും വരെയും ഈ ഒഴുക്ക് അനസ്യൂതം തുടരുക തന്നെ ചെയ്യും.

എം.ടി. വാസുദേവന്‍‌ നായര്‍ എഴുതും വരെ നിള ഒരു നദി മാത്രമായിരുന്നു. നിളയെക്കുറിച്ച് എം.ടി എഴുതി തുടങ്ങിയതോടെയാണ് നിള മലയാളികളുടെ ഹൃദയത്തിലേക്കും മലയാളി സാഹിത്യ നഭസിലേക്കും വഴിമാറി ഒഴുകാന്‍ തുടങ്ങിയത്. നിളയെ തഴുകി വരുന്ന കാറ്റിനു പോലും എം.ടിയുടെ വള്ളുവനാടന്‍ സാഹിത്യ സുഗന്ധമാണെന്ന് മലയാളി പണ്ടേ തിരിച്ചറിഞ്ഞിരുന്നു. എം.ടിയുടെ വീട് നില്‍ക്കുന്ന കൂടല്ലൂരിന് മുന്നിലൂടെ.. അദ്ദേഹത്തിൻ്റെ ഓർമകളേയും വഹിച്ച് നിള തുടർന്നും ആഴത്തില്‍ പതഞ്ഞൊഴുകട്ടെ...


FOOTBALL
പൊരുതിത്തോറ്റു കേരളം; സന്തോഷ് ട്രോഫിയിൽ ബംഗാളിന് 33ാം കിരീടം
Also Read
user
Share This

Popular

WORLD
KERALA
WORLD
വെൽക്കം 2025, പുതുവർഷത്തെ ആദ്യം വരവേറ്റ് ലോകം; 2025ലേക്ക് ആദ്യമെത്തിയ രാജ്യങ്ങളും സമയക്രമവും