ഉത്തര്‍പ്രദേശിലെ സംഭലിനെ വര്‍ഗീയ ഭൂമിയാക്കിയത് ഷാഹി ജമാ മസ്ജിദിന്റെ ചരിത്രം സംബന്ധിച്ച് ചില ഹിന്ദുസംഘടനകള്‍ ഉയര്‍ത്തിയ തര്‍ക്കമാണ്
കലാപാഗ്‌നിയില്‍ നീറുകയാണ് സംഭല്‍. സംഘര്‍ഷ മേഖല സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെട്ട കോണ്‍ഗ്രസ് സംഘം യുപി പൊലീസ് തടഞ്ഞത് കഴിഞ്ഞ ദിവസമാണ്. അഞ്ച് പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍, ജുഡീഷ്യല്‍ സമിതി തെളിവെടുപ്പ് നടത്തി. കലാപമുണ്ടാക്കാന്‍ ശ്രമിച്ച 400 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറയുന്നു. 32 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സംഭലിനെ വര്‍ഗീയ ഭൂമിയാക്കിയത് ഷാഹി ജമാ മസ്ജിദിന്റെ ചരിത്രം സംബന്ധിച്ച് ചില ഹിന്ദുസംഘടനകള്‍ ഉയര്‍ത്തിയ തര്‍ക്കമാണ്. മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ 1529 ല്‍ വിഷ്ണു ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചുവെന്നാണ് തീവ്ര ഹിന്ദുസംഘടനകളുടെ വാദം. ഷാഹി ജമാ മസ്ജിദ് ഭൂമിയില്‍ പുരാതന ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ എട്ട് പേര്‍ സംഭല്‍ ജില്ലാ കോടതിയില്‍ നവംബര്‍ 19 ന് സമര്‍പ്പിച്ച ഹര്‍ജി മുതലാണ് സംഘര്‍ഷം പുകഞ്ഞത്.
പള്ളിക്കുള്ളില്‍ ഹരിഹര്‍ മന്ദിറിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ജുമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുന്നെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഹര്‍ജി സമര്‍പ്പിച്ചയുടന്‍ തത്ക്ഷണം പരിഗണിക്കുകയായിരുന്നു കോടതി. ഇത് സംഭലിനെ അക്ഷരാത്ഥത്തില്‍ പൊള്ളിച്ചു. മാത്രമല്ല, മസ്ജിദ് കമ്മിറ്റിക്ക് നോട്ടിസ് പോലും അയക്കാതെ സര്‍വേയ്ക്ക് ഉത്തരവിട്ട് അഭിഭാഷക കമ്മീഷനെയും കോടതി നിയോഗിച്ചു. ആരാധനാലയ നിയമം നിലനില്‍ക്കെ തിടുക്കപ്പെട്ട് കേസ് പരിഗണിച്ച കോടതിയും ഇതോടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.
എന്നാല്‍ കോടതി നിയോഗിച്ച കമ്മീഷന്‍ കൃത്യം മൂന്ന് മണിക്കൂറുകള്‍ക്കിപ്പുറം മുന്നറിപ്പില്ലാതെ മസ്ജിദിലെത്തി സര്‍വേ നടത്തി. ഈ നടപടി പരിഭ്രാന്തിക്കും വിമര്‍ശനത്തിനും വഴിമരുന്നായി. മസ്ജിദിന്റെ ഭാഗം കേല്‍ക്കാതെയുള്ള കോടതി നടപടി ബാബരിയുടെ താഴികക്കുടം തകര്‍ത്ത സംഭവത്തെയാണ് ഓര്‍മിപ്പിക്കുന്നെന്നും ഓള്‍ ഇന്ത്യ മജ്‌സിലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. ആശങ്ക സൃഷ്ടിച്ച സംഭവമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ സര്‍വേ നടന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം ഷാഹി ജുമാ മസ്ജിദ് പരിസരത്ത് പൊലീസും അര്‍ധസൈനിക വിഭാഗവും ഉദ്യോഗസ്ഥരും എത്തുന്നു. സര്‍വേ നടത്താന്നെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നീടുണ്ടായതെല്ലാം കൈവിട്ട കളികളായിരുന്നു.
Also Read: ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവ്; കർസേവകർ ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 32 വർഷം
സര്‍വേയില്‍ പ്രതിഷേധിച്ച നാട്ടുക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നു. അഞ്ച് സംഭല്‍ നിവാസികള്‍ വെടിയേറ്റ് കൊല്ലപ്പെടുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷമായി. 60 ലധികം പൊലീസുകാര്‍ക്കും 100 ഓളം നാട്ടുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭല്‍ എംപിക്കും സമാജ് വാദി എംഎല്‍യുടെ മകനെതിരെയും ഉള്‍പ്പെടെ 2000 പേര്‍ക്കെതിരെ കേസെടുത്തു. പ്രദേശത്തെ ഇന്റര്‍നെറ്റ്, വാട്‌സ്ആപ്പ് സര്‍വീസുകള്‍ ജില്ലാ ഭരണകൂടം നിര്‍ത്തിവച്ചു. വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ളവര്‍ക്ക് മേഖലയില്‍ വിലക്കേര്‍പ്പെടുത്തി.
പൊലീസിന്റെ ഒത്താശയോടെ കലാപമുണ്ടാക്കിയത് യോഗി സര്‍ക്കാരാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. പൊലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ കൊല ചെയ്യുകയാണ് യുപി സര്‍ക്കാരെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. കോടതി നിര്‍ദേശിക്കാതെ സര്‍വേ നടത്താനെത്തിയ യുപി പൊലീസിന്റെ ചേതോവികാരത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലല്ലെന്നും പൊലീസ് വാദിച്ചു. കൊല്ലപ്പെട്ടവരുടെ മ്യതദേഹത്തില്‍ ബുള്ളറ്റുകള്‍ പതിച്ചിട്ടില്ലെന്നുമായിരുന്നു പെലീസിന്റെ അവകാശവാദം. സര്‍ക്കാരും പൊലീസിനൊപ്പം നിന്നു. എന്നാല്‍ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പു നല്‍കി യോഗി. എന്ത് വില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തുമെന്നും ഉപമുഖ്യമന്ത്രി ബ്രജേശ് പാഠകും പറഞ്ഞു.
പക്ഷേ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിലെത്തി. വിഷയത്തില്‍ കോടതി ഇടപ്പെട്ടു. ഷാഹി മസ്ജിദിന്റെ സര്‍വേ റിപ്പോര്‍ട്ട് തുറക്കരുതെന്നും മുദ്രവച്ച കവറില്‍ തന്നെ സൂക്ഷിക്കണമെന്നും കര്‍ശന നിര്‍ദേശം. അപ്പീലുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും മസ്ജിദ് ഭരണസമിതിയോട് നിര്‍ദേശിച്ചു. എന്നാല്‍ കലാപ അഗ്‌നി സംഭലില്‍ കെട്ടിരുന്നില്ല. ചെറിയൊരു പ്രകോപനം പോലും വലിയ വിപത്തുണ്ടാക്കുമെന്ന സ്ഥിതി തുടര്‍ന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്ര, കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭലിലേക്ക് തിരിച്ചത്.
ഗാസിപുരില്‍ വെച്ച് രാഹുലിന്റെ വാഹനം ബാരിക്കേഡുകളടക്കം വെച്ച് പൊലീസ് തടഞ്ഞു. രാഹുലും പ്രിയങ്കയും പൊലീസിനോട് സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി പിന്നാലെ സംഘര്‍ഷം. ഒടുവില്‍ സംഭല്‍ ജനതയോട് സംവദിക്കാനാകാതെ രാഹുലിന് മടങ്ങേണ്ടി വന്നു. ഇതോടെ സംഭല്‍ ഭൂമി വീണ്ടും ഭീതിയുടെ കൊടുമുടിയായി. പുറത്തിറങ്ങാനാകാതെയും പരാതികള്‍ ബോധിപ്പിക്കാന്‍ നിക്ഷപക്ഷമായ വേദിയില്ലാതെയും ജനത ഒറ്റപ്പെട്ടു. ഡിസംബര്‍ പത്ത് വരെ പ്രദേശത്ത് ആര്‍ക്കും പ്രവേശിക്കാനാകില്ല. പക്ഷേ അനിഷ്ട സംഭവങ്ങള്‍ ഇനിയും സംഭവിച്ചേക്കാമെന്ന പ്രതീതി സംഭലിന്റെ ഓരോ മണല്‍തരിയിലുമുണ്ട്.