നികുതിപിരിവിൽ കൊല്ലം കോർപ്പറേഷൻ ഒത്താശ ചെയ്യുന്നുവെന്നും ആരോപണമുണ്ട്.
കൊല്ലം കോർപ്പറേഷനിൽ സിഐടിയു ഉൾപ്പടെ വമ്പന്മാർ നികുതിയടക്കുന്നില്ലെന്ന് കണ്ടെത്തൽ. ഏഴ് ലക്ഷത്തിലധികം രൂപയാണ് നികുതിയിനത്തിൽ സിഐടിയു അടയ്ക്കാനുള്ളത്. നികുതി വെട്ടിപ്പ് നടത്തുന്നവരിൽ എസ്‌പിഎം ഗ്രൂപ്പും, തോംസൺ ജോൺ മുത്തൂറ്റും ഉൾപ്പടെ മുപ്പതിലേറെ പേരുൾപ്പെടുന്നു. നികുതിപിരിവിൽ കൊല്ലം കോർപ്പറേഷൻ ഒത്താശ ചെയ്യുന്നുവെന്നും ആരോപണമുണ്ട്.
കോടികളുടേയും ലക്ഷങ്ങളുടെയും നികുതി കുടിശ്ശിക വരുത്തിയ വമ്പൻമാർ കൊല്ലം നഗരത്തിൽ തല ഉയർത്തി നിൽക്കുകയാണ്. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പണം ഖജനാവിലേക്ക് പിരിച്ച് നൽകാതെ അവരെ സഹായിക്കുകയാണ് കൊല്ലം കോർപ്പറേഷൻ.
ALSO READ: കഴിഞ്ഞ തിങ്കളാഴ്ച മാത്രം നേടിയത് 9.22 കോടി രൂപ; റെക്കോർഡ് നേട്ടത്തിൽ കെഎസ്ആർടിസി
സാമ്പത്തിക പ്രതിസന്ധിയിൽ തദ്ദേശ സ്ഥാപനങ്ങൾ ഞെരുങ്ങുമ്പോഴാണ് നികുതി പിരിവിൽ കൊല്ലം കോർപ്പറേഷനിൽ നടക്കുന്ന ഗുരുതര പിഴവിന്റെ വാർത്ത ന്യൂസ് മലയാളം പുറത്തുവിടുന്നത്. കൊല്ലം കോർപ്പറേഷനിൽ നടത്തിയ അന്വേഷണത്തിൽ വെളിവായത് കോടികളുടെ നികുതി വെട്ടിപ്പാണ്. അഞ്ച് ലക്ഷം മുതൽ ഒന്നര കോടിയോളം രൂപ നികുതി നൽകാത്തവരുടെ പട്ടിക ന്യൂസ് മലയാളത്തിന് ലഭിച്ചു.
മുപ്പതിലധികം പേരുടെ പട്ടികയാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. പട്ടികയിൽ കൊല്ലം ജില്ലാ ചുമട്ടുതൊഴിലാളി ആസ്ഥാനമായ സിഐടിയു ഭവനും ഉൾപ്പെടുന്നു. 2016 മുതലുള്ള നികുതിയിനത്തിൽ സിഐടിയു അടയ്ക്കാനുള്ളത് 730378 രൂപയാണ്.
1994 മുതൽ നികുതി കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങൾ പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ തുക നൽകാനുള്ള എസ്‌പിഎം ഗ്രൂപ്പിൻ്റെ കുടിശ്ശിക ഒരു കോടി 44 ലക്ഷം രൂപയാണ്. സിൽക്ക് വേൾഡ് നൽകാനുള്ളത് 31 ലക്ഷം രൂപ, ഹോട്ടൽ ഷാ ഇൻറർനാഷണൽ 15 ലക്ഷം, തോംസൺ ജോൺ മുത്തൂറ്റ് 15 ലക്ഷം, മതിലിലിലെ ഒരു ക്രിസ്ത്യൻ ദേവാലയം നൽകാനുള്ളത് 10 ലക്ഷം രൂപ, കിരൺ ഫർണീച്ചർ 8 ലക്ഷം, നഗരത്തിലെ രാമ വർമ്മ ക്ലബ് 69 ലക്ഷം... നികുതി നൽകാത്ത വമ്പന്മാരുടെ പട്ടിക നീളുകയാണ്. നികുതി പിരിക്കുന്നതിൽ കൊല്ലം കോർപ്പറേഷൻ കടുത്ത അനാസ്ഥ തുടരുന്നതായിട്ടാണ് കോർപ്പറേഷനിലെ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം. വമ്പന്മാർക്കായി കോർപ്പറേഷൻ ഒത്താശ ചെയ്യുന്നുവെന്നും ബിജെപി കൗൺസിലർ ഷൈലജ ആരോപിച്ചു.
നികുതി നൽകാത്തവരിൽ പലരുടെയും കേസുകൾ ഹൈക്കോടതിയിലെത്തി. രാമവർമ്മ ക്ലബ്, ലിറ്റി വിശ്വനാഥൻ തുടങ്ങിയവർ നികുതിയടവുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി നിയമപോരാട്ടത്തിലാണ്. ഇതിൽ ഇനിയും തീരുമാനമായിട്ടില്ല.