ഹിലരി ക്ലിൻ്റനെ തോൽപിച്ച് 2016ൽ ട്രംപ് ഭരണത്തിലെത്തിയതിന് സമാനമായി കമലാ ഹാരിസിൻ്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്രയെ ട്രംപ് തടുക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്
47-ാമത് അമേരിക്കൻ പ്രസിഡൻ്റിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിനായി ട്രംപും കമലയും നേർക്കുനേർ കൊമ്പു കോർക്കുമ്പോൾ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. 1776ൽ ബ്രിട്ടണിൽ നിന്നു സ്വാതന്ത്ര്യം നേടിയ, ലോകത്തിലെ തന്നെ ഒന്നാം നമ്പറെന്ന് അവകാശപ്പെടുന്ന അമേരിക്കയ്ക്ക് ഇതുവരെ ഒരു വനിതാ പ്രസിഡൻ്റിനെ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ തെരഞ്ഞെടുപ്പിൽ ഇതിനൊരു മാറ്റമുണ്ടാകുമോ എന്നത് തന്നെയാണ് ലോകം വീക്ഷിക്കുന്നതും.
ഹിലരി ക്ലിൻ്റനെ തോൽപിച്ച് 2016ൽ ട്രംപ് ഭരണത്തിലെത്തിയതിന് സമാനമായി കമലാ ഹാരിസിൻ്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്രയെ ട്രംപ് തടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോപുലർ വോട്ടും ഇലക്ടറൽ കോളേജുമെല്ലാം ചേർന്ന് സങ്കീർണമായ ആ തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയെന്ന് പരിശോധിക്കാം.
ഇന്ത്യൻ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം സങ്കീർണതകൾ നിറഞ്ഞതാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. നാല് വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയിൽ, പ്രധാനമായും രണ്ട് രാഷ്ട്രീയ പാർട്ടികളാണുള്ളത്. പുരോഗമന കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന, കുടിയേറ്റത്തെയും അബോർഷൻ നിയമങ്ങളെയും പിന്തുണക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയും, പരമ്പരാഗത മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന കർക്കശ നിലപാടുകൾ വെച്ചുപുലർത്തുന്ന റിപ്പബ്ലിക്കൻ പാർട്ടിയും. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്നതാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രചരണം.
അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ വിവിധ ഘട്ടങ്ങളായി തിരിക്കാം. പ്രസിഡൻ്റ് സ്ഥാനാർഥിയെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തെരഞ്ഞെടുക്കുന്ന പ്രൈമറിയും കോക്കസും, സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നാഷണൽ കൺവെൻഷൻ, ശേഷം നവംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ച തെരഞ്ഞെടുപ്പും നടക്കുന്നു.
എന്താണ് പ്രൈമറിയും കോക്കസും
തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടമാണ് പ്രൈമറിയും കോക്കസും. തെരഞ്ഞെടുപ്പ് ദിനത്തിന് ആറോ ഏഴോ മാസം മുമ്പ് തന്നെ പ്രൈമറിയും കോക്കസും ആരംഭിക്കുന്നു. പ്രൈമറിയിൽ, പാർട്ടി അംഗങ്ങൾക്കിടയിൽ രഹസ്യ ബാലറ്റിലൂടെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും. കോക്കസും രഹസ്യ ബാലറ്റ് തന്നെയാണ്. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ചിലപ്പോൾ ഗ്രൂപ്പുകളായി തിരിഞ്ഞ് അവർ പിന്തുണക്കുന്നയാൾക്ക് വോട്ട് രേഖപ്പെടുത്തും.
അതായത് ഓരോ പാർട്ടിക്കാരനും പൊതു തെരഞ്ഞെടുപ്പിൽ തങ്ങളെ പ്രതിനിധീകരിക്കാനുള്ള സ്ഥാനാർഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണിത്. പ്രതിനിധികളിൽ നിന്ന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നയാൾ സ്ഥാനാർഥിയാകും. ഓരോ സംസ്ഥാനങ്ങൾക്കനുസരിച്ചാകും പ്രൈമറിയും കോക്കസും നടക്കുക. പ്രസിഡൻ്റ് സ്ഥാനാർഥി നിർണയത്തിലെ പ്രധാന ഘട്ടമാണിത്. 35 വയസ് പൂർത്തിയായ, അമേരിക്കൻ വംശജയോ വംശജനോ ആയ, 14 വർഷമായി അമേരിക്കയിൽ ജീവിക്കുന്ന ഒരു പൗരന് മാത്രമെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകു.
നാഷ്ണൽ കൺവെൻഷൻ
അടുത്ത ഘട്ടമാണ് നാഷണൽ കൺവെൻഷൻ. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നാഷണൽ കൺവെൻഷൻ്റെ അവസാന ദിവസമാകും പ്രസിഡൻ്റ് സ്ഥാനാർഥിയെ ഇരു പാർട്ടികളും ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേ വേദിയിൽ വെച്ച് തന്നെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടാകും. പിന്നീട് ഇരു പാർട്ടികളും റാലികളും ഫണ്ട് റെയ്സിങ്ങുമായി പ്രചരണം കൊഴുപ്പിക്കുന്നു. നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇത്ര ലളിതമാണോ തിരഞ്ഞെടുപ്പ്?
അല്ല എന്നാണ് ഉത്തരം. അമേരിക്കയിൽ ജനപ്രതിനിധി സഭയും സെനറ്റും ചേർന്നതാണ് യുഎസ് കോൺഗ്രസ്. 435 എംപിമാരുള്ള ജനപ്രതിനിധി സഭ ഇന്ത്യയിലെ ലോക്സഭയ്ക്കും, 100 എംപിമാരുള്ള സെനറ്റ് ഇന്ത്യയിലെ രാജ്യസഭയ്ക്കും സമാനമാണ്. രാജ്യത്തിൻ്റെ പൂർണ അധികാരം പ്രസിഡൻ്റിൽ നിക്ഷിപ്തവുമാണ്. അമേരിക്കയിലെ ഇലക്ടറൽ കോളേജ് സംവിധാനമാണ് തെരഞ്ഞെടുപ്പിനെ സങ്കീർണമാക്കുന്നത്.
ALSO READ: കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ഗ്രേറ്റ് ക്വസ്റ്റ്യൻ'
അമേരിക്കയിൽ ആകെ 538 ഇലക്ടറൽ കോളേജ് അംഗങ്ങളെയാണ് അനുവദിച്ചിട്ടുള്ളത്. ഓരോ സ്റ്റേറ്റുകളിലെയും ജനസംഖ്യ അനുസരിച്ചാണ് ഈ അംഗസംഖ്യ തീരുമാനിക്കുന്നത്. വാഷിങ്ടൺ ഡിസിക്ക് മൂന്ന് ഇലക്ടറൽ കോളേജും മൈൻ, നെബ്രാസ്ക സ്റ്റേറ്റുകളിൽ ലഭിക്കുന്ന വോട്ടിന് ആനുപാതികമായി ഇലക്ടറൽമാരെ വീതിക്കുന്ന സമ്പ്രദായവുമാണ് നിലനിൽക്കുന്നത്. അമേരിക്കയിലെ 538 ഇലക്ടറൽ കോളേജിൽ 270 വോട്ട് കിട്ടുന്നയാൾ അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടും.
തെരഞ്ഞെടുപ്പ് ദിവസത്തിന് മാസങ്ങൾക്ക് മുന്നോടിയായി തന്നെ അമേരിക്കയിൽ ജനം വോട്ട് രേഖപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിലെത്തി മുൻകൂർ വോട്ടിലൂടെയും തപാൽ വോട്ടിലൂടെയും അമേരിക്കയിലെ മൂന്നിലൊന്ന് ജനതയും വോട്ട് ചെയ്തിട്ടുണ്ടാകും. തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിക്ക് നേരിട്ടാണ് വോട്ട് ചെയ്യുക. എന്നാൽ ഓരോ സ്റ്റേറ്റിലും ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിക്ക് സംസ്ഥാനത്തെ മൊത്തം ഇലക്ടറൽ കോളേജും ലഭിക്കും.
ALSO READ: അമേരിക്കയിലെ കറുത്തവംശജർക്ക് പറയാനുണ്ട്, തെരഞ്ഞെടുപ്പ് ചരിത്രത്തിൻ്റെ നീണ്ട കഥ!
അമേരിക്കയിലെ 50 സ്റ്റേറ്റുകളിലെ 43 സ്റ്റേറ്റുകൾ പരമ്പരാഗതമായി ഒരു പക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. ബാക്കിയുള്ള 7 സ്റ്റേറ്റുകളിൽ സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടും ഇലക്ടറൽ കോളേജുമാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്. ഈ സ്റ്റേറ്റുകളെയാണ് സ്വിങ് സ്റ്റേറ്റുകൾ എന്നുവിളിക്കുന്നത്. അതിനാൽ തന്നെ പെൻസിൽവാനിയ, വിസ്കോൻസിൽ, നോർത്ത് കരോലീന, ജോർജിയ, മിഷിഗൺ, അരിസോണ, നവാഡ തുടങ്ങിയ സ്റ്റേറ്റുകളിലാകും പ്രസിഡൻ്റ് സ്ഥാനാർഥികൾ കൂടുതലായും സന്ദർശിക്കുകയും പ്രചരണം നടത്തുകയും ചെയ്യുക. അമേരിക്കയിൽ ജനങ്ങളുടെ പോപ്പുലർ വോട്ടിൽ മുന്നിലെത്തിയാലും ഇലക്ടറൽ കോളേജിൽ മുന്നിലെത്തുന്ന സ്ഥാനാർഥിയാകും വിജയിക്കുക. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ജനപ്രതിനിധി സഭ, പ്രസിഡൻ്റിനെയും സെനറ്റ്, വൈസ് പ്രസിഡൻ്റിനെയും തെരഞ്ഞെടുക്കും.