ഔദ്യോഗിക യാത്രയയപ്പ് നൽകാത്തതിൽ പരിഭവമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു
സംഭവ ബഹുലമായ ഭരണകാലയളവിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളം വിട്ടു. മലയാളത്തിൽ സംസാരിച്ചായിരുന്നു കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ്റെ മടക്കം. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ഗവർണർ പറഞ്ഞു. കേരളത്തിലുള്ളവർക്ക് നല്ലത് വരട്ടെ. എല്ലാവരെയും എന്നും ഓർക്കുമെന്നും ഔദ്യോഗിക യാത്രയയപ്പ് നൽകാത്തതിൽ പരിഭവമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
കേരള സർക്കാരുമായി പ്രശ്നമുണ്ടായത് സർവകലാശാല വിഷയങ്ങളിൽ മാത്രമാണെന്ന് ഗവർണർ പറയുന്നു. ജനക്ഷേമകരമായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിയട്ടെയെന്ന ആശംസയുമുണ്ടായിരുന്നു. എൻ്റെ പ്രവർത്തനരീതി മറ്റൊരാളുമായി ഞാൻ താരതമ്യം ചെയ്യുന്നില്ല. നമ്മുടെ രാജ്യം ദുഃഖാചരണത്തിലാണ്. അതിനാൽ ഔദ്യോഗിക യാത്രയയപ്പ് നൽകാത്തതിൽ പരിഭവമില്ല. അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
യാത്രയാവുന്ന ഗവർണർക്ക് റ്റാറ്റാ നൽകി വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ. തിരുവനന്തപുരം പേട്ടയിലാണ് എസ്എഫ്ഐയുടെ വ്യത്യസ്ത പ്രതിഷേധം. ഗവര്‍ണര്‍ സംഘപരിവാറിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിൻ്റെയും എസ്എഫ്ഐയുടെയും ആരോപണം.
12 മണിയോടെയാണ് ഗവർണർ രാജ്ഭവനിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് നേരെ ഡൽഹിയിലേക്ക് പോകും. സർക്കാരിൻ്റെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ വിടവാങ്ങൽ. അതേസമയം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ രാജ്ഭവനിലെത്തി ഇന്നലെ ഗവർണർക്ക് ഉപഹാരം നൽകിയിരുന്നു.
മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം കണക്കിലെടുത്ത് രാജ്ഭവനിലെ ജീവനക്കാർ ആരിഫ് മുഹമ്മദ് ഖാന് നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങും റദ്ദാക്കിയിരുന്നു. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകർ ജനുവരി രണ്ടിന് കേരള ഗവർണറായി ചുമതലയേൽക്കും.